കമലിന്റെ വിവാഹമറിഞ്ഞ് ശ്രീവിദ്യ കരഞ്ഞു; മരിക്കുന്നതിന്റെ മൂന്ന് ദിവസം മുമ്പ് കണ്ടപ്പോൾ പറഞ്ഞത്; കുട്ടി പത്മിനി
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച ശ്രീവിദ്യ. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്നെങ്കിലും ശ്രീവിദ്യക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ ഏറെയാണ്. പ്രണയത്തകർച്ചകൾ, വിവാഹമോചനം, അസുഖ നാളുകൾ തുടങ്ങി പല ഘട്ടങ്ങൾ ശ്രീവിദ്യ അഭിമുഖീകരിച്ചു. 2006 ഒക്ടോബർ 19 നാണ് ശ്രീവിദ്യ മരിക്കുന്നത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം.
ശ്രീവിദ്യയുടെ സുഹൃത്തുക്കളിൽ ഒരാളായിരുന്ന നടി കുട്ടി പത്മിനി. ശ്രീവിദ്യക്കുണ്ടായ പ്രണയത്തകർച്ചയെക്കുറിച്ചും നടിയുടെ മരണത്തെക്കുറിച്ചും കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു നടി.

കമൽ ഹാസനെ അവർക്ക് വളരെ ഇഷ്ടമായിരുന്നു. കമിലിനെ ആർക്കാണ് ഇഷ്ടമല്ലാത്തത്. പക്ഷെ ശ്രീവിദ്യാക്ക കമലിനെ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ഭംഗി കൊണ്ടോ സംസാരം കൊണ്ടോ അല്ല. കഴിവും സിനിമയെക്കുറിച്ചുള്ള അറിവും കണ്ടാണ്. കമലിനോട് ഭ്രാന്തമായ സ്നേഹമായിരുന്നു അവർക്ക്. ഞാനന്ന് കമലിനോടൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. വാണി ഗണപതിയെയും അന്ന് കമൽ പ്രണയിക്കുന്നുണ്ട്.
ഒരിക്കൽ ശ്രീവിദ്യാക്ക തന്റെ പ്രണയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. അക്കാ, നിങ്ങളെ കമൽ വഞ്ചിക്കുകയാണ്, അദ്ദേഹം വാണി എന്നൊരാളെ പ്രണയിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞു. അക്കാലത്ത് രേഖയുമായും കമലിന് അടുപ്പം വരുന്നുണ്ട്. കോമഡിയെന്തെന്നാൽ എത്ര പേരെയാണ് കമൽ പ്രണയിച്ചത്. ശ്രീവിദ്യാക്ക, ബോംബെയിൽ നിന്ന് രേഖ, ജയസുധാമ്മ, വാണി ഗണപതിയും. ഇനിയും രണ്ട് നടിമാരുണ്ട്. പക്ഷെ അവർ കല്യാണം കഴിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്നതിനാൽ ഞാൻ പേര് പറയുന്നില്ല.

എങ്ങനെ അദ്ദേഹം മാനേജ് ചെയ്തു എന്നറിയില്ല. കമലും വാണിയുമായുള്ള കല്യാണത്തിന് ഞാനുൾപ്പെടെ പോയിട്ടുണ്ട്. ശ്രീവിദ്യാക്കയ്ക്ക് താങ്ങാൻ കഴിഞ്ഞില്ല. കരച്ചിലായിരുന്നു. കുറേനാൾ കഴിഞ്ഞാണ് അവർക്ക് ആ വിഷമത്തിൽ നിന്നും പുറത്ത് കടക്കാൻ കഴിഞ്ഞതെന്നും കുട്ടി പത്മിനി ഓർത്തു.
കുറേക്കാലത്തിന് ശേഷം താൻ നിർമ്മിച്ച സീരിയലിലേക്ക് ശ്രീവിദ്യയെ ക്ഷണിച്ചതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. ഞാനുമായുള്ള കോൺടാക്ട് പോയിരുന്നു. നമ്പർ കണ്ട് പിടിച്ച് വിളിച്ചു. എന്തുകൊണ്ട് എന്നെ മറന്നു എന്നൊക്കെ ചോദിച്ചു. സീരിയലിനെക്കുറിച്ച് പറഞ്ഞപ്പോൾ നീ നേരിൽ വാ, മകളെയും കൊണ്ട് വരണം എന്ന് പറഞ്ഞു. ഞാനും മകളും ഫ്ലെെറ്റിൽ തിരുവനന്തപുരത്ത് പോയി. തിരുവനന്തപുരത്ത് എത്തിയിട്ട് വിളിക്കാനാണ് പറഞ്ഞത്. തന്ന അഡ്രസ് നോക്കി പോയപ്പോൾ ആശുപത്രി പോലെയുള്ള സ്ഥലത്താണ് എത്തിയത്.
അക്കയെന്നെ റൂമിലേക്ക് വിളിച്ചു. അവർക്ക് ഇടയ്ക്ക് വയറുവേദന വരും. അതിനാൽ അഡ്മിറ്റായതാണെന്ന് ഞാൻ കരുതി. ഞങ്ങളെ കണ്ട് കണ്ണീരണിഞ്ഞ അക്ക മകളെ മടിയിലിരുത്തി. മകളെ ഓമനിച്ച ശേഷം എന്റെ കൈ പിടിച്ച് സീരിയിലിനെ പറ്റി ചോദിച്ചു. ഞാൻ ജോളിയായി സീരിയലിന്റെ കഥ പറഞ്ഞു. എന്റെ മുഖത്ത് തന്നെ നോക്കിയിരുന്ന ശ്രീവിദ്യാക്ക ഒരാഴ്ചയ്ക്കുള്ളിൽ താൻ മരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞതെന്ന് പറഞ്ഞു.
എന്ത് തെറ്റാണ് ഞാൻ ചെയ്തത്, ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നും പറഞ്ഞു. എപ്പോൾ ഇതേക്കുറിച്ച് ആലോചിക്കുമ്പോഴും കരച്ചിൽ വരും. ഒരു നടിക്കും അങ്ങനെ വരരുത്. എപ്പോഴും അവർക്ക് ദുഖമായിരുന്നെന്നും കുട്ടി പത്മിനി അന്ന് ചൂണ്ടിക്കാട്ടി. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് താൻ ശ്രീവിദ്യയെ കണ്ടതെന്നും കുട്ടി പത്മിനി ഓർത്തു.


Click it and Unblock the Notifications