താലി വാങ്ങാൻ പണമില്ല, മമ്മൂട്ടിയോട് 2000 രൂപ ചോദിച്ചു; ആലീസിന്റെ വള തന്ന ഇന്നസെന്റ്; ശ്രീനിവാസന്റെ വാക്കുകൾ
ആരോഗ്യ നില മോശമായതിനാൽ സിനിമാ രംഗത്ത് ശ്രീനിവാസൻ സജീവമല്ല. എന്നാൽ സിനിമാ ലോകവും പ്രേക്ഷകരും ബഹുമാന്യ സ്ഥാനം ഇപ്പോഴും ശ്രീനിവാസന് നൽകുന്നു. മക്കളായ വിനീതും ധ്യാനും കരിയറിൽ സജീവമാണ്. നടനെന്നതിനൊപ്പ തിരക്കഥാകൃത്തായും പേര് നേടിയ ശ്രീനിവാസന് സിനിമാ ലോകത്ത് സൗഹൃദങ്ങൾ ഏറെയാണ്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങളോട് അഭിപ്രായങ്ങൾ തുറന്ന് പറയാനും വിമർശിക്കാനും മടിയില്ലാത്ത ശ്രീനിവാസൻ ചിലപ്പോഴൊക്കെ വിവാദങ്ങളിൽ അകപ്പെട്ടിട്ടുമുണ്ട്.
എന്നാൽ മമ്മൂട്ടിയുമായുള്ള ശ്രീനിവാസന്റെ സൗഹൃദത്തിന് ഒരിക്കലും കോട്ടം തട്ടിയിട്ടില്ല. തന്റെ വിവാഹ സമയത്ത് മമ്മൂട്ടി ചെയ്ത സഹായത്തെക്കുറിച്ച് ഒരിക്കൽ ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണയ വിവാഹമായിരുന്നു ശ്രീനിവാസന്റേത്. അന്ന് ഇന്നത്തെ പേരും പ്രശ്സ്തിയും നടനില്ല. വിവാഹത്തിന് ഭാര്യക്കണിയാൻ താലി മാല വാങ്ങാൻ പോലും പണമില്ലായിരുന്നെന്ന് ശ്രീനിവാസൻ പറയുന്നു.

'നാട്ടിലുള്ള പെൺകുട്ടിയുമായി പ്രണയമുണ്ടായി. സാമ്പത്തികമൊന്നും നോക്കിയില്ലല്ലോ പ്രണയിക്കുന്നത്. ഇന്നസെന്റ് എന്റെ കയ്യിൽ 400 രൂപ തന്നു. നിങ്ങളുടെ കയ്യിൽ പെെസയില്ലല്ലോ, എവിടെ നിന്ന് കിട്ടി ഈ പണമെന്ന് ഞാൻ ചോദിച്ചു. ആലീസിന്റെ വളയാണ്. മാർവാടിയുടെ കയ്യിൽ കിടന്ന് നല്ല ശീലമുള്ള വളയാണ്, നീ കൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞു. ആ 400 രൂപയും കൊണ്ടാണ് ഞാൻ നാട്ടിലേക്ക് എത്തുന്നത്. വെെകുന്നേരമായപ്പോൾ അമ്മ പറഞ്ഞു അവളുടെ കഴുത്തിൽ സ്വർണത്തിന്റെ താലി കെട്ടണമെന്ന്'
'എന്റെ കയ്യിൽ പെെസയില്ലെന്ന് ഞാൻ. അതില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് അമ്മ ഒരുപാട് വാശി പിടിച്ചു. ഞാൻ മമ്മൂട്ടിയുടെ അടുത്ത് പോയി. നാളെ എന്റെ വിവാഹമാണ്, രജിസ്റ്റർ ഓഫീസിൽ വെച്ചാണ് എനിക്കൊരു രണ്ടായിരം രൂപ വേണം ഒരു ആവശ്യമുണ്ടെന്ന് പറഞ്ഞു. രണ്ടായിരം രൂപ അദ്ദേഹം തന്നു. അങ്ങനെ ഞാൻ ഇത് കൊണ്ട് സ്വർണത്തിന്റെ താലി വാങ്ങിച്ചു. രജിസ്റ്റർ ഓഫീസിന്റെ വരാന്തയിൽ വെച്ചാണ് ഞാനത് ഭാര്യയുടെ കഴുത്തിൽ കെട്ടുന്നത്. ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും മുസ്ലിമായ മമ്മൂട്ടി തന്ന രൂപയും കൊണ്ട് ഹിന്ദുവായ ഞാൻ കെട്ടിയ സ്വർണത്താലി,' ശ്രീനിവാസന്റെ വാക്കുകളിങ്ങനെ.

ആരോഗ്യപ്രശ്നങ്ങളാൽ സിനിമകളിൽ ശ്രീനിവാസനെ ഇപ്പോൾ കാണാറില്ല. പഴയത് പോലെ ശ്രീനിവാസൻ കരിയറിൽ സജീവമാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. 2022 ൽ ഹൃദയാഘാതം വന്ന ശേഷമാണ് ശ്രീനിവാസന്റെ ആരോഗ്യ നില മോശമായത് പൊതുജനം അറിയുന്നത്. ഇതേക്കുറിച്ച് ഒരിക്കൽ നടൻ സംസാരിച്ചിട്ടുമുണ്ട്. മരണത്തെ തനിക്കിപ്പോൾ പേടിയില്ല. പല തവണ മരിച്ചത് പോലെയാണ്. ശ്വാസം മുട്ടൽ വന്ന് ബോധം പോയപ്പോഴൊക്കെ മരണം തന്നെയായിരുന്നു.
ആശുപത്രിയിൽ വേദന കൊണ്ട് പുളഞ്ഞിട്ടുണ്ട്. ആശുപത്രി വരെ എത്തില്ലെന്ന് വിചാരിച്ചിരുന്നു. വേദന സഹിക്കാൻ പറ്റില്ല. അതിനേക്കാൾ നല്ലത് മരണമാണെന്ന് തോന്നുമെന്നും ശ്രീനിവാസൻ പറഞ്ഞു. വിമല എന്നാണ് ശ്രീനിവാസന്റെ ഭാര്യയുടെ പേര്. മൂത്ത മകൻ വിനീത് ശ്രീനിവാസൻ സംവിധാനവും അഭിനയവുമായി മുന്നോട്ട് പോകുകയാണ്. ഇളയ മകൻ ധ്യാൻ ശ്രീനിവാസൻ അഭിനയത്തിലാണ് ശ്രദ്ധ കൊടുക്കുന്നത്. നേരത്തെ ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമ ധ്യാൻ സംവിധാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











