പാരമ്പര്യമാണോ, എനിക്കും വരുമോ എന്നറിയില്ല; മഞ്ജു മകളെ പ്രസവിച്ച സമയത്താണ് അറിഞ്ഞതെന്ന് അമ്മയും
മലയാളികൾക്ക് മഞ്ജു വാര്യരെ പോലെ പ്രിയപ്പെട്ട മറ്റൊരു നടിയുണ്ടോ എന്ന് സംശയമാണ്. അത്ര മാത്രം ആഴത്തിൽ മഞ്ജു വാര്യർ ജനങ്ങളെ സ്വാധീനിക്കുന്നു. 46ാം പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചത്. ഈ പ്രായത്തിലും മഞ്ജുവിന്റെ ചുറുചുറുക്ക് ആരാധകരെ അത്ഭുതപ്പെടുത്തുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെയേ മഞ്ജുവിനെ പൊതുവേദികളിൽ കണ്ടിട്ടുള്ളൂ. ജീവിതത്തിൽ നിരവധി പ്രതിസന്ധി ഘട്ടങ്ങൾ നേരിട്ട മഞ്ജു വാര്യർക്ക് എങ്ങനെ ഇത്ര പോസിറ്റീവായിരിക്കാൻ സാധിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്.
ഇതേക്കുറിച്ച് മഞ്ജു മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാതാപിതാക്കൾ തനിക്ക് വലിയ പ്രചോദനമായിട്ടുണ്ടെന്ന് മഞ്ജു പറയുന്നു. പ്രതിസന്ധികളെ പുഞ്ചിരിച്ച് നേരിടുന്നത് അറിഞ്ഞോ അറിയാതെയോ അച്ഛനെയും അമ്മയെയും കണ്ട് വളർന്നത് കൊണ്ടാവാം. അച്ഛന് അസുഖം വന്നപ്പോഴും അമ്മയ്ക്ക് അസുഖം വന്നപ്പോഴുമെല്ലാം അവരുടെ മനക്കരുത്ത് താൻ കണ്ടിട്ടുണ്ടെന്ന് മഞ്ജു പറയുന്നു.

ഇപ്പോൾ അമ്മയ്ക്കൊപ്പം അധികം സമയം ചെലവഴിക്കാൻ സാധിക്കാറില്ല. പക്ഷെ എന്നാലും അതിലൊന്നും പരാതിയോ സങ്കടമോ അമ്മയ്ക്കില്ല. എന്നേക്കാളും തിരക്കിൽ ഓടി നടക്കുകയാണ് അമ്മ. ആർട്ട് ലിവിംഗിന്റെ പ്രവർത്തനങ്ങളുണ്ട്. ഡാൻസും പാട്ടും പഠിക്കുന്നുണ്ട്. തിരുവാതിരക്കളിയുടെ ഗ്യാങ്ങുണ്ട് അമ്മയ്ക്ക്. ഇപ്പോൾ വീട്ടിൽ പോകുമ്പോൾ അമ്മ വീട്ടിൽ ഉണ്ടാകുമോ എന്ന് ചോദിച്ചിട്ട് വേണം പോകാൻ. അസുഖം വന്ന ശേഷം അമ്മ ബ്ലോസം ചെയ്ത് ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച് വന്നു.
അച്ഛനും അമ്മയ്ക്കും കാൻസർ വന്നിട്ടുണ്ട്. ഇത് പാരമ്പര്യമാണോ എന്നറിയില്ല. നാളെ എനിക്കും അങ്ങനെയൊരു അസുഖം വന്നാൽ പോലും എത്ര മനോഹരമായി അതിൽ നിന്നും പുറത്ത് വന്ന് പഴയതിലും സുന്ദരമായി ജീവിക്കാമെന്ന് ഞാൻ കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുകയാണ്.
അമ്മ മാത്രമല്ല, ഞാൻ ജീവിതത്തിൽ കണ്ടുമുട്ടുന്ന എല്ലാ സ്ത്രീകളും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അറിഞ്ഞോ അറിയാതെയോ തന്നെ സ്വാധീനിക്കാറുണ്ടെന്നും മഞ്ജു വാര്യർ അന്ന് വ്യക്തമാക്കി.

ഗിരിജ വാര്യർ എന്നാണ് മഞ്ജുവിന്റെ അമ്മയുടെ പേര്. സ്തനാർബുദ ബാധിതയായിരുന്നു ഗിരി വാര്യർ. ഇതേക്കുറിച്ച് ഇവർ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. 20 വർഷം മുമ്പാണ് കാൻസർ ബാധിച്ചത്. മഞ്ജു മകളെ പ്രസവിച്ച സമയം. സംശയം തോന്നി ഡോക്ടറെ കാണിച്ചപ്പോൾ അസുഖം സ്ഥിരീകരിച്ചു. ആദ്യം കാര്യമാക്കിയില്ല.
മകളുടെ ചോറൂണൊക്കെ വന്നപ്പോൾ ചികിത്സ നീട്ടി വെച്ചു. പക്ഷെ സർജറി ചെയ്യണമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. അസുഖ സമയത്ത് ഭർക്കായിരുന്നു നോക്കിയത്. അദ്ദേഹത്തിന്റെ മരണ ശേഷം ഒറ്റപ്പെടൽ ഒഴിവാക്കാൻ കലാ ജീവിതം തെരഞ്ഞെടുത്തു. മക്കൾ ജോലിത്തിരക്കിലായതിനാൽ ഞാൻ ഒറ്റപ്പെടരുതെന്ന് അവർക്ക് നിർബന്ധമായിരുന്നു. അമ്മയുടെ ജീവിതത്തിൽ സന്തോഷമുള്ള കാര്യം ചെയ്യണം എന്നാണ് മക്കൾ എപ്പോഴും പറഞ്ഞത്. അങ്ങനെയാണ് നൃത്തയോഗയിൽ തുടക്കം കുറിച്ചത്. ഒപ്പം മോഹിനിയാട്ടവും പഠിച്ചെന്നും ഗിരിജ വാര്യർ വ്യക്തമാക്കി.
സിനിമകളുടെ തിരക്കിലാണ് മഞ്ജു വാര്യർ. തമിഴിൽ നടിയുടെ ഒന്നിലേറെ സിനിമകൾ പുറത്തിറങ്ങാനുണ്ട്. കഴിഞ്ഞ ദിവസമാണ് വേട്ടെയാനിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയത്. രജിനികാന്തിനൊപ്പമാണ് ചിത്രത്തിൽ മഞ്ജു അഭിനയിക്കുന്നത്. വിടുതലെെ 2 എന്ന സിനിമയും പുറത്തിറങ്ങാനുണ്ട്. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകൻ. മിസ്റ്റർ എക്സാണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ. ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. മലയാളത്തിൽ എമ്പുരാൻ എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications