നസീർ എന്ന ഒറ്റ വാക്ക് ഷീല മിണ്ടില്ല, എത്ര ഇന്റലിജന്റാണ് അവരെന്ന് മനസിലായി; ടിപി മാധവൻ പറഞ്ഞത്
കഴിഞ്ഞ ദിവസമായിരുന്നു നടൻ ടിപി മാധവന്റെ മരണം. 89ാം വയസിൽ നടൻ ലോകത്തോട് വിട പറഞ്ഞപ്പോൾ നിരവധി പേർ അനുശോചനം അറിയിച്ചു. മകനെ കാണണമെന്ന് അവസാനം വരെയും ടിപി മാധവൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മരണ ശേഷമാണ് മകനും മകളും എത്തിയത്. വളരെക്കാലം മുമ്പേ ഭാര്യയിൽ നിന്നും മകളിൽ നിന്നും അകന്ന് കഴിയുകയായിരുന്നു ടിപി മാധവൻ. ചെറിയ വേഷങ്ങളാണ് സിനിമകളിൽ ടിപി മാധവൻ കൂടുതലും ചെയ്തത്. എങ്കിലും സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ടിപി മാധവൻ വളരെ പെട്ടെന്ന് സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു.
നടൻ കരിയറിലെ തുടക്ക കാലത്ത് ചെയ്ത സിനിമകളിലൊന്നാണ് യക്ഷഗാനം. നടി ഷീല സംവിധാനം ചെയ്ത സിനിമയാണിത്. ഷീലയെക്കുറിച്ച് മുമ്പൊരിക്കൽ ടിപി മാധവൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷീല ആദ്യമായി സംവിധാനം ചെയ്ത സിനിമയാണത്. അന്ന് ഞാൻ സിനിമയിലേക്ക് വന്നതേയുള്ളൂ. കാറുമെടുത്ത് അവിടേക്ക് പോയി. അന്ന് ഞാൻ സുമുഖനായിരുന്നു. മധു സാറാണ് ഹീറോ. ഇങ്ങനെയാെരാൾ കാണാൻ വന്നിട്ടുണ്ടെന്ന് ഷീലാമ്മയോട് ആരോ പറഞ്ഞു.

അവർ വന്ന് എന്റെ തലയിൽ തലോടി. സീൻ തരാം എന്ന് പറഞ്ഞ് അകത്തോട്ട് പോയി. എല്ലാവരും അന്തംവിട്ടു. പത്തമ്പത് പേർ എനിക്ക് ചുറ്റും കൂടി. എന്തുകൊണ്ടാണിങ്ങനെ എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. പിന്നീട് ഷീലാമ്മയെ കാണുന്നത് ഞാൻ അമ്മ സംഘടനയുടെ സെക്രട്ടറിയായിരിക്കുമ്പോഴാണ്. അവരെ ഞാൻ ഓർമ്മിപ്പിച്ചപ്പോൾ ഓഹ്, മാധവൻ എന്ന് പറഞ്ഞെന്നും ടിപി മാധവൻ ചിരിയോടെ ഓർത്തു.
ഷീലയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളും നടൻ അന്ന് പങ്കുവെച്ചു. അവരൊരു ഇന്റലിജന്റ് സ്ത്രീയാണെന്ന് അപ്പോഴാണ് ഞാൻ മനസിലാക്കിയത്. അവരും നസീറും നൂറ് സിനിമകൾ തികയ്ക്കാൻ നോക്കി. അപ്പോഴേക്കും ഗോസിപ്പ് വന്നു. നൂറ് തികയ്ച്ചില്ല. പക്ഷെ അവർ അന്ന് നസീർ എന്ന ഒറ്റ വാക്ക് മിണ്ടില്ല. അതേസമയം അവരെക്കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ച് തനിക്കറിയില്ല. അക്കാലത്ത് നടൻ അടൂർ ഭാസി ഇത്തരം ഗോസിപ്പുകൾ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമായിരുന്നെന്നും ടിപി മാധവൻ അന്ന് തുറന്ന് പറഞ്ഞു.

ഞാൻ സിനിമയിലെത്തി ഒരു മാസത്തിനുള്ളിൽ തന്നെക്കുറിച്ചും ഗോസിപ്പ് വന്നു. മാധവന്റെ കാറിൽ ഒരു പെണ്ണ് എന്ന് അടിച്ച് വിട്ടു. ഞാൻ അന്തംവിട്ടു പോയി. ഭാസി ചേട്ടനാണ് മാസികയ്ക്ക് അതെഴുതി കൊടുത്തത്. അത് പബ്ലിസിറ്റിയാണെന്ന് അദ്ദേഹം പറഞ്ഞെന്നും ടിപി മാധവൻ ചിരിയോടെ ഓർത്തു. മുമ്പൊരിക്കൽ കൈരളി ടിവിയോട് സംസാരിക്കുകയായിരുന്നു നടൻ.
കളിക്കളം, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, സന്ദേശം, ലേലം, അയാൾ കഥ എഴുതുകയാണ്, നരസിംഹം, പപ്പയുടെ സ്വന്തം അപ്പൂസ്, പുലിവാൽ കല്യാണം, അനന്തഭദ്രം തുടങ്ങിയവയാണ് ടിപി മാധവന്റെ ശ്രദ്ധേയ സിനിമകൾ. കരിയറിൽ 600 ലേറെ സിനിമകളിൽ നടൻ അഭിനയിച്ചിട്ടുണ്ട്. പ്രേതം ഉണ്ട് സൂക്ഷിക്കുക ആണ് അവസാന സിനിമ.


Click it and Unblock the Notifications











