'സുകുമാരിയെ പോലെ ഉപകാരം ചെയ്യുന്ന മറ്റൊരാളില്ല; ഭർത്താവ് മരിച്ചപ്പോൾ എതിർപ്പ് വകവെക്കാതെ ഞാനെത്തി'
മലയാള സിനിമയിൽ ഒട്ടനവധി വേഷങ്ങൾ ചെയ്ത നടിയാണ് സുകുമാരി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെല്ലാം സുകുമാരി അഭിനയിച്ചു. കോമഡി, സീരിയസ്, വില്ലൻ വേഷങ്ങളെല്ലാം സുകുമാരിയുടെ കൈയിൽ ഭദ്രമായിരുന്നു. സുകുമാരി മലയാളത്തിൽ പേരെടുത്ത പോലെ തമിഴിൽ വൻ ഖ്യാതി നേടിയ നടിയാണ് അന്തരിച്ച മനോരമ.
ആച്ചിയെന്ന പേരിൽ തമിഴ് സിനിമാ ലോകത്തിന് ഇവർ അമ്മയും അമ്മൂമ്മയുമെല്ലാമായിരുന്നു. സുകുമാരിയുടെ അടുത്ത സുഹൃത്തായിരുന്നു മനോരമ. മുമ്പൊരിക്കൽ സുകുമാരിയെക്കുറിച്ച് മനോരമ സംസാരിച്ചിരുന്നു.
സുകുമാരി മുഖ്യാതിഥിയായ അമൃത ടിവിയിലെ സമാഗമം എന്ന പ്രോഗ്രാമിൽ വെച്ചായിരുന്നു ഇത്. സുകുമാരിയുടെ ക്ഷണ പ്രകാരം അന്ന് ഷോയിലേക്ക് ചെന്നെെയിൽ നിന്നും മനോരമയെത്തി. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് മനോരമ മനസ് തുറന്നു.

'അവർ എന്നേക്കാൾ മൂത്തതാണോ ഞാനവളേക്കാൾ മൂത്തയാളാണോ എന്നറിയില്ല. പക്ഷെ എക്സ്പീരിയൻസിൽ അവർ എന്നേക്കാളും മുതിർന്നയാളാണ്. നിറയെ സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മകളായും സഹോദരിയായുമെല്ലാം. ഇവിടെ എല്ലാവർക്കും അവർ ചേച്ചിയാണ്. തമിഴ്നാട്ടിൽ ഞാൻ ആച്ചിയാണ്. സുകുമാരിയെന്നാണ് ഞാൻ വിളിക്കാറ്'
'നടി എന്നതിനപ്പുറം നല്ല വ്യക്തിയാണിവർ. ഇവരെ പോലെ ഒരാൾക്ക് സഹായം ചെയ്യുന്നവരെ ഞാൻ കണ്ടിട്ടേയില്ല. അത്ര മാത്രം എല്ലാവർക്കും സഹായം ചെയ്യും. ഞാൻ ഈ നാട്ടിൽ പോവുകയാണ് നിങ്ങൾക്കെന്തെങ്കിലും വേണമോയെന്ന് ചോദിച്ച് വാങ്ങിക്കൊണ്ട് വരും. ലൊക്കഷനിൽ എല്ലാവർക്കും ഭക്ഷണം കൊടുക്കും. ഉപകാരം ചെയ്യുന്നതല്ലാതെ ഒന്നും അവർക്കറിയില്ല'
'ജീവിതവും ഞങ്ങൾക്ക് രണ്ട് പേർക്കും ഒരുപോലെയാണ്. അവർക്ക് ഒരേയൊരും മകനാണ്, എനിക്കും ഒരു മകൻ മാത്രം. എന്റെ മകന് ഞാൻ കല്യാണം നിശ്ചയിച്ചു. ജനുവരി 26ാം തിയതി കല്യാണം. ജനുവരി ആറാം തിയതി സുകുമാരിയുടെ ഭർത്താവ് മരിച്ചു'
'തമിഴ് ആചാരപ്രകാരം കല്യാണം തീരുമാനിച്ചാൽ അതിനിടെ ഒരു ദുഃഖത്തിൽ പങ്കുചേരാൻ പോവരുത്. പക്ഷെ ഞാൻ ഭീം സിംഗ് മരിച്ചപ്പോൾ സുകുമാരിയമ്മയ്ക്കായി ഞാൻ എത്തണമായിരുന്നു. വീട്ടുകാർ എതിർത്തിട്ടും ഞാൻ ഉടനെ പോയി. അത്രയും സ്നേഹം സുകുമാരിയോട് എനിക്കുണ്ട്'
'അവരെ പോലെ തന്നെ ഞാനും ജീവിക്കുന്നു. എനിക്ക് പത്മശ്രീ ലഭിച്ചു, അവർക്കും ലഭിച്ചു. അവർ അഭിനയിക്കാത്ത വേഷങ്ങളില്ല. ഡാൻസ് ചെയ്യും, പാട്ട് പാടും എല്ലാം ചെയ്യും. മരണത്തെക്കുറിച്ചുള്ള ആശങ്ക ഞങ്ങൾ രണ്ട് പേർക്കുമില്ല, എപ്പോഴും ഞങ്ങൾ ചിരിച്ച് കൊണ്ടിരിക്കും'
'അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ജീവൻ പോവുക. അത് നിശ്ചയമാണ്,' മനോരമ പറഞ്ഞതിങ്ങനെ. 2013 മാർച്ച് മാസത്തിലാണ് സുകുമാരി മരിക്കുന്നത്. പൂജാമുറിയിൽ നിന്ന് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്നു.

2015 ഒക്ടോബർ മാസത്തിൽ മനോരമയും ലോകത്തോട് വിട പറഞ്ഞു. തന്റെ 78ാം വയസ്സിലാണ് മനോരമ മരണപ്പെടുന്നത്. രണ്ട് പേരുടെയും വിയോഗം തമിഴ്നാട്ടിലും കേരളത്തിലും വലിയ വാർത്തയായിരുന്നു. പകരം വെക്കാനില്ലാത്ത പ്രതിഭകളായിരുന്ന മനോരമയ്ക്കും സുകുമാരിക്കും സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.
തമിഴിൽ മലയാളത്തിലെ പോലെ തന്നെ സജീവമായിരുന്നു സുകുമാരി. അതേസമയം മനോരമ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടില്ല. സുകുമാരി, കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങിയ അതുല്യ പ്രതിഭകളെല്ലാം ഇന്ന് ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്.


Click it and Unblock the Notifications











