'ഒരു കുട്ടി മതിയെന്ന് അമലയ്ക്ക് നിർബന്ധം; ഭർത്താവിന്റെ അവിഹിതത്തെക്കുറിച്ച് പറഞ്ഞപ്പോൾ നൽകിയ ഉപദേശം'
അഭിനയ രംഗത്ത് പഴയത് പോലെ സജീമല്ലെങ്കിലും തെന്നിന്ത്യൻ സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് അമല അക്കിനേനി. എൺപതുകളിലെ സെൻസേഷനായിരുന്നു അമല. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും അമല സുപരിചിതയാണ്. നടൻ നാഗാർജുനയെ വിവാഹം ചെയ്ത ശേഷമാണ് അമല സിനിമാ രംഗത്ത് നിന്നും മാറി നിന്നത്. അഖിൽ അക്കിനേനി എന്ന മകനും താര ദമ്പതികൾക്ക് പിറന്നു. അഖിൽ ഇന്ന് തെലുങ്ക് സിനിമാ ലോകത്തെ തിരക്കേറിയ നടനാണ്.
1991 ലാണ് അമലയും നാഗാർജുനയും വിവാഹിതരായത്. ആദ്യ ഭാര്യ ലക്ഷ്മി ദഗുബതിയുമായി വേർപിരിഞ്ഞ ശേഷമാണ് നാഗാർജുന അമലയെ വിവാഹം ചെയ്യുന്നത്. ആദ്യ ഭാര്യയിൽ ഇദ്ദേഹത്തിന് പിറന്ന മകനാണ് നടൻ നാഗചൈതന്യ. അമലയെക്കുറിച്ച് സുഹൃത്തായ നടി കുട്ടി പത്മിനി ഒരിക്കൽ പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമലയുടെ വിവാഹ ജീവിതത്തെക്കുറിച്ചാണ് കുട്ടി പത്മിനി സംസാരിച്ചത്.

ഒരു കുഞ്ഞ് മതിയെന്ന് അമല നേരത്തെ തീരുമാനിച്ചിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു. ഒരേയൊരു കുഞ്ഞിനെ പ്രസവിക്കാനാണ് അമല ആഗ്രഹിച്ചത്. രണ്ടാമതൊരു കുഞ്ഞിനായി ആഗ്രഹമുണ്ടായിരുന്നില്ല. പിറക്കുന്നത് ആൺകുഞ്ഞായിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.
അതൊക്കെ എങ്ങനെ നടക്കുമെന്ന് ഞാൻ ചോദിച്ചു. അത് സാധിക്കും ചൈനീസ് കലണ്ടർ ഫോളോ ചെയ്താൽ തീർച്ചയായും ആൺകുഞ്ഞ് പ്രസവിക്കുമെന്ന് അമല പറഞ്ഞു. ഇതൊക്കെ നടക്കുമോ എന്ന ആശ്ചര്യം എനിക്കുണ്ടായിരുന്നു. എന്നാൽ അത് സത്യമാണെന്ന് തെളിയിച്ച് അമലയ്ക്ക് ആൺകുഞ്ഞ് പിറന്നെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി. തന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അമല നൽകിയ ഉപദേശത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു.

എന്റെ ഭർത്താവ് മറ്റൊരു നടിയുമായി ബന്ധത്തിലായി. എന്റെ മനസ് തകർന്ന് പോയി. ഞാനദ്ദേഹത്തെ അത്രയും സ്നേഹിച്ചിരുന്നു. അമലയോട് ഇക്കാര്യം പറഞ്ഞ് കരഞ്ഞു. ഈ ബന്ധം നിങ്ങൾക്ക് നല്ലതല്ല, വിട്ടേക്ക് എന്ന് അമല ഉപദേശിച്ചു. അഡ്ജസ്റ്റ്മെന്റ് പോലെയല്ല ഇത്. പൊതുവെ പുരുഷൻമാർക്ക് ഭാര്യമാർ അറിയാതെ ചില കാര്യങ്ങൾ ഉണ്ടാകും, എന്നാൽ ഇത് തുടർന്ന് കൊണ്ടിരിക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതം അപകടത്തിലാണെന്നും അമല പറഞ്ഞു.
പക്ഷെ തനിക്കത് ബുദ്ധിമുട്ടായിരുന്നെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു. നമ്മളായിട്ട് ഒരാളെ വേണ്ടെന്ന് വെച്ചാൽ അത് താങ്ങാനുള്ള ശക്തി സ്ത്രീകൾക്ക് ഉണ്ടാകും. പക്ഷെ ഒരു പുരുഷൻ നമ്മളെ നിരാകരിക്കുമ്പോൾ അതിന്റെ വേദന കനൽ പോലെ ഉള്ളിലുണ്ടാകുമെന്നും കുട്ടി പത്മിനി വ്യക്തമാക്കി. രണ്ട് വിവാഹബന്ധങ്ങളാണ് കുട്ടി പത്മിനിയുടെ ജീവിതത്തിലുണ്ടായത്. രണ്ട് ബന്ധവും വേർപിരിഞ്ഞു. ബാലതാരമായി സിനിമാ രംഗത്തേക്ക് കടന്ന് വന്ന കുട്ടി പത്മിനി തമിഴിലും തെലുങ്കിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
തമിഴ് സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദം കുട്ടി പത്മിനിക്കുണ്ട്. സിനിമാ ലോകത്ത് തനിക്ക് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് അമലയെന്ന് കുട്ടി പത്മിനി പറയുന്നു. വർഷങ്ങളായി അറിയാവുന്ന ശ്രീദേവി പോലും ഒരു ഘട്ടത്തിൽ തന്നോട് പഴയ സൗഹൃദം കാണിച്ചിട്ടില്ല. എന്നാൽ അമല അങ്ങനെയല്ലായിരുന്നു. ഒരു മാറ്റവുമില്ലാതെ പഴയ അതേ സ്നേഹത്തോടെയാണ് അമല തന്നോട് പെരുമാറിയതെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications