മഞ്ജു പ്രകാശിക്കും മുമ്പ് മങ്ങിപ്പോയ നക്ഷത്രം; മീരയും മഞ്ജുവും തമ്മിലുള്ള വ്യത്യാസം; ലോഹിതദാസ് പറഞ്ഞത്
ലയാള സിനിമാ ലോകത്തിന് ലഭിച്ച രണ്ട് മികച്ച നടിമാരാണ് മഞ്ജു വാര്യരും മീര ജാസ്മിനും. മഞ്ജു വാര്യർക്ക് ശേഷം അത്രയും ശക്തമായ കഥാപാത്രങ്ങൾ കരിയറിൽ ലഭിച്ച നടി മീര ജാസ്മിനാണ്. മഞ്ജു സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്ന കാലത്ത് ഒരു പരിധി വരെ ആ വിടവ് നികത്താൻ മീരയ്ക്ക് സാധിച്ചു. മഞ്ജുവിന് പകരക്കാരിയായാണ് പ്രഗൽഭരായ പല സംവിധായകരും മീരയെ കണ്ടത്. ശക്തമായ കഥാപാത്രങ്ങൾ മീരയെ തേടി തുടരെ വന്നു. അക്കാലത്ത് മീര ജാസ്മിന് കരിയറിൽ ഗോഡ്ഫാദറായി നിന്നത് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസാണ്.
ഇദ്ദേഹത്തിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ഇദ്ദേഹത്തിന്റെ കസ്തൂരി മാൻ എന്ന സിനിമയിലും മീര അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. മഞ്ജുവിന്റെ ആദ്യ സിനിമ ലോഹിക്കൊപ്പമല്ലെങ്കിലും കരിയറിലെ രണ്ടാമത്തെ ചിത്രം സല്ലാപത്തിന് തിരക്കഥയെഴുതിയത് ഇദ്ദേഹമാണ്. മഞ്ജുവിനെയും മീര ജാസ്മിനെയും താരതമ്യം ചെയ്ത് കൊണ്ട് ലോഹിതദാസ് ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പ്രകാശിക്കും മുമ്പ് മങ്ങിപ്പോയ നക്ഷത്രം പോലെയാണ് മഞ്ജുവിനെ എനിക്ക് തോന്നുന്നത്. മീര കഥാപാത്രങ്ങളുടെ ഇമോഷനിലേക്ക് പെട്ടെന്ന് സഞ്ചരിച്ച് കയറാൻ കഴിയുന്ന കുട്ടിയാണ്. കഥാപാത്രത്തിന്റെ ഇമോഷൻ സ്വന്തം ഇമോഷനായി കാണാനുള്ള ശേഷിയുണ്ട് ആ കുട്ടിക്ക്. സ്വന്തം ഇമോഷനായി മാറുമ്പോൾ അവൾ റിയലായി ഇമോട്ട് ചെയ്യും. മഞ്ജുവും മീരയും തമ്മിലുള്ള വ്യത്യാസം മീര കുറേക്കൂടി ഫെമിനിൻ ആണ്.
മഞ്ജു അത്ര ഫെമിനിൻ അല്ല. ഫെമിനിൻ ആകുന്നത് ഒരു പ്ലസ് പോയന്റ് ആകാമെന്നും ലോഹിതദാസ് വ്യക്തമാക്കി. ദിലീപ് തനിക്ക് അനുജനെ പോലെയാണെന്നും ലോഹിതദാസ് അന്ന് പറഞ്ഞു. മീരയുടെ കരിയറിൽ വലിയ സ്വാധാനമുണ്ടാക്കിയ വ്യക്തിയാണ് ലോഹിതദാസ്. ഇതേക്കുറിച്ച് മുമ്പൊരിക്കൽ നടി സംസാരിച്ചിട്ടുണ്ട്. വലിയ ഗോഡ്ഫാദർ, എന്ത് പറഞ്ഞാലും ലോഹിയങ്കിൾ എന്ന് ഓരോരുത്തർ പറയുമായിരുന്നു. അതെ, എന്ത് പറഞ്ഞാലും എനിക്ക് ലോഹിയങ്കിളാണ്.

എനിക്കെന്തെങ്കിലും നല്ല കാര്യം വന്നാൽ അദ്ദേഹത്തെ ഓർക്കും. നല്ല രീതിയിൽ ഗുരുവും ശിഷ്യയും ഉള്ളതിന്റെ ഉദാഹരണമാണ് അങ്കിളും ഞാനും. അത് താൻ അഭിമാനത്തോടെ പറയുമെന്നും മീര ഒരിക്കൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. സിനിമാ രംഗത്തേക്ക് വരുന്ന പെൺകുട്ടിക്ക് അപകട സാധ്യതകളുണ്ടെന്നും അന്ന് നടി തുറന്ന് പറഞ്ഞു. പല സന്ദർഭങ്ങളിലും ചെന്ന് പെട്ടിട്ടുണ്ട്. അവിടെയാെക്കെ ശക്തി പകർന്ന് തന്നത് ലോഹിയങ്കിളാണെന്നും മീര ജാസ്മിൻ പറഞ്ഞു.
സിനിമയിൽ പേരും പ്രശസ്തിയും ലഭിക്കും. വലിയ നടൻമാർക്കൊപ്പം അഭിനയിക്കും. അവർ ഡ്രിംങ്ക്സ് ഓഫർ ചെയ്തു. അവരെന്ത് കരുതും എന്ന് കരുതി മദ്യപിച്ചാൽ നാളെ ഒരു മോശം സമയം വരുമ്പോഴും മദ്യത്തെയാണ് ആശ്രയിക്കുകയെന്ന് ലോഹിതദാസ് ഉപദേശിച്ചിട്ടുണ്ടെന്നും മീര അന്ന് തുറന്ന് പറഞ്ഞു.


Click it and Unblock the Notifications