'ജൂനിയർ ആർട്ടിസ്റ്റുകൾ മുങ്ങി, ക്ലെെമാക്സിൽ ലിജോ ദേഷ്യപ്പെട്ട സംഭവം; എന്തിനും റെഡിയായി പോത്തും'
മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച സിനിമയാണ് ജല്ലിക്കട്ട്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമ 2019 ലാണ് പുറത്തിറങ്ങുന്നത്. വൻ പ്രേക്ഷക പ്രശംസ നേടിയ ജല്ലിക്കെട്ട് ടൊറന്റോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ വരെ ജല്ലിക്കെട്ട് കൈയടി നേടി. ഓസ്കാർ നോമിനേഷൻ ലഭിച്ച മൂന്നാമത്തെ മലയാള സിനിമയുമാണ് ജല്ലിക്കെട്ട്. ഏറെ പുതുമയുള്ള ദൃശ്യാവിഷ്കാരമായിരുന്നു ജല്ലിക്കട്ട്.
സിനിമയിലെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ജല്ലിക്കട്ടിൽ ലൈൻ പ്രൊഡ്യൂസറായി പ്രവർത്തിച്ച ആൻസൺ ആന്റണി. ഷൂട്ട് ചെയ്ത പ്രദേശത്തുള്ളവരെ ഉൾപ്പെടുത്തി ക്ലെെമാക്സ് ഷൂട്ട് ചെയ്തതിനെക്കുറിച്ച് ആൻസൺ ആന്റണി സംസാരിച്ചു. സഫാരി ടിവിയോടാണ് പ്രതികരണം. സിനിമയിലെ പോത്തിന് ഫൈറ്റേഴ്സ് ജെല്ലി എന്ന് പേരിട്ടു. ജെല്ലി എന്ന് വിളിച്ചാൽ പോത്ത് അപ്പോൾ ചാടിയെഴുന്നേൽക്കും.

ഷൂട്ട് കഴിഞ്ഞ് പാക്കപ്പ് പറഞ്ഞാൽ എല്ലാവരും പോകുന്നത് കണ്ട് പോത്തും പോകും. ആരും ഒന്നും പറയേണ്ട. പോത്ത് തന്നെ പിക്കപ്പിൽ കയറും. പോത്ത് അത്രയും സഹകരണമായിരുന്നു. എവിടെ ലൊക്കേഷൻ വെച്ചാലും പോത്ത് റെഡിയാണ്. എല്ലാ ആർട്ടിസ്റ്റുകളും പ്രോപ്പർട്ടികളും ഏത് സമയത്ത് ചോദിച്ചാലും ഉണ്ടാകണമെന്ന് ലിജോയ്ക്ക് നിർബന്ധമുണ്ട്.
വിളിച്ചാൽ അപ്പോൾ എത്തണം എന്ന കണ്ടീഷനിലായിരിക്കും നിർത്തിയിരിക്കുന്നത്. ശരിക്കും പോത്തിനെ പിടിച്ച് മുന്നിൽ ഒരാൾ ഓടുന്നുണ്ട്. പക്ഷെ പോത്ത് കറക്ടായി ഓടുന്നു. വേറെ വല്ല പോത്തുമായിരുന്നെങ്കിൽ വലയന്റ് ആകും. പന്തമുള്ളതൊന്നും പോത്ത് കാര്യമാക്കിയില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. ഒരു ഏക്കർ ഏലത്തോട്ടം മൊത്തമെടുത്ത് അവിടെയാണ് ഫൈറ്റും മറ്റും ചിത്രീകരിച്ചത്. പിന്നെ ലൊക്കേഷൻ കൊക്കോ തോട്ടമാക്കി. രാത്രിയാണ് ഷോട്ടുകൾ. ഡിസംബറിലെ തണുപ്പും.

ടോർച്ചും പന്തവും ഹെഡ് ലൈറ്റും വേണമെന്ന് ലിജോ പറഞ്ഞിരുന്നു. ആയിരത്തോളം ടോർച്ചുകൾ വേണം. എവർ റെഡി കമ്പനിയുടെ ടോർച്ചുകൾ ഓർഡർ ചെയ്തു. ക്ലെെമാക്സ് ഏരിയ ഷൂട്ട് ചെയ്തത് ഇടുക്കി ഡാമിന്റെ റിസവർവ് ഏരിയയുടെ അവസാന ഭാഗത്താണ്. 1800 ജൂനിയർ ആർട്ടിസ്റ്റികളെ വെച്ചു. പോത്തിന്റെ മുകളിലേക്ക് ആൾക്കാർ വീഴണം. 40 അടി ഉയരമുള്ള റാംപ് ഉണ്ടാക്കി. ഏറ്റവും മുകളിൽ ആൾക്കാരെ കയറ്റി. ഇടയിൽ ഡമ്മി വെച്ചു.
ഷൂട്ടിനിടെ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഓരോരുത്തർ കുറയും. അവസാനം റാംപിന്റെ മുകളിൽ കയറാൻ ആരും ഇല്ല. 600 ആളുകളായി. ഒടുവിൽ 600 ആളുകൾക്ക് റെഡ് ടോക്കൺ കൊടുത്തു. റെഡ് ടോക്കൺ ഉള്ളവർക്കേ ഇനി പൈസ തരൂ എന്ന് പറയും. അപ്പോൾ പെട്ടെന്ന് ആളുകൾ വരും.
ടോക്കൺ കൊടുത്ത് ആളുകളെ പിടിച്ച് നിർത്തുകയായിരുന്നു. കാരണം പ്രൊഫഷണൽ ജൂനിയർ ആർട്ടിസ്റ്റുകളല്ല. അവിടെയുള്ള ആളുകളാണ്. വൈകീട്ട് എല്ലാവരും എത്തി രാവിലെ തിരിച്ച് പോകും. എല്ലാവരുടെ ദേഹത്തും ചെളിയാവണം. നിങ്ങൾ മൃഗത്തെ പോലെയാകണം എന്നാണ് ലിജോ പറഞ്ഞത്. എല്ലാവരും ഭംഗിയായി ചെയ്തു.
നാല് വശത്ത് നിന്നും ആളുകൾ ഓടിവരണം. അലറിക്കൊണ്ട് ഓടിവരുന്നതിനിടെ ഒരാൾ ഇതിനിടയിൽ നിന്ന് ഡാൻസ് ചെയ്തു. എല്ലാവരും കൂടിയാണ് റാംപിലേക്ക് ഓടിക്കയറേണ്ടത്. അതിനിടയിൽ ഒരാളിങ്ങനെ ഒച്ച വെച്ചതോടെ ലിജോ ഭയങ്കരമായി ഷൗട്ട് ചെയ്തു. അത് വീണ്ടും റീ ടേക്ക് വേണ്ടി വന്നെന്നും ആൻസൺ ആന്റണി ഓർത്തു.


Click it and Unblock the Notifications











