മര്യാദയ്ക്ക് പോകുന്നവനെ പോലും ചീത്ത വിളിച്ചു; അന്ന് മമ്മൂക്കയുടെ വണ്ടി നാട്ടുകാർ തടഞ്ഞു; ശാന്തിവിള പറഞ്ഞത്
വാഹനങ്ങളോട് വലിയ ഭ്രമമുള്ള താരമാണ് മമ്മൂട്ടി. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ മമ്മൂട്ടിക്ക് സ്വന്തമായുണ്ട്. അന്നും ഇന്നും മമ്മൂട്ടിയുടെ വാഹനങ്ങളോടുള്ള താൽപര്യത്തിൽ മാറ്റം വന്നിട്ടില്ല. ഇതിന് പുറമെ വിലപിടിപ്പള്ള ബ്രാൻഡ് വസ്ത്രങ്ങൾ. ഡിവൈസുകൾ തുടങ്ങിയവും ഇറങ്ങുമ്പോൾ തന്നെ സ്വന്തമാക്കാൻ മമ്മൂട്ടി ശ്രമിക്കാറുണ്ട്. മമ്മൂട്ടിയുടെ ഈ പ്രത്യേകത ആരാധകർക്കും ഇഷ്ടമാണ്. മമ്മൂട്ടിയുടെ ഡ്രെെവിംഗിനെക്കുറിച്ച് മുമ്പൊരിക്കൽ സംവിധായകൻ ശാന്തിവിള ദിനേശ് സംസാരിട്ടിച്ചിട്ടുണ്ട്.
ഒരുമിച്ച് യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് കൗമുദി ടിവിയിൽ ശാന്തിവിള ദിനേശ് പങ്കുവെച്ചത്. ഈ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. വണ്ടിയോട് എന്നും ക്രേസുള്ള ആളാണ് മമ്മൂക്ക. കേരള കൗമിദിക്ക് വേണ്ടി മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ ചെയ്തു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ഞാൻ പങ്കജ് ഹോട്ടലിൽ ചെല്ലും. മമ്മൂക്കയുടെ കൂടെ കാറിൽ കയറും. നോമ്പ് കാലമായിരുന്നു അത്.

പാളയം പള്ളിയിലേക്ക് പ്രാർത്ഥനയ്ക്ക് പോകുമ്പോൾ പാളയത്ത് ഇറക്കി വിടും. അഞ്ച് ദിവസം കൊണ്ടാണ് ആ ഇന്റർവ്യൂ എടുത്തത്. ആ അഞ്ച് ദിവസം ആ കാർ യാത്ര സത്യം പറഞ്ഞാൽ കാലനെ മുന്നിൽ കണ്ടത് പോലെയായിരുന്നു. ഏതെല്ലാം ഗട്ടറുകളും ബംബറുകളും ഉണ്ടോ അതിലെല്ലാം കയറ്റി ഇറക്കിയെന്ന് ശാന്തിവിള ദിനേശ് ഓർത്തു.
വളരെ മര്യാദയ്ക്ക് ഓടിച്ച് പോകുന്നവരെയൊക്കെ ചീത്ത പറയും. ഗ്ലാസുള്ളത് കൊണ്ട് ആരാണ് ഓടിക്കുന്നതെന്നോ എന്താണ് പറയുന്നതെന്നോ അറിയില്ല. ശരിക്കും അഞ്ച് ദിവസം എന്നെ പേടിപ്പെടുത്തിയ യാത്രയായിരുന്നു അത്. ജീവിതത്തിൽ ഞാൻ മറക്കില്ലെന്നും അന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. മമ്മൂട്ടിയുടെ ഡ്രെെവിംഗിനെക്കുറിച്ചുള്ള മറ്റൊരു അനുഭവവും ശാന്തിവിള ദിനേശ് അന്ന് പങ്കുവെച്ചു.

പുറപ്പാട് എന്ന സിനിമയുടെ ഷൂട്ടിംഗ് മൂലമറ്റത്തായിരുന്നു. അവിടെത്തന്നെ ഷാജി കൈലാസിന്റെ സൺഡേ 7 പിഎം എന്ന സിനിമയുടെ ഷൂട്ടിംഗും നടക്കുന്നുണ്ട്. ഈ രണ്ട് പടവും നടക്കുമ്പോഴാണ് പാലക്കാട് മൃഗയ എന്ന സിനിമ നടക്കുന്നത്. മൃഗയയുടെ കുറേ ഭാഗങ്ങൾ തീർക്കാനുണ്ട്. സൺഡേ സെവൻ പിഎമ്മിലുള്ള മഹേഷിനും പുറപ്പാടിലുള്ള മമ്മൂക്കയ്ക്കും അവിടെ പോകണം.
പകൽ ഷൂട്ട് കഴിഞ്ഞ് രാത്രി പത്ത് മണിയാകുമ്പോൾ ഫ്രഷ് ആയി മമ്മൂക്ക കാറെടുക്കും. അങ്ങനെ പോകവെ ഒരു വഴിയാത്രക്കാരനെ ഇടിച്ചിട്ടു. അയാൾ വീണു. ആളുകൾ കൂടി. മഹേഷ് ഇറങ്ങി സോറിയൊക്കെ പറഞ്ഞ് സംസാരിച്ചു. അപ്പോൾ ഒരു നാട്ടുകാരൻ സാറ് മര്യാദ കാണിച്ചു. പക്ഷെ വിവരമില്ലാത്ത ഈ ഡ്രെെവർ ഇറങ്ങിയില്ല.
ഇയാൾ ഇറങ്ങിയിട്ടേ വണ്ടി വിടൂ എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. ഡ്രെെവർ ഒരു തരത്തിലും ഇറങ്ങുന്നില്ല. അവസാനം പ്രശ്നമായി കാർ തല്ലിപ്പൊളിക്കുമെന്ന അവസ്ഥ എത്തിയപ്പോൾ ഡ്രെെവർ ഡോർ തുറന്ന് ഇറങ്ങി. തലയിൽ ചുവന്ന തോർത്തൊക്കെ കെട്ടി മമ്മൂക്കയായിരുന്നു അത്. തൊടുപുഴ നിവാസികൾ മൊത്തം ഞെട്ടിപ്പോയി. തന്നെ കണ്ട് പ്രശ്നമാകേണ്ടെന്ന് കരുതിയാണ് മമ്മൂക്ക ഇറങ്ങാതിരുന്നത്. പിന്നെ സോറിയൊക്കെ പറഞ്ഞ് കാറെടുത്ത് പോകുകയായിരുന്നെന്നും ശാന്തിവിള ദിനേശ് അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications