വിവാഹം നടക്കുമോ എന്നായിരുന്നു അമ്മയുടെ പേടി; ദൈവ നിയോഗം പോലെയാണ് എല്ലാം സംഭവിച്ചത്; കാവ്യയുടെ വാക്കുകൾ
മലയാള സിനിമയിലെ മുഖശ്രീയായാണ് ഒരു കാലത്ത് കാവ്യ മാധവൻ അറിയപ്പെട്ടത്. രണ്ടായിരത്തിന്റെ തുടക്ക വർഷങ്ങളിൽ മോളിവുഡിൽ തിരക്കേറിയ നടിയായിരുന്ന കാവ്യ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. സമകാലീനരായ പല നടിമാരും തമിഴിലേക്കും തെലുങ്കിലേക്കും ശ്രദ്ധ കൊടുത്തപ്പോൾ കാവ്യ മലയാള സിനിമാ രംഗത്ത് തന്നെ തുടർന്നു. 2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു സിനിമയിലെ നായകൻ.
ദിലീപ് കാവ്യയുടെ ജീവിത പങ്കാളിയുമായി. അടുത്തിടെയാണ് സോഷ്യൽ മീഡിയയിലേക്ക് കാവ്യ കടന്ന് വന്നത്. കുടുംബ ജീവിതത്തിനാണ് കാവ്യ ഇന്ന് പ്രാധാന്യം നൽകുന്നത്. എങ്കിലും പ്രിയ നടി തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ബാലതാരമായാണ് കാവ്യ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയുമായി. പിന്നീടങ്ങോട്ട് കാവ്യയുടെ ജൈത്ര യാത്രയായിരുന്നു.

നീലേശ്വരത്ത് ജനിച്ച് വളർന്ന നാട്ടിൻപുറത്തുകാരിയായ കാവ്യ സിനിമാ രംഗത്തേക്ക് കടന്ന് വരണമെന്ന് സ്വപ്നം കണ്ടിരുന്നില്ല. ഇതേക്കുറിച്ച് ഒരിക്കൽ നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ സിനിമാ രംഗത്തേക്ക് വരാൻ കാരണം അച്ഛനാണെന്ന് അന്ന് കാവ്യ മാധവൻ വ്യക്തമാക്കി. ബാലതാരമായി വന്ന ശേഷം നായികയായി അഭിനയിപ്പിക്കണം എന്ന് അച്ഛന്റെ മാത്രം ആഗ്രഹമായിരുന്നു. അമ്മയോ സഹോദരനോ മറ്റ് ബന്ധുക്കളോ ഒന്നുമത് ആഗ്രഹിച്ചിട്ടില്ല.
കാരണം അവരെ സംബന്ധിച്ചിടത്തോളം പെൺകുട്ടിയെ ഡിഗ്രി വരെ പഠിപ്പിച്ച് കല്യാണം കഴിപ്പിച്ച് അയക്കുക. ഇത് മാത്രമായിരുന്നു അവരുടെ ഏറ്റവും വലിയ ആഗ്രഹം. എന്റെ അമ്മ പതിനേഴ് വയസിൽ കല്യാണം കഴിച്ച ആളാണ്. എന്നെ പതിനെട്ട് വയസാകുമ്പോഴേക്കും കല്യാണം കഴിക്കിപ്പിക്കണം എന്നായിരുന്നു.

സിനിമയിലേക്ക് വരുന്നത് ഉൾക്കൊള്ളാൻ അമ്മയ്ക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു. പിന്നീട് ബാലതാരമായി അഭിനയിക്കുമ്പോൾ തന്നെ നായികയായി വിടാൻ താൽപര്യമില്ല ബാലതാരമായേ അഭിനയിപ്പിക്കൂ എന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്, നിങ്ങൾക്ക് എന്തെങ്കിലും മോശം അനുഭവം സിനിമയിൽ നിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് ആൾക്കാർ അമ്മയോട് ചോദിക്കും. ഇല്ലെന്ന് അമ്മ പറയും. സിനിമയിൽ അഭിനയിച്ചാൽ കല്യാണം കഴിയാനൊക്കെ ബുദ്ധിമുട്ടാവില്ലേ എന്നൊക്കെയാണ് അമ്മ പറഞ്ഞത്.
നിങ്ങൾ എവിടെ പോയാലും നിങ്ങൾ ഒരാളോട് എങ്ങനെ പെരുമാറുന്നോ അത് പോലെ മാത്രമേ തിരിച്ച് നിങ്ങളുടെയടുത്ത് പെരുമാറൂ. സിനിമ മോശമാണെന്ന് പറഞ്ഞ് നിങ്ങളുടെ കുട്ടിയെ അഭിനയിപ്പിക്കാതിരിക്കരുതെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് ശരിയാണല്ലോ എന്ന് തോന്നി. ഭാവിയിലേക്കുള്ള നായികയാണെന്ന് ലോഹിയങ്കിൾ എപ്പോഴും പറയുമായിരുന്നെന്നും കാവ്യ ഓർത്തു.
ദൈവ നിയോഗം പോലെയാണ് എല്ലാം സംഭവിച്ചത്. അവസാനം അമ്മയുടെ മനസ് മാറി. 9ാം ക്ലാസിൽ പഠിക്കുമ്പോഴേ താൻ നായികയായി തുടക്കം കുറിച്ചെന്നും കാവ്യ മാധവൻ അന്ന് ചൂണ്ടിക്കാട്ടി. മനോരമ ഓൺലെെനിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ദിലീപിനൊപ്പം പൊതു ചടങ്ങുകളിൽ എത്തുന്ന കാവ്യ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.


Click it and Unblock the Notifications