ആളുകളെ കാണുമ്പോൾ ചിരിക്കാൻ മറക്കും: തലക്കനത്തെ കുറിച്ച് മമ്മൂട്ടി മനസ്സ് തുറന്നപ്പോൾ
മമ്മൂട്ടി എന്നും മലയാള സിനിമയ്ക്ക് അഭിമാനവും മുതൽക്കൂട്ടുമാണ്. അഞ്ചു പതിറ്റാണ്ടുകൾക്ക് മേലെ നീണ്ട അഭിനയ ജീവിതത്തിനിടയിൽ അനേകം അനശ്വര കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയിൽ അവതരിപ്പിച്ചു. കുറച്ചു മാസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് മെഗാസ്റ്റാർ. ഇന്ന്, മലയാള സിനിമയുടെ പ്രേക്ഷകരും സിനിമ പ്രേമികളും ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് അദ്ധേഹത്തിന്റെ മടങ്ങി വരവിനായാണ്.
എന്നാൽ, മമ്മൂട്ടിയുടെ പേരിനൊപ്പം എന്നും പ്രേക്ഷകർ ചേർത്ത് പറഞ്ഞിരുന്ന ഒരു വാക്കാണ് 'ജാഡ'. മെഗാസ്റ്റാർ അത്യാവശ്യം തലക്കനമുള്ള ഒരു വ്യക്തിയാണ്, ആരാധകരോടും മാധ്യമ പ്രവർത്തകരോടും ഒട്ടും മയമില്ലാതെ പെരുമാറുന്ന വ്യക്തിയാണ് എന്നിങ്ങനെ ഒരുപാട് ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ കടന്നു വരവോടെ, മമ്മൂട്ടി എന്ന വ്യക്തിയെ പ്രേക്ഷകർ അടുത്തറിഞ്ഞു തുടങ്ങിയപ്പോൾ മാത്രമാണ് ഈ ആരോപണങ്ങൾക്ക് മാറ്റം വന്നത്.

മുൻപൊരിക്കൽ, മനോരമ ന്യൂസ് ചാനലിലെ 'നേരെ ചൊവ്വേ' എന്ന പരിപാടിയിൽ പങ്കെടുത്ത മമ്മൂട്ടി, ജാഡക്കാരൻ എന്ന വിളിയെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. പ്രശസ്ത മാധ്യ പ്രവർത്തകനും, പരിപാടിയുടെ അവതാരകനുമായ ജോണി ലൂക്കോസിന്റെ ചോദ്യത്തിന് മറുപടിയായാണ്, തനിക്ക് തലക്കനമുണ്ടെന്ന ആരോപണത്തിന് പിന്നിലെ യഥാർത്ഥ കാരണത്തെ കുറിച്ച് മെഗാസ്റ്റാർ മറുപടി പറഞ്ഞു. പലപ്പോഴും, താൻ ഒരു സിനിമ നടൻ ആണെന്നത് മറന്ന്, വെറും മമ്മൂട്ടിയായി താൻ ചിന്തിക്കുന്നതിന്റെ കുഴപ്പമാണ് അതെന്നാണ് ലെജൻഡറി താരം പറഞ്ഞത്.
"ഈ തലക്കനത്തിന്റെ സത്യസന്ധമായ ഒരു കുമ്പസാരം എന്ന് പറയുന്നത്, ഇത് തലക്കനമല്ല ശരിക്കും, എന്നതാണ്. ഞാൻ ഒരു ആക്ടർ അല്ലെങ്കിൽ സ്റ്റാർ ആണെന്നൊന്നും എന്റെ മനസ്സിൽ എനിക്ക് തോന്നിയിട്ടില്ല. അത് കൊണ്ടാണ് ഞാൻ ഈ താരത്തെ ചുമന്ന് നടക്കാത്തത്. നിങ്ങൾ യഥാർത്ഥത്തിൽ കാണുന്നയാൾക്കാണ് ഈ തലക്കനം. എന്താണ് തലക്കനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? നിങ്ങൾ നോക്കുമ്പോൾ ഞാൻ ചിരിക്കില്ല, എന്നൊക്കെയാണ്. "ഞാൻ മമ്മൂട്ടിയാണെടോ, ഞാനൊരു ആക്ടർ ആണെടോ," എന്നൊക്കെ ഓർത്ത് എല്ലാരേയും നോക്കി ചിരിച്ചു കാണിക്കാൻ എനിക്ക് സാധിക്കാറില്ല," മെഗാസ്റ്റാർ പറഞ്ഞു.

"എന്റെ മനസ്സിൽ അത് ഇപ്പോഴും കേറി വരില്ല. ഒരുപക്ഷെ അർഹിക്കാത്ത ഒരു സ്ഥാനത്ത് എന്നെ കേറ്റി ഇരുത്തിയതിന്റെ കുഴപ്പമാവാം. ഇങ്ങനെയൊന്നുമല്ല ഒരു നടൻ പെരുമാറേണ്ടത്. ഒരു നടൻ കുറച്ചു കൂടി ജനകീയനാവണം, ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണം. അതിന് ഞാൻ ഈ രീതിയല്ല ഉപയോഗിക്കുന്നത്. ഒരു പൊതു വേദിയിൽ അല്ലാതെ, ഒറ്റക്ക് പോകുമ്പോഴൊക്കെ ഞാൻ ഞാൻ മാത്രമാണ്. മമ്മൂട്ടി എന്ന നടനാവുന്നത് ആളുകൾക്ക് ഇടയിൽ ഇരിക്കുമ്പോഴാണ്, അല്ലാത്തപ്പോൾ ഞാൻ വെറും മമ്മൂട്ടിയാണ്. ഒറ്റയ്ക്ക് എവിടെയെങ്കിലും നിൽക്കുമ്പോഴൊക്കെ ഞാൻ സാധാരണ ഒരാളാണ്. അപ്പോൾ ആ സമയത്തൊക്കെ ഞാൻ ആലോചിക്കില്ല, ഞാൻ ഇവരോടൊക്കെ ചിരിക്കണമല്ലോ, ഇവർക്കൊക്കെ എന്നെ അറിയാമല്ലോ എന്ന്," മമ്മൂട്ടി വിശദീകരിച്ചു.
ഒരു നടനെന്ന നിലയിൽ തന്നെ മെയിന്റൈൻ ചെയ്യാൻ തനിക്ക് അറിഞ്ഞുകൂടായെന്ന് സമ്മതിച്ച മമ്മൂട്ടി, ഒരു നടൻ എന്ന നിലയ്ക്ക് ചെയ്യേണ്ട പല കാര്യങ്ങളും താൻ മറന്നു പോകാറുണ്ട് എന്നും സമ്മതിച്ചു. എന്തായാലും, ഇന്നത്തെ അവസ്ഥ എടുത്താൽ, മെഗാസ്റ്റാർ എത്രയും പെട്ടെന്ന് മടങ്ങി വരാനും, അദ്ധേഹത്തിന്റെ പുതിയ സിനിമകൾ കാണാനുമായി ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇന്ന്, ആ ജാഡക്കാരനായ മമ്മൂട്ടിയെ അവർ മിസ് ചെയ്യുകയാണ്.


Click it and Unblock the Notifications











