കാവ്യയെ പറഞ്ഞപ്പോൾ അച്ഛൻ തല്ലി; പൃഥിയും ഇന്ദ്രനും ജയസൂര്യയും ഇടപെട്ട സംഭവം; ക്ലാസ്മേറ്റ്സ് സെറ്റിൽ നടന്നത്
മലയാള സിനിമാ രംഗത്ത് ലാൽ ജോസെന്ന സംവിധായകനെ അടയാളപ്പെടുത്തിയ നിരവധി സിനിമകളുണ്ട്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാൽ ജോസിന്റെ സംവിധായകനായുള്ള വളർച്ച ആദ്യം മുൻ കൂട്ടി കണ്ടവരിൽ ഒരാൾ നടൻ മമ്മൂട്ടിയാണ്. ലാൽ ജോസ് ആദ്യം സംവിധാനം ചെയ്യുന്ന സിനിമയിൽ തന്നെ നായകനാക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടതും ഇക്കാരണത്താലാണ്. മമ്മൂട്ടിയുടെ ധാരണ ശരിയാണെന്ന് തെളിയിച്ച് കൊണ്ട് ലാൽ ജോസ് മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായി വളർന്നു.
മീശ മാധവൻ, അറബിക്കഥ, ക്ലാസ്മേറ്റ്സ് തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ ലാൽ ജോസ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു. സംവിധായകന്റെ കരിയറിൽ അടയാളപ്പെടുത്തപ്പെട്ട സിനിമയാണ് 2006 ൽ റിലീസ് ചെയ്ത ക്ലാസ്മേറ്റ്സ്. പൃഥിരാജ്, കാവ്യ മാധവൻ, ഇന്ദ്രജിത്ത്, ജയസൂര്യ, നരേൻ, രാധിക തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമ ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ചയാകാറുണ്ട്. ക്ലാസ്മേറ്റ്സ് ഷൂട്ടിംഗിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്.

സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിലാണ് സംവിധായകൻ മനസ് തുറന്നത്. കോളേജിലെ ഷൂട്ടിംഗിനിടെ സെറ്റിൽ വന്ന ചിലർ പ്രശ്നമുണ്ടാക്കിയിരുന്നെന്ന് ലാൽ ജോസ് പറയുന്നു. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി കോട്ടയത്തെ പരിസരത്തുള്ള ട്യൂട്ടോറിയൽ കോളേജിലെയും മറ്റും വിദ്യാർത്ഥികളെ അഭിനയിപ്പിച്ചിട്ടുണ്ട്. എഴുനൂറോളം പിള്ളേരിൽ അമ്പത് പേരോളം മാത്രമാണ് ജൂനിയർ ആർട്ടിസ്റ്റുകൾ. ബാക്കി എല്ലാവരും യഥാർത്ഥ വിദ്യാർത്ഥികളാണ്.
ഷൂട്ടിംഗ് നടക്കുന്ന ഒരു ദിവസം പുറത്ത് നിന്ന് കുറച്ച് പേർ വന്നു. കോളേജിലെ മുൻ വിദ്യാർത്ഥികളാണെന്ന് പറയുന്നു. അവർ സെറ്റിൽ വന്ന് ഭയങ്കര ബഹളം. അടുത്തുള്ള ബാറിൽ നിന്നും മദ്യപിച്ച് വന്ന് അഭിനയിക്കുന്ന പെൺകുട്ടികളെ പച്ചത്തെറി വിളിക്കുന്നു. ഇന്ദ്രനും പൃഥിരാജും ജയസൂര്യയും ഒക്കെ ബഹളമുണ്ടാക്കിയവരുമായി ഉന്തും തള്ളുമായി. കാവ്യയെ എന്തോ പറഞ്ഞയാളെ അച്ഛൻ അടിക്കുകയോ പിടിച്ച് തള്ളുകയോ ചെയ്തെന്നും ലാൽ ജോസ് ഓർക്കുന്നു.

പിന്നെ അവിടെ ഭയങ്കര ബഹളമായി. കോളേജിലെ ഷൂട്ട് കഴിഞ്ഞ് ഹോസ്റ്റലിൽ ഷൂട്ട് ചെയ്യുമ്പോൾ ക്യാമറയുടെ തൊട്ടടുത്ത് ഒരുത്തൻ നിൽക്കുന്നു. നല്ല മദ്യത്തിന്റെ മണം ഉണ്ട്. കോളേജിൽ ഉന്തും തള്ളും ഉണ്ടാക്കിയ ആളാണ് വന്നിരിക്കുന്നത്. അവൻ കൈ പിറകിലേക്ക് മറച്ച് പിടിച്ചിട്ടുണ്ട്. എന്താണ് അവന്റെ കൈയിൽ എന്ന് നോക്കിയപ്പോൾ കരിങ്കല്ലിന്റെ കഷ്ണമാണ്. ഞാൻ യൂണിറ്റിലുള്ള ആളുകളോട് അലെർട്ട് ആകാൻ പറഞ്ഞു.
വിദ്യാർത്ഥികളെ ജൂനിയർ ആർട്ടിസ്റ്റുകളായി എത്തിക്കാൻ സഹായിച്ച പാർട്ടി ഓഫീസിലേക്കും പൊലീസ് സ്റ്റേഷനിലേക്കും വിളിക്കാൻ പ്രൊഡക്ഷനിൽ പറഞ്ഞു. കല്ലെടുത്ത് നിന്നയാൾ വയലന്റായി. പുറത്ത് ഇവരുടെ ആളുകൾ കല്ലും വടിയുമായുണ്ട്. അപ്പോഴേക്കും പാർട്ടി ഓഫീസിൽ നിന്ന് ആളുകൾ വന്നു. എല്ലാവരും കൂടി ഇവൻമാരെ അടിച്ചോടിച്ചു. പൊലീസ് എത്തി ഇവരെ പിടികൂടിയെന്നും ലാൽ ജോസ് ഓർത്തു. പ്രതിസന്ധികൾ തരണം ചെയ്ത് ഷൂട്ട് ചെയ്ത ക്ലാസ്മേറ്റ്സ് റിലീസ് ചെയ്തപ്പോൾ വൻ വരവേൽപ്പാണ് ലഭിച്ചത്.
150 ദിവസം സിനിമ തിയറ്ററിൽ പ്രദർശിപ്പിച്ചു. 2006 ൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ സിനിമയെന്ന നേട്ടവും ക്ലാസ്മേറ്റ്സ് സ്വന്തമാക്കി. തമിഴ്, തെലുങ്ക് മറാത്ത ഭാഷകളിലേക്ക് ക്ലാസ്മേറ്റ്സ് റീമേക്ക് ചെയ്തിട്ടുണ്ട്. 'നിനൈത്താലെ ഇനിക്കും' എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്ത ചിത്രത്തിൽ പൃഥിരാജ് തന്നെയാണ് നായകനായത്. നായികയായി പ്രിയാമണി അഭിനയിച്ചു.


Click it and Unblock the Notifications











