കോക്കസ് ഇല്ല; എനിക്ക് പാര വെച്ചവരുണ്ട്; അവസരങ്ങൾ നഷ്‍ടപ്പെട്ടതിനെക്കുറിച്ച് കൊല്ലം തുളസി പറഞ്ഞത്
ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ നടനാണ് കൊല്ലം തുളസി. ഒരു കാലത്ത് സിനിമാ രംഗത്ത് ഇദ്ദേഹം സജീവമായിരുന്നു. സർക്കാർ ജീവനക്കാരനായിരുന്ന കൊല്ലം തുളസി പിന്നീട് അഭിനയ രംഗത്തേക്ക് കടന്ന് വരികയായിരുന്നു. ലേലം ഉൾപ്പെടെയുള്ള സിനിമകളിൽ കൊല്ലം തുളസി ചെയ്ത വേഷം ഇന്നും പ്രേക്ഷകർ ഓർക്കുന്നു. എന്നാൽ ഒരു ഘട്ടത്തിൽ സിനിമാ, സീരിയൽ രംഗത്ത് കൊല്ലം തുളസിക്ക് കാര്യമായ അവസരങ്ങൾ ലഭിക്കാതായി. സിനിമാ രംഗത്ത് അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് മുമ്പൊരിക്കൽ കൊല്ലം തുളസി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പ്രധാന കാരണം എനിക്ക് കോക്കസ് ഒന്നും ഇല്ല. എന്നെ സിനിമയിൽ ഇൻഡ്രഡ്യൂസ് ചെയ്ത് വലുതാക്കണം എന്ന് ആഗ്രഹിച്ചവരില്ല. നേരെ മറിച്ച് കുശുമ്പുള്ളവരുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ എന്തിനാണ് അഭിനയിക്കാൻ വരുന്നതെന്ന് പറഞ്ഞതും എന്നെ ഒഴിവാക്കിയ സംഭവങ്ങളുമുണ്ട്. അത്തരം പാരകൾ വെച്ചവരുണ്ട്. അവരൊന്നും ഇപ്പോഴില്ല. അക്കാര്യത്തിലൊക്കെ ശുദ്ധമായ നിലപാടാണ് എനിക്കുള്ളത്. ഓരോരുത്തർക്ക് വിധിച്ചിട്ടുള്ളത് വിധിപോലെ കിട്ടും. നമുക്കത് വിധിച്ചില്ല എന്ന് മാത്രമേ ഞാൻ കണക്കാക്കാറുള്ളൂ.

പല വേഷങ്ങളും പുതിയ ആളുകൾക്ക് പോയിട്ടുണ്ട്. അതൊന്നും ഞാൻ വിഷയമാക്കാറില്ല. അതേക്കുറിച്ച് പരാതിയോ പരിഭവമോ ഇല്ലെന്നും കൊല്ലം തുളസി അന്ന് വ്യക്തമാക്കി. പ്രമുഖ നടൻമാർക്കൊപ്പമുള്ള അനുഭവവും കൊല്ലം തുളസി പങ്കുവെച്ചു. മമ്മൂട്ടി പാവമാണെങ്കിലും തലക്കനമുള്ളയാളാണ്. മോഹൻലാൽ കുറച്ച് കൂടി ഫ്ലെക്സിബിളാണ്. സുഖിപ്പിക്കലാണെന്ന് നമുക്ക് തോന്നും. ആ തോന്നിപ്പിക്കലാണ് പുള്ളിയുടെ കഴിവ്. മമ്മൂട്ടിക്ക് അതില്ല. ജയറാം അന്നും ഇന്നും നമ്മളെ കണ്ടാൽ സ്നേഹവും ബഹുമാനവും തരും. ദിലീപിനും കണ്ടാൽ സ്നേഹമുണ്ടെന്നും കൊല്ലം തുളസി അന്ന് വ്യക്തമാക്കി.
മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളും കൊല്ലം തുളസിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഭാര്യയും മകളും തന്നെ ഉപേകഷിച്ച് പോയെന്നാണ് നടൻ പറയുന്നത്. ഇതിനിടെ കാൻസർ രോഗവും ബാധിച്ചു. ഇതേക്കുറിച്ച് മുമ്പൊരിക്കൽ നടൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഭാര്യയും മകളും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. അസുഖം വന്നപ്പോൾ വല്ലതും സംഭവിക്കുമോ എന്നാണ് ചോദിച്ചത്. സംഭവിച്ചാൽ വന്ന് കണ്ട് പോകാമല്ലോ. ഒന്നും വരല്ലേ എന്ന് പ്രാർത്ഥിക്കുന്നവരല്ല.

ബന്ധുക്കളാണ് തനിക്ക് ശത്രുക്കളായി മാറിയത്. ഇപ്പോൾ താമസിക്കുന്നത് ഒറ്റപ്പെട്ട ബന്ധുവിനൊപ്പമാണെന്നും അന്ന് കൊല്ലം തുളസി തുറന്നടിച്ചു. ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. അതോ പോലെയാണ് ഞാനും ഭാര്യയും. ഞങ്ങൾക്ക് ഒരുമിച്ച് പോകാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ബന്ധം വേണ്ടെന്ന് വെച്ചത്. ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖം. ഭാര്യയു സംബന്ധിച്ച് എന്റെ കുറ്റങ്ങളായിരിക്കും അകലാനുള്ള കാരണമെന്നും കൊല്ലം തുളസി ചൂണ്ടിക്കാട്ടി.
കൂടെ നടന്നവരും കൈപിടിച്ച് നടത്തിയവരുമെല്ലാം ഒറ്റപ്പെടുത്തിയ അനുഭവമുള്ളവരുണ്ട്. മരണത്തെ നേരിടാൻ തയ്യാറാണ്. മരിക്കാൻ ഭയമില്ല. മരണമൊക്കെ നേരത്തെ എഴുതി വെച്ചിട്ടുണ്ട്. എന്നാൽ സിനിമാ രംഗത്ത് നിന്നും വിളിക്കാത്തതിൽ ദുഖമുണ്ട്. രോഗിയായി തള്ളിക്കളയുകയാണുണ്ടായതെന്നും കൊല്ലം തുളസി തുറന്ന് പറഞ്ഞു. കാൻസർ രോഗത്തെക്കുറിച്ച് കൊല്ലം തുളസി നടത്തിയ ചില പരാമർശങ്ങൾ വിവാദമായിരുന്നു. അശാസ്ത്രീയ വാദങ്ങളാണിതെന്നായിരുന്നു നടന് നേരെ വന്ന വിമർശനം.


Click it and Unblock the Notifications