'സുകുമാരി ചേച്ചി കാരണം ഒരു നിർമാതാവിനും ടെൻഷനുണ്ടാവില്ല'; നടി സഹായികളെ വെക്കാഞ്ഞതിന് കാരണം
മലയാളം, തമിഴ് സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന നടിയാണ് സുകുമാരി. ഒട്ടനവധി ഭാഷകളിൽ അഭിനയിച്ച സുകുമാരിക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കരിയറിന് വേണ്ടി ജീവിച്ച കലാകാരിയാണ് സുകുമാരി സിനിമാ ലോകത്ത് അറിയപ്പെടുന്നത്. ഭർത്താവ് ഭീം സിംഗ് മരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ അഭിനയിക്കാൻ നടി വീണ്ടുമെത്തി.

ആരെയും ആശ്രയിക്കാതെ മകനെ വളർത്താൻ വേണ്ടിയാണ് അത്തരമൊരു തീരുമാനമെടുത്തതെന്ന് സുകുമാരി പിന്നീട് വ്യക്തമാക്കിയിരുന്നു. തുടക്ക കാലത്ത് നായികയായി അഭിനയിച്ച സുകുമാരി പെട്ടെന്ന് തന്നെ ക്യാരക്ടർ റോളുകൾ ചെയ്ത് തുടങ്ങി. അതിനാൽ തന്നെ ദീർഘ കാലം ചെറുതും വലുതുമായ വേഷങ്ങളിലൂടെ സുകുമാരിക്ക് കരിയറിൽ തുടരാൻ കഴിഞ്ഞു.

2013 ലാണ് സുകുമാരി മരിക്കുന്നത്. ചെന്നെെയിൽ വെച്ചായിരുന്നു മരണം. പൂജാ മുറിയിൽ നിന്ന് തീപൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് സുകുമാരി മരണപ്പെടുന്നത്.
കേരളത്തിലെ പോലെ തന്നെ തമിഴ്നാട്ടിലും വളരെ പ്രശസ്തനായതിനാൽ സുകുമാരിയുടെ മരണം വലിയ വാർത്തയായി. സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദം സുകുമാരിക്കുണ്ടായിരുന്നു.
അമ്മയായും സഹോദരിയായും സുകുമാരിയെ നിരവധി പേർ കണ്ടു, സുകുമാരിയെക്കുറിച്ച് മുമ്പൊരിക്കൽ നിർമാതാവ് കിരീടം ഉണ്ണി സംസാരിച്ചിരുന്നു. സുകുമാരി മുഖ്യാതിഥിയായ അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിലാണ് കിരീടം ഉണ്ണി സംസാരിച്ചത്.

'എന്റെ ഒന്നോ രണ്ടോ സിനിമകളിലൊഴിച്ച് ബാക്കി എല്ലാത്തിലും ചേച്ചിയുണ്ട്. ആധാരത്തിലാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ചേച്ചിയെ വെച്ച് ഒരു സിനിമ നിർമ്മിക്കുകയെന്നത് ഒരു നിർമാതാവിനും ടെൻഷനുണ്ടാക്കുന്നതല്ല. ഏത് സെറ്റിൽ നിന്നായാലും ശരി പറഞ്ഞ സമയത്ത് അവിടെ എത്തിയിട്ടുണ്ടാവും'
'ബാക്കിയുള്ള കാര്യങ്ങളെല്ലാം ഫൈനലൈസ് ചെയ്ത്, ഏതൊക്കെ എടുക്കാൻ പറ്റുമെന്ന് നോക്കി ഡയരക്ടറുമായും പ്രൊഡ്യൂസറുമായും സംസാരിക്കും. ചേച്ചി വരുന്നതും പോവുന്നതും സെറ്റിലെ ഡയരക്ടർക്കോ ബാക്കിയുള്ളവർക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. അത്ര പെർഫെക്ട് ആയി മാനേജ് ചെയ്യും,' കിരീടം ഉണ്ണി പറഞ്ഞതിങ്ങനെ.

ചേച്ചിക്ക് അങ്ങോട്ട് കൊടുക്കുന്ന ബഹുമാനത്തേക്കാൾ തിരിച്ച് ഇങ്ങോട്ട് തരും. അത് സാധാരണ ആരിലും കാണാത്തതാണ്. പ്രൊഡക്ഷൻ ബോയ്സിന്റെ കൂടെയിരുന്ന് അവർക്ക് വിളമ്പിക്കാെടുക്കാനും അവരുടെ കാര്യങ്ങൾ നോക്കാനുമുണ്ടാവും.
ഇതിനെല്ലാത്തിലും ഓടി നടക്കും. തിരുവനന്തപുരത്തും പാെള്ളാച്ചിയിലുമായി ഓടി നടന്ന് എങ്ങനെയാണ് സുകുമാരി ചേച്ചി അഭിനയിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടെന്നും കിരീടം ഉണ്ണി പറഞ്ഞു. അസിസ്റ്റന്റുകളെ വെക്കാത്തതിന് കാരണമെന്തെന്നും സുകുമാരി അന്ന് വ്യക്തമാക്കി.

'എന്റെ ജോലി ഞാൻ ചെയ്യുന്നു. അതൊരാളെക്കൊണ്ട് പറഞ്ഞ് ചെയ്യിക്കുകയെന്നത് അതിനേക്കാളും സ്ട്രെയ്നാണ്. നമ്മൾ ചെയ്യുന്നതാണ് എളുപ്പം. എന്തെങ്കിലും ജോലി ചെയ്യുമ്പോൾ കുറച്ച് ആരോഗ്യത്തോടെയിരിക്കാം,' സുകുമാരി പറഞ്ഞതിങ്ങനെ. 2011 ൽ ഗ്രാമം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം സുകുമാരിക്ക് ലഭിച്ചിട്ടുണ്ട്.
2003 ൽ പദ്മശ്രീ പുരസ്കാരവും സുകുമാരിയെ തേടിയെത്തി. സുകുമാരി, കെപിഎസി ലളിത, നെടുമുടി വേണു, തിലകൻ തുടങ്ങിയ പ്രതിഭകൾ മലയാളം സിനിമകളിൽ നിറഞ്ഞ് നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
എന്നാൽ ഈ മൂന്ന് പേരും ഇന്ന് ലോകത്തോട് വിടപറഞ്ഞു. സിനിമാ ലോകത്ത് ഇപ്പോഴും ഇവരുടെ അസാന്നിധ്യം ചർച്ചയാവാറുണ്ട്.


Click it and Unblock the Notifications











