മക്കളുടെ തീരുമാനങ്ങൾ അവരെടുക്കും; ദുൽഖറിന്റെ കരിയറിൽ ഇടപെടില്ലെന്ന് മമ്മൂട്ടി തീരുമാനിച്ചത് ഇത് കൊണ്ടാണ്
മലയാള സിനിമയിൽ എന്നുള്ളതിൽ വച്ച് കരിയറിൽ ഒരു പോലെ തിളങ്ങി അച്ഛനും മകനും ആരെന്ന് ചോദിച്ചാൽ അതിന് മമ്മൂട്ടിയും ദുൽഖർ സൽമാനും, എന്നാണ് ഉത്തരം. ചെന്നൈയിൽ, മലയാള സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി വളർന്ന താര പുത്രനെ അധികമാരും ഒരു കാലത്ത് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാലിന്ന്, ദുൽഖർ പാൻ ഇന്ത്യ തലത്തിൽ അറിയപ്പെടുന്ന പ്രമുഖ നടനും, നിർമ്മാതാവുമാണ്. പക്ഷെ ഇന്ന് വരെ അദ്ദേഹത്തെ അച്ഛൻ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമയിൽ കാണാൻ ആരാധകർക്ക് ഭാഗ്യം കിട്ടിയിട്ടില്ല.
എന്നാൽ കുറെ വർഷങ്ങൾക്ക് മുൻപ്, കൈരളി ടി.വി.ക്ക് നൽകിയ അഭിമുഖത്തിൽ, മക്കളായ സുറുമിയെയും ദുൽഖറിനെയും കുറിച്ചും, അവരുടെ കരിയറുകളെ കുറിച്ചും മെഗാസ്റ്റാർ മനസ്സ് തുറന്നിരുന്നു. അന്ന്, മക്കളുടെ കരിയറിന്റെ കാര്യത്തിലോ, ജീവിതത്തിൽ അവരെടുക്കുന്ന തീരുമാനങ്ങളിലോ താനും ഭാര്യ സുൽഫത്തും ഇടപെടില്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഒപ്പം, കരിയറിൽ സപ്പോർട്ട് ചെയ്യാൻ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മക്കളെ സിനിമയിൽ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, "എനിക്ക് അങ്ങനെ പ്രതീക്ഷിക്കാൻ പറ്റില്ല. അത് അവരോട് ചോദിക്കണം," എന്നാണ് ലെജൻഡറി താരം മറുപടി പറഞ്ഞത്. "അങ്ങനെയൊന്നും ഇത് വരെ അവർ ഒരാഗ്രഹം പറഞ്ഞിട്ടില്ല. അത് കൊണ്ടല്ലേ അവർ ഇന്ന് പഠിക്കുന്നത്. പഠിച്ചു കഴിഞ്ഞിട്ട് ഇപ്പോൾ സപ്പോർട്ട് ചെയ്യേണ്ട അവസ്ഥയിൽ അവർ എത്തിയാൽ - സപ്പോർട്ട് ചെയ്യാതെ വേണം വരാൻ," മക്കൾ സിനിമയിലേക്ക് വരാൻ തീരുമാനിച്ചാൽ സപ്പോർട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു. ഒപ്പം, സുറുമിയുടെയും, ദുൽഖറിന്റെയും തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്ന അച്ഛനല്ല താനെന്നും അദ്ദേഹം വെളിപ്പെടുത്തി.

"ഇപ്പോൾ, എന്നെ ആരും സപ്പോർട്ട് ചെയ്തിട്ടല്ല ഞാൻ സിനിമയിൽ വന്നത്. എന്റെ അച്ഛനും അമ്മയും എതിർത്തില്ല എന്നേയുള്ളു. അത് കൊണ്ട് എന്റെ മക്കളെ ഞാനും എതിർക്കാൻ പോണില്ല. ഇപ്പൊൾ അവർ പഠിക്കുന്ന കോഴ്സുകൾ ആയാലും, അവർ തിരഞ്ഞെടുത്ത ഇത് വരെയുള്ള അവരുടെ സ്റ്റഡീസ് ആയാലും, ഒന്നും ഞാൻ ഇത് വരെ എതിർത്തിട്ടില്ല. അത് ശരിയാണെങ്കിൽ ശരി. അവർക്ക് തോന്നുന്നതല്ലേ. അവരുടെ ജീവിതമാണ് അവർ തിരഞ്ഞെടുക്കാൻ പോവുന്നത്. അതിൽ നമ്മൾ ആവശ്യമില്ലാതെ ഇടപെട്ട് - അങ്ങനെ ചെയ്താൽ അത് നമ്മുടെ സ്വാർത്ഥതയാണ്. "അവിടെ പഠിക്കാൻ പറ്റില്ല, എനിക്ക് നിന്ന് രാവിലെ വീട്ടിൽ കാണണം," എന്നൊക്കെ പറഞ്ഞാൽ. അവർക്ക് പഠിക്കണ്ടേ?" മമ്മൂട്ടി പറഞ്ഞു.
എന്തായാലും, പഠിത്തം കഴിഞ്ഞ് ചിത്രരചനയും, ബിസിനസ്സും, ഗൃഹഭരണവുമായി തിരക്കിലാണ് മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മകളും, ദുൽഖർ സൽമാന്റെ ചേച്ചിയുമായ സുറുമി. ദുല്ഖറാവട്ടെ, പഠിത്തം കഴിഞ്ഞ് ആദ്യം കാലൂന്നിയത് ബിസിനസ്സിലേക്കാണ്. അതിൽ വിജയിച്ച്, മുംബൈയിലെ ഒരു ആക്ടിങ് സ്കൂളിൽ ചേർന്ന് അഭിനയത്തിന്റെ ബാലപാഠങ്ങൾ കൂടി പഠിച്ചതിന് ശേഷമാണ് നടൻ 'സെക്കന്റ് ഷോ' എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയത്. ഇന്ന്, മലയാള സിനിമയുടെ ഇൻഡസ്ട്രി ഹിറ്റ് ആയ 'ലോക: ചാപ്റ്റർ 1 - ചന്ദ്ര' എന്ന ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ച്, സിനിമയിലെ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു കഴിഞ്ഞു പാൻ ഇന്ത്യൻ താരം.


Click it and Unblock the Notifications











