കണ്ണ് നിറഞ്ഞാൽ മനസിലാകും, വാരിക്കോരി സഹായിക്കും, നന്മകൾ കാണുന്നില്ല; കെപിഎസി ലളിത ദിലീപിനൊപ്പം നിന്നപ്പോൾ!
നടിയെ ആക്രമിച്ച കേസും വിവാദങ്ങളും ദിലീപിന്റെ പേരിൽ ഉണ്ടായശേഷം നടനൊപ്പം നിന്നത് മലയാള സിനിമയിലെ ചുരുക്കം ചില ആളുകളാണ്. അവരിൽ ഭൂരിഭാഗം പേരും അതുകൊണ്ട് തന്നെ ക്രൂരമായ രീതിയിൽ സൈബർ അറ്റാക്കിന് വിധേയരായിട്ടുണ്ട്. അക്കൂട്ടത്തിൽ ഒരാൾ അന്തരിച്ച നടി കെപിഎസി ലളിതയാണ്. ദിലീപിനൊപ്പം എല്ലാ കാലത്തും നിന്നതിന് പിന്നിൽ വ്യക്തമായ കാരണം അവർക്കുണ്ട്. സഹപ്രവർത്തകർ എന്നതിലുപരി മകനെപ്പോലെ നിന്ന് ആവശ്യസമയത്ത് നടിയെ സഹായിച്ചിട്ടുള്ള ഒരു വ്യക്തി ദിലീപ് മാത്രമാണ്.
എല്ലായിടത്തും അത് നടി തുറന്ന് പറയാറുമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴും നടി ഏറെയും സംസാരിച്ചത് ദിലീപിനെ കുറിച്ചായിരുന്നു. മകളുടെ കല്യാണ സമയത്ത് പണത്തിന് ബുദ്ധിമുട്ടിയപ്പോൾ കണ്ട് അറിഞ്ഞ് സഹായിച്ചത് ദിലീപാണെന്നാണ് കെപിഎസി ലളിത പറഞ്ഞത്.

എന്തെങ്കിലും ഒരു കാര്യത്തിന് ഞാൻ ഒന്ന് മനസ് വിഷമിക്കുകയോ എന്റെ കണ്ണ് നിറയുകയോ ചെയ്താൽ അപ്പോൾ ദിലീപ് വിളിക്കും. ഒന്നുമല്ല എന്റെ മോളുടെ കല്യാണം ഓർത്തുവെച്ചിട്ട്... കല്യാണ നിശ്ചയത്തിന്റെ തലേദിവസം... ഒരു പൈസ വീട്ടിൽ ഇല്ല. എന്റെ ഒരു സുഹൃത്താണ് എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്യുന്നത്. തിരുവനന്തപുരത്തുള്ള എന്റെ ബന്ധുവാണ് അത്. അവളുടെ മാല പിറ്റേ ദിവസം വിവാഹനിശ്ചയത്തിന് ഇടാമെന്ന് കരുതി ഇരിക്കുകയായിരുന്നു.
അന്ന് പക്ഷെ ദിലീപ് എനിക്ക് പൈസ കൊടുത്ത് അയച്ചു. ഞാൻ ചോദിച്ചിട്ടില്ല പറഞ്ഞിട്ടില്ല. കൊണ്ടുവന്ന് തന്നത് നിർമാതാവും മേനകയുടെ ഭർത്താവുമായ സുരേഷാണ്. അന്ന് തന്നെ പോയി മകൾക്ക് വേണ്ടി ആഭരണം എടുത്തു. അതുപോലെ തന്ന കല്യാണത്തിനും.... രണ്ട് ദിവസം മുമ്പ് എന്നെ വിളിച്ചു...
കാശൊക്കെ റെഡിയായോ മുതലാളിയെന്ന് ചോദിച്ചു. ഒന്നും ആയില്ല ദിലീപേയെന്ന് ഞാൻ പറഞ്ഞു. ദാ... ഇപ്പോ വരും ഒരാൾ അങ്ങോട്ടെന്ന് അവൻ പറഞ്ഞു. പറയാൻ പറ്റാത്ത അത്രയും പൈസ എനിക്ക് കൊടുത്ത് അയച്ചു. ഈ കടമൊന്നും വീട്ടിയിട്ടില്ല. എന്നോട് ഇതുവരെ ചോദിച്ചിട്ടില്ല. ഞാൻ ഇതുവരെ കൊടുത്തിട്ടുമില്ല. വേണോയെന്നും ഞാൻ ചോദിച്ചിട്ടില്ലെന്നുമാണ് കെപിഎസി ലളിത പറഞ്ഞത്.
നടിയെ ആക്രമിച്ച കേസിൽ തൊണ്ണൂറ് ദിവസം ദിലീപ് റിമാന്റിൽ കഴിഞ്ഞപ്പോഴും ജയിലിലെത്തി കെപിഎസി ലളിത സന്ദർശിച്ചിരുന്നു. അന്നാണ് ഏറ്റവും കൂടുതൽ വിമർശനം നടിക്ക് എതിരെ ഉയർന്നത്. ദിലീപിന് കാവ്യയോടുള്ള പ്രണയം അറിയാമായിരുന്ന ചിരുക്കം ചില സിനിമാക്കാരിൽ ഒരാളും കെപിഎസി ലളിതയാണെന്ന് പറയപ്പെടുന്നു.

കേസിൽ നിന്നും ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെയാണ് കെപിഎസി ലളിത വർഷങ്ങൾക്ക് മുമ്പ് നടനെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും ദിലീപ് ആരാധകരുടെ പേജിൽ പ്രചരിച്ച് തുടങ്ങിയത്. കെപിഎസി ലളിതയെ മാത്രമല്ല മലയാള സിനിമയിലെ അവശരായ കലാകാരന്മാരിൽ ഭൂരിഭാഗം പേരെയും ഇപ്പോഴും ദിലീപ് ആരും അറിയാതെ സാമ്പത്തികമായി സഹായിക്കാറുണ്ട്.
നടിയുടെ പഴയ അഭിമുഖം വീണ്ടും വൈറലായപ്പോൾ ദിലീപിനെ പ്രശംസിച്ചാണ് കമന്റുകൾ ഏറെയും. ദിലീപിനൊപ്പം നിന്നതിൽ അഭിമാനിക്കുന്നു, ഇതൊക്കെ കൊണ്ടാണ് ഞങ്ങൾ ദിലീപിനെ ഇഷ്ടപ്പെടുന്നത്. ദിലീപ് ആ കുറ്റകൃത്യം ചെയ്യാൻ കൂട്ടുനിൽക്കില്ലെന്ന് വിശ്വസിക്കുന്നതും, നല്ലവനാണ്... പക്ഷെ എല്ലാരുംകൂടി കുറെ ഉപദ്രവിച്ചു, വേസ്റ്റ് കുട്ടയിൽ നിന്ന് എടുത്ത് വളർത്തിയ ഒരു കുട്ടിക്കും അത് ചെയ്ത ആ അമ്മക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട് ദിലീപ്.
അതും ആരോടും അദ്ദേഹം പറഞ്ഞിട്ടില്ല. ആ കുട്ടി പറയുമ്പോഴാണ് ലോകം അത് അറിഞ്ഞത്, നന്മകൾ കാണാൻ ആരുമില്ല തിന്മകൾ കാണാൻ ഒരുപാടുണ്ടെന്നുമാണ് നടനെ അനുകൂലിച്ച് ആളുകൾ കുറിച്ചത്.


Click it and Unblock the Notifications











