മണിയേട്ടൻ എന്റെയാെപ്പം ചങ്കൂറ്റത്തോടെ നിന്നു; അദ്ദേഹം കരഞ്ഞാൽ ഞാനും കരയുമായിരുന്നു; മഞ്ജു പറഞ്ഞത്
മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടൻ കലാഭവൻ മണി അന്തരിച്ചിട്ട് ഏഴ് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. വർഷങ്ങൾക്കിപ്പുറവും മണിയുടെ ഓർമ്മകൾ സിനിമാ ലോകത്ത് അനശ്വരമായി തുടരുന്നു. സിനിമയ്ക്ക് പുറത്ത് നല്ല മനസ്സിനുടമയായാണ് മണി എപ്പോഴും അറിയപ്പെട്ടത്.
നിരവധി പേർക്ക് സഹായങ്ങൾ നൽകാൻ മണി മടി കാണിച്ചില്ല. കോമഡി വേഷങ്ങളിലൂടെ സിനിമകളിൽ തുടക്കം കുറിച്ച കലാഭവൻ മണിക്ക് പിന്നീട് നായക നിരയിലേക്ക് ഉയരാനും സാധിച്ചു.
കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിൽ മണി ചെയ്ത വേഷം പ്രേക്ഷക മനസ്സിൽ ഇന്നും നിലനിൽക്കുന്നു. തമിഴ് സിനിമകളിൽ നിരവധി വില്ലൻ വേഷങ്ങളിലും മണി അഭിനയിച്ചിട്ടുണ്ട്. കരിയറിൽ ഒരു ഘട്ടത്തിൽ നടന് ഹിറ്റ് സിനിമകൾ ലഭിക്കാതെയുമായിരുന്നു. എന്നാൽ ആമേൻ, അയാളും ഞാനും തമ്മിൽ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ തന്നിലെ അഭിനേതാവിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് കലാഭവൻ മണി തെളിയിച്ചു.

മണിയുടെ വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം ദുഖിച്ചിരുന്നു. നടന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് അന്ന് പല താരങ്ങളും മണിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു. അന്ന് നടി മഞ്ജു വാര്യരും നടനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു. അന്ന് മഞ്ജു പറഞ്ഞ വാക്കുകൾ വായിക്കാം.
'സ്കൂളിൽ പഠിക്കുന്ന സമയത്ത് അവധിക്കാലത്ത് അച്ഛൻ വിസിആർ വാടകയ്ക്കെടുത്ത് തരും. ഗൾഫ് പ്രോഗ്രാമിന്റെ കാസറ്റിലാണ് മണിയേട്ടനെ ആദ്യമായി കാണുന്നത്. പ്രത്യേകതയുള്ള ചിരിയും, പതിനാറ് പാട്ടുകൾ ഒരുമിച്ച് പാടുന്ന മണിയേട്ടന്റെ നമ്പറുമൊക്കെ'
'അന്ന് തന്നെ മണിയേട്ടന്റെ ഏറ്റവും വലിയ ആരാധിക ആരാണെന്ന് ചോദിച്ചാൽ ഞാനാണെന്ന് ഒരു സംശയവുമില്ലാതെ പറയുമായിരുന്നു. എന്റെ ആദ്യത്തെ സിനിമ മോഹൻസാറിന്റെ സാക്ഷ്യം ആണ്. മണിചേട്ടന്റെ ആദ്യത്തെ സിനിമ സിബി സാറിന്റെ അക്ഷരമാണ്'
'പക്ഷെ ഞങ്ങൾക്ക് രണ്ട് പേർക്കും ശ്രദ്ധിക്കപ്പെട്ട വേഷം ലഭിച്ചത് സല്ലാപം സിനിമയിലാണ്. മണിയേട്ടൻ പാടിയ നാടൻ പാട്ടുകൾ മണിയേട്ടനെക്കാൾ കാണാപാഠം എനിക്കായിരുന്നു. ഓരോ ഷൂട്ടും ആഘോഷം നിറഞ്ഞ ഓർമ്മകളാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. അതിന്റെ കണക്കൊന്നും ഞാനെടുത്തിട്ടില്ല'
'ഷൂട്ടിംഗിൽ ഗ്ലിസറിനില്ലാതെ മണിയേട്ടൻ കരയുന്നതും അദ്ദേഹത്തിന്റെ പ്രകടനവുമൊക്കെ അത്ഭുതപ്പെട്ട് ഞാൻ നോക്കി നിന്നിട്ടുണ്ട്. ഞാനും ഒപ്പം കരയും. എനിക്കറിയില്ല, എനിക്കത്രയും ഇഷ്ടമുള്ളത് കൊണ്ടാണോയെന്ന്. ചിരിച്ചോണ്ട് സംസാരിച്ച് തുടങ്ങും. പക്ഷെ ആ സംഭാഷണം അവസാനിക്കുമ്പോൾ മണിയേട്ടനും കരയും കൂടി നിന്ന നമ്മളും കരയും'

'പകുതി മനസേ പൊരുത്തപ്പെട്ടിട്ടുള്ളൂ മണിയേട്ടനില്ല എന്ന സത്യത്തോട്. എന്റെ ജീവിതത്തിൽ ഒരുപാട് സന്ദർഭങ്ങളിൽ ആ കരുതലും സ്നേഹവും വാത്സല്യവും തന്നു. ഒരുപാട് ചങ്കൂറ്റത്തോടെ എന്റെ കൂടെ നിന്നിട്ടുണ്ട് മണിയേട്ടൻ'
'അദ്ദേഹത്തിന്റെയടുത്ത് സഹായമഭ്യർത്ഥിച്ച് ചെന്ന് ഒരാളെയും അദ്ദേഹം നിരാശരാക്കിയിട്ടില്ല എന്ന് കേട്ടിട്ടുണ്ട്. അത് സത്യമായിരിക്കുമെന്ന വിശ്വാസവും എനിക്കുണ്ട്. അത്രയും നല്ല മനസ്സിന് ഉടമയായിരുന്നു'
'അദ്ദേഹം സിനിമയിലേക്ക് വരുന്നതിന് മുമ്പ് കുട്ടിക്കാലം മുതൽ അനുഭവിച്ച കഷ്ടപ്പാടുകൾ നമുക്കെല്ലാം അറിയാം. നന്നായി കരഞ്ഞിട്ടുള്ള ഒരാൾക്കേ നന്നായി ചിരിപ്പിക്കാൻ കഴിയുള്ളൂ എന്ന് അദ്ദേഹം കാണിച്ച് തന്നു. മനുഷ്യൻ ചിരിക്കുന്നിടത്തോളം കാലം മണിചേട്ടൻ ആരുടെയും ഓർമ്മകളിൽ നിന്ന് മായില്ലെന്ന് കാലം തെളിയിക്കും,' മഞ്ജു വാര്യർ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications