ശ്രീനിയേട്ടൻ എന്നോട് അകന്നു, സിനിമാ കാണുക പോലും ചെയ്തില്ല; തെറ്റിദ്ധരിപ്പിച്ചത് അയാൾ; ലാൽ ജോസ് പറഞ്ഞത്
ഒരു മറവത്തൂർ കനവ് എന്ന സിനിമയ്ക്കിടെ ശ്രീനിവാസനുണ്ടായ അകൽച്ചയെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകൾ.
മലയാള സിനിമയിലെ പ്രമുഖ സംവിധായകനാണ് ലാൽ ജോസ്. മറവത്തൂർ കനവ് എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സംവിധാന രംഗത്തേക്ക് കടക്കുന്നത്. അതിന് മുമ്പ് നിരവധി സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നടൻ ശ്രീനിവാസനുമായുണ്ടായ അകൽച്ചയെക്കുറിച്ച് ലാൽ ജോസ് മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.
സഫാരി ടിവിയിലെ പ്രോഗ്രാമിൽ വെച്ചായിരുന്നു ഇത്. മറവത്തൂർ കനവ് എന്ന സിനിമയുടെ തിരക്കഥാകൃത്ത് ശ്രീനിവാസനായിരുന്നു. അന്നത്തെ അകൽച്ചയെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകൾ വായിക്കാം.
'മറവത്തൂർ കനവ് റിലീസ് ചെയ്ത് ഹിറ്റായി. ശ്രീനിയേട്ടന് സിനിമയുള്ളവരും മറ്റുള്ളവരും പറഞ്ഞ് ഈ സിനിമ വേണ്ടത്ര എഫക്ടീവായല്ല ചെയ്തിരിക്കുന്നതെന്ന ധാരണ വന്നിരുന്നു. ശ്രീനിയേട്ടന് ഈ സിനിമയുടെ കൂടെ ഇരിക്കാനൊന്നും പറ്റിയിട്ടില്ല'
'കാരണം മറവത്തൂർ കനവിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ചിന്താവിശിഷ്ടയായ ശ്യാമള എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. സെക്കന്റ് ഷെഡ്യൂളിൽ ശ്രീനിയേട്ടന് സീനുകളും ഉണ്ടായിരുന്നില്ല'

'ഡബ്ബിംഗിന് അദ്ദേഹം വരുന്നതിന് മുമ്പ് വന്ന ആളുകൾ തിരിച്ച് ചെന്ന് പറഞ്ഞ് കൊടുത്ത പിക്ചറും അത്ര നല്ലതായിരുന്നില്ല. ഒരു സീനിലെ ഡയലോഗിൽ ഞാൻ വരുത്തിയ കറക്ഷൻ ആരോ പർവതീകരിച്ച് അദ്ദേഹത്തോട് പറയുകയും അതദ്ദേഹത്തെ വേദനിപ്പിക്കുകയും ചെയ്തു. ഇതൊന്നും ഞാനറിഞ്ഞില്ല'
'പക്ഷെ ഒരു അകൽച്ച ശ്രീനിയേട്ടന് ഉണ്ടായിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു. ഡബിംഗ് വന്നപ്പോഴും അദ്ദേഹം വലിയ അടുപ്പം കാണിക്കാതെ ചെയ്ത് പോയി. എനിക്ക് ഭയങ്കര വിഷമമായി. അദ്ദേഹത്തിന്റെ ഒരു വാക്കാണ് ലാൽ ജോസ് എന്ന അസോസിയേറ്റ് ഡയരക്ടർ സംവിധായകനാവാൻ കാരണം. ഗുരു തുല്യനാണ്'
'എനിക്ക് പക്ഷെ അത് വിശദീകരിക്കാൻ പറ്റിയ്യില്ല. ഞാൻ പറഞ്ഞെങ്കിലും അദ്ദേഹത്തിനത് വേണ്ട വിധത്തിൽ ബോധ്യപ്പെട്ടില്ലായിരുന്നു. സിനിമ റിലീസ് ചെയ്ത് ഹിറ്റായപ്പോൾ അദ്ദേഹത്തിന്റെ പിണക്കം മാറിക്കാണുമെന്നാണ് ഞാൻ കരുതിയത്'
'പക്ഷെ അതങ്ങനെ തന്നെ നിന്നു. പടം 83ാം ദിവസം ഓടവെ ഞാൻ ശ്രീനിയേട്ടനെ കണ്ടു. രണ്ട് ടിക്കറ്റ് അദ്ദേഹത്തിനും സുഹൃത്തിനുമായാണ് പോയത്. താങ്കളെഴുതിയ സിനിമയല്ലേ, ഞാനെത്ര മോശമായിട്ട് ചെയ്താലും ഇത് ആൾക്കാർക്ക് ഇഷ്ടപ്പെട്ടല്ലോ'
'തെറ്റെന്തായിരുന്നെന്ന് പടം കണ്ട ശേഷം എന്നോട് പറയണമെന്ന് പറഞ്ഞു. ശ്രീനിയേട്ടനും അദ്ദേഹത്തിന്റെ സുഹൃത്തും കൂടെ സിനിമ കാണാൻ പോയി. സിനിമ കണ്ട് തിരിച്ച് വന്നപ്പോൾ അദ്ദേഹം പറഞ്ഞു നന്നായിട്ടുണ്ട്, ഞാൻ ഭയന്നത് പോലെ ആളുകൾക്ക് പ്രശ്നമൊന്നും തോന്നിയിട്ടില്ലെന്ന്'

'അദ്ദേഹത്തിന് തെറ്റിദ്ധാരണയുണ്ടാക്കിയ കാര്യം ഞാൻ ഒരിക്കലും മറന്നിട്ടില്ല. നമ്മുടെ സിനിമയിൽ ഒരു തെറ്റുണ്ട്, പക്ഷെ അതൊരു തെറ്റായി നമുക്കല്ലാതെ പുറമെ നിന്നുള്ള ഒരു പ്രേക്ഷകന് തോന്നിയാൽ നമ്മൾ പരാജയപ്പട്ടു എന്നാണർത്ഥം'
'ആ തെറ്റ് ആളുകൾക്ക് മനസ്സിലായില്ലെങ്കിൽ നമ്മൾ വിജയിച്ചു എന്നാണർത്ഥമെന്ന് അദ്ദേഹം പറഞ്ഞു. ആ തെറ്റ് നമുക്ക് രണ്ട് പേർക്കുമല്ലാതെ മറ്റാർക്കാണ് മനസിലായതെന്ന് ഞാൻ ചോദിച്ചു. ഒരാൾക്കങ്ങനെ തോന്നിയെന്ന് ശ്രീനിയേട്ടൻ പറഞ്ഞു'
'എനിക്കൊരു ഫ്ലാഷടിച്ച പോലെ എന്റെ തലയിൽ ഒരു കാര്യം വന്നു. കാരണം ഒരാളോട് മാത്രം പ്രിവ്യൂ കാണാൻ വന്നപ്പോൾ ശ്രീനിയേട്ടന് ഈയൊരു കാര്യത്തിൽ മനഃപ്രയാസമുള്ള കാര്യം ഞാനങ്ങോട്ട് പറഞ്ഞിരുന്നു. അത് കുഴപ്പമില്ലെന്ന് എന്നോട് പറഞ്ഞ അയാൾ ആ സീൻ കല്ലുകടിയായി തോന്നിയെന്ന് ശ്രീനിയേട്ടനോട് പറഞ്ഞു. ശ്രീനിയേട്ടന് മുന്നിൽ ആളാവാൻ വേണ്ടി ഇദ്ദേഹം ചെയ്ത ചതിയായിരുന്നു,' ലാൽ ജോസ് പറഞ്ഞതിങ്ങനെ.
പിന്നീട് സംഭവമെന്തെന്ന് വിശദീകരിച്ചതോടെ ശ്രീനിവാസന് തന്നോടുള്ള അകൽച്ച അവസാനിച്ചെന്നും ലാൽ ജോസ് അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications