'ഗർഭിണിയുടെ വയറ് വെച്ചതോടെ മഞ്ജു തുള്ളിച്ചാടി; 19 കാരിയായ മഞ്ജു ക്യാമറയ്ക്ക് മുന്നിൽ മറ്റൊരാളായി'
മലയാള സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായിക നടിയാണ് മഞ്ജു വാര്യർ. ലേഡി സൂപ്പർ സ്റ്റാറെന്ന് ആരാധകർ വിളിക്കുന്ന മഞ്ജുവിന് ഇന്ന് കൈ നിറയെ സിനിമകളാണ് അന്നും. ഇന്നും മഞ്ജുവിനോട് പ്രേക്ഷകർക്ക് ഒരു പ്രത്യേക മമതയുണ്ട്. മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരുന്നത് നീണ്ട 13 വർഷമാണ്.
2016 ൽ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്. ആദ്യ കാലത്ത് ചെയ്ത് വെച്ച സിനിമകളാണ് മഞ്ജുവിന് ഇത്രയും ജനപ്രീതി വരാനുള്ള കാരണം.

സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിൽ മഞ്ജു ചെയ്ത കഥാപാത്രങ്ങൾ വലിയ ചലനമുണ്ടാക്കി. അക്കാലത്ത് നിരവധി പ്രമുഖർ മഞ്ജുവിന്റെ അഭിനയ മികവിനെ പുകഴ്ത്തി. പിന്നീട് സിനിമാ രംഗത്ത് നിന്ന് വിട്ട് നിൽക്കാനുള്ള മഞ്ജുവിന്റെ തീരുമാനം ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു.
ഇപ്പോഴിതാ മഞ്‍ജുവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അസോസിയേറ്റ് ഡയരക്ടർ ഷിബു ബാലൻ. മഞ്ജു അഭിനയിച്ച ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന സിനിമയിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സഫാരി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

'ഈ സിനിമയിലെ നായിക പാടുന്ന കണ്ണനെന്ന് പേര് എന്ന ഗാനം കുഞ്ഞിനെ താലോലിച്ച് കൊണ്ട് പാടുന്ന പാട്ടാണ്. ഒരുപാട് സ്വപ്നമുണ്ട് അവൾക്ക്. ഒരു കുഞ്ഞ് നഷ്ടപ്പെട്ടതോ ഭർത്താവ് വിറ്റതോ എന്നറിയാത്ത സ്ത്രീ കൂടിയാണ്'
'ആ അമ്മയുടെ ഫീൽ എത്രത്തോളം വലുതാക്കാൻ പറ്റുമോ അത്രത്തോളം വലുതാവും പിന്നീട് സത്യം തിരിച്ചറിയുമ്പോഴുണ്ടാവുന്ന ഇംപാക്ട്. ആ കുഞ്ഞിനെ സ്നേഹിക്കുന്നത് അത്രയും വ്യക്തമാവണം'

'നാട്ടിൻപുറത്തെ ഒരു റിയലിസ്റ്റിക്കായ അമ്മയുടെ ഫീൽ എന്തെന്നറിഞ്ഞ് വേണം ആ പാട്ട് ചെയ്യാൻ. മഞ്ജു പത്തൊൻപതാം വയസ്സിലാണ് അമ്മയായി അഭിനയിക്കുന്നത്. നന്നായി ഉൾക്കൊണ്ട് തന്നെയാണ് ചെയ്തത്. ബോൺ ആർട്ടിസ്റ്റ് ആണ്. മഞ്ജു ചെയ്യുമ്പോൾ അറിയാതെ വരികയാണ്'
'കറക്ട് ചെയ്യാനൊന്നുമില്ല. ക്യാമറയുടെ പിറകിൽ നിൽക്കുന്നവർക്ക് ആ ഫീൽ കിട്ടുന്ന പോലെയാണ് മഞ്ജു അഭിനയിക്കുക. മഞ്ജു അത്ര മനോഹരമായി അഭിനയിച്ചു'

'ഗർഭിണിയായി വയറൊക്കെ വെച്ച് അഭിനയിക്കാൻ മേക്കപ്പ് മാൻ പാണ്ഡ്യനും കോസ്റ്റ്യൂമറും ചേർന്ന് വയറ് വെച്ചപ്പോൾ മഞ്ജുവിന് ഭയങ്കര അത്ഭുതമായിരുന്നു. കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടി. ആ മഞ്ജുവാണോ ഇത്രയും ഫീലുള്ള സീൻ അഭിനയിച്ചതെന്ന് തോന്നും. രണ്ടും തീർത്തും വ്യത്യസ്തമാണ്'

'കൊച്ചുകുട്ടികളെ പോലെ തുള്ളിച്ചാടുന്ന മഞ്ജു ഇപ്പുറത്ത്, ഹെവി ആയ സീൻ ചെയ്യുന്ന മഞ്ജു അപ്പുറത്ത്. ഇത് രണ്ടും ഒരാൾ തന്നെയാണ് ചെയ്യുന്നത്. വയറ് വെപ്പിച്ച ദിവസം മഞ്ജു സ്റ്റിൽ ഫോട്ടോഗ്രാഫറെ വെച്ച് ഫോട്ടോ എടുപ്പിക്കുകയാണ്. പിന്നീട് കാണാൻ വേണ്ടി. ഞാൻ ഗർഭിണിയായാൽ എങ്ങനെയായിരിക്കുമെന്ന് അറിയാൻ വേണ്ടി ഒരുപാട് സ്റ്റിൽസ് എടുപ്പിച്ചു'
'മഞ്ജു എന്ന കഥാപാത്രമാണ് ഇരട്ടക്കുട്ടികളുടെ അച്ഛന്റെ നട്ടെല്ല്. കൊച്ചിനെ കൊടുത്ത ശേഷം ജയറാമിന്റെയടുത്തുള്ള സീനൊക്കെ 40 വയസോ മുപ്പത് വയസോ ഉള്ള സ്ത്രീ അഭിനയിക്കുന്ന ഇംപാക്ടിലാണ് മഞ്ജു ചെയ്തത്,' ഷിബു ബാലൻ പറഞ്ഞു.


Click it and Unblock the Notifications