'പെറ്റമ്മമാരേക്കാൾ നന്നായി ആ കുഞ്ഞിനെ ശോഭന വളർത്തി; ഷൂട്ട് കഴിഞ്ഞ് വന്നും നിർത്താതെ നൃത്തം ചെയ്യുന്നവൾ'
മലയാളികളുടെ മനസ്സിൽ വലിയ സ്ഥാനമുള്ള നടിയാണ് ശോഭന. 90 കളിൽ മലയാളത്തിൽ നിറഞ്ഞു നിന്ന നായിക സിനിമകളിൽ ഇന്ന് പഴയത് പോലെ സജീവമല്ല. എന്നാൽ ചെയ്ത് വെച്ച കഥാപാത്രങ്ങളിലൂടെ ശോഭന ഇന്നും ഓർമ്മിക്കപ്പെടുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ നാഗവല്ലി ആയാണ് ഇന്നും ശോഭനയെ പ്രേക്ഷകർ കാണുന്നത്.
നാഗവല്ലിയുടെ നിഴലാട്ടം ഇന്നും ശോഭനയിൽ കാണാമെന്ന് ആരാധകർ പറയുന്നു. സിനിമയിൽ നിന്നും മാറിയ ശോഭന പിന്നീട് നൃത്തത്തിനാണ് പ്രധാന്യം നൽകിയത്. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് പഴയ കാല നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മുമ്പൊരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു കുട്ടി പദ്മിനി. 'ശോഭന എന്റെ നല്ല സുഹൃത്തുമാണ്. ട്രാവൻകൂർ സിസ്റ്റേഴ്സ് എന്ന ലളിത, പത്മിനി രാഗിണി എന്നിവരെ അറിയാത്തവരായി തമിഴ്നാട്ടിൽ ആരും ഇല്ല. ശോഭന പത്മിനിയുടെ സഹോദരന്റെ മകളാണ്'
'ജെല്ലിക്കെട്ട് എന്ന സിനിമയിലാണ് ശോഭനയെ പരിചയപ്പെടുന്നത്. അന്ന് അത്ര അടുത്ത് ഇടപഴകിയില്ല. പിന്നീട് ഞാൻ പ്രൊഡ്യൂസർ ആയപ്പോൾ ഉരവുകൾ എന്ന സീരിയൽ സിംഗപ്പൂരിൽ ചെയ്തു. ഈ കഥാപാത്രം ശോഭന നന്നായിരിക്കും എന്ന് തോന്നി അവരുടെ വീട്ടിൽ പോയി വീട്ടുകാരുടെ സമ്മതം വാങ്ങി'

'സിംഗപ്പൂരിൽ രണ്ട് മാസം ഞങ്ങൾ ഉണ്ടായിരുന്നു. ഒരു വീട് വാടകയ്ക്ക് എടുത്ത് എല്ലാവരും ഒരു വീട്ടിലായിരുന്നു. സാധാരണ ഷൂട്ടിംഗുകൾ 9 മണിക്ക് തുടങ്ങി ആറ് മണിക്ക് അവസാനിക്കും. പക്ഷെ അവിടെ അങ്ങനെ ആയിരുന്നില്ല. ശോഭനയും പെട്ടെന്ന് വർക്ക് ചെയ്യും. പെട്ടെന്ന് തീർക്കൂ സമയം കളയരുത് എന്ന് പറഞ്ഞ് വളരെ ഫാസ്റ്റ് ആയി വർക്ക് ചെയ്യും'

'ആ വീട്ടിൽ ടേപ് റെക്കോർഡറിൽ പാട്ട് ശോഭന ഡാൻസ് കളിച്ച് കൊണ്ടേയിരിക്കും. അതിന് ശേഷമാണ് അവരെ എനിക്ക് ഡാൻസറെന്ന നിലയിൽ ഇഷ്ടമായി തുടങ്ങിയത്. അവരുടെ ഡാൻസ് എവിടെ ആണെങ്കിലും ഞാൻ പോയി കാണും. ടിക്കറ്റ് എടുത്താണ് ഞാൻ കാണാറ്. എല്ലാ ഡാൻസും ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് അത്രയും ഇഷ്ടമാണ്'

'ഒരു കല ഇഷ്ടമാണെങ്കിൽ അതിന് ചെലവിടണം എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ. അവരുടെ ഏത് പ്രോഗ്രാം കണ്ടാലും മൂന്ന് നാല് ദിവസത്തേക്ക് എന്റെ കണ്ണുകളിൽ അതുണ്ടാവും. ഇപ്പോഴും എന്നോട് സംസാരിക്കുന്ന നല്ല സുഹൃത്ത് ആണ് ശോഭന. കുറേ സിനിമകൾ ചെയ്തു ഇനി കുറയ്ക്കാം എന്ന് അവർ തന്നെ തീരുമാനിച്ചതാണ്'

'അവർ സിനിമകൾ ചെയ്യുന്നതിൽ വളരെ സെലക്ടീവ് ആണ്. അവർ കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടില്ല. സ്റ്റുഡന്റ്സ് ആണ് അവരുടെ കുട്ടികൾ എന്ന് കരുതുന്നു. അവർ ഒരു കുട്ടിയെ ദത്തെടുത്തു. നാരായണി എന്ന് പേരിട്ടു. അത്രയും നന്നായി ആ കുട്ടിയെ അവർ നോക്കുന്നു'
'പെറ്റമ്മയേക്കാൾ കൂടുതൽ ആ കുഞ്ഞിനെ വളർത്തി,, സ്കൂളിൽ അയച്ച്, സദാ സമയവും കുഞ്ഞിന്റെ കൂടെ സമയം ചെലവഴിക്കുന്നു. അവരുടെ വീടിന്റെ താഴെ വലിയൊരു ഡാൻസ് ഹാൾ ഉണ്ട്. ശോഭന ഡാൻസ് ചെയ്യുന്നത് കാണാൻ വളരെ ഭംഗിയാണ്,' കുട്ടി പദ്മിനി പറഞ്ഞു.


Click it and Unblock the Notifications











