ഉള്ളിലുള്ളതൊന്നും തുറന്നു പ്രകടിപ്പിക്കാൻ എനിക്കറിയില്ല: മഞ്ജു വാര്യർ തുറന്നു പറഞ്ഞപ്പോൾ
മലയാള സിനിമയും, ഇവിടുത്തെ പ്രേക്ഷകരും ഏറ്റവുമധികം ഇഷ്ടപ്പെട്ട നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. 1995ൽ സിനിമയിലെത്തി, വെറും 4 വർഷത്തെ കരിയറും, ഏറെ പ്രശംസിക്കപ്പെട്ട 20 സിനിമകളും ബാക്കിയായി 1999ൽ മഞ്ജു സിനിമയിൽ ബ്രെക്ക് എടുത്തപ്പോൾ എല്ലാവരും വലിയ നിരാശയിലായിരുന്നു. എന്നാൽ, 2014ൽ പൂർവാധികം ശക്തിയോടെ മഞ്ജു വാര്യർ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. മുൻ ഭർത്താവ് ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഈ തിരിച്ചുവരവ് സംഭവിച്ചത്.
എന്നാൽ, തന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തെ കുറിച്ചും, ഈ കലായളവിനിടയ്‌ക്ക് മഞ്ജു വാര്യർ സംസാരിച്ചു കണ്ടിട്ടില്ല. അതിന് കാരണം, തന്റെ സ്വകാര്യതയ്ക്ക് പ്രശസ്ത നടി വളരെയേറെ പ്രാധാന്യം കൽപ്പിക്കുന്നു എന്നതാണ്.
ഉള്ളിലുള്ളത് തുറന്നു പ്രകടിപ്പിക്കാൻ അറിയില്ലെന്ന് മഞ്ജു പറഞ്ഞപ്പോൾ
എന്നും സ്വകാര്യ ജീവിതത്തെ കുറിച്ചും, തന്റെ വ്യക്തി ബന്ധങ്ങളെ കുറിച്ചും സംസാരിക്കാൻ വിമുഖത കാണിച്ചിരുന്നു മഞ്ജു വാര്യർ. സിനിമയിലേക്ക് മടങ്ങി വന്നതിന് ശേഷം, മനോരമ ന്യൂസ്മേക്കർ പരിപാടിയിൽ ദിലീപുമായുള്ള വിവാഹമോചനത്തിന്റെ കാരണം എന്തെന്ന് ചോദിച്ചപ്പോൾ, "എല്ലാവർക്കും വിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലത്?" എന്ന മറു ചോദ്യമാണ് താരത്തിൽ നിന്നും ഉണ്ടായത്.

പിന്നീട്, കുറച്ചു കാലം മുൻപ് ഗലാട്ട പ്ലസ്സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, സീനിയർ ജേർണലിസ്റ്റ് ഭരദ്വാജ് രംഗനുമായി സംസാരിക്കുമ്പോൾ, മഞ്ജു വാര്യർ തനിക്ക് സ്വകാര്യതയോടുള്ള താത്പര്യത്തെ കുറിച്ച് വെളിപ്പെടുത്തി. "മഞ്ജുവിനെ ഒരിക്കലും "വാട്ട് ഈസ് ഇൻ മൈ ബാഗ്" പോലത്തെ പരിപാടികളിൽ കാണാനാവില്ലല്ലോ" എന്ന ചോദ്യത്തിന്, ചിരിച്ചു കൊണ്ട് താൻ അത്തരത്തിലുള്ള ഒരു വ്യക്തിയല്ല, തനിക്ക് ഒരു ഹാൻഡ്ബാഗ് പോലും ഇല്ല, എന്ന മറുപടിയാണ് ലേഡി സൂപ്പർസ്റ്റാർ നൽകിയത്.
വ്യക്തിപരമായ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ മഞ്ജു വാര്യർക്കുള്ള വിമുഖതയെ കുറിച്ച് ചോദിച്ചപ്പോൾ, ഉള്ളിലുള്ളതൊന്നും തുറന്നു പ്രകടിപ്പിക്കാൻ തനിക്ക് കഴിയാറില്ല എന്നാണ് താരം പറഞ്ഞത്. "അത് ഇഷ്ടമാണോ എന്നതല്ല കാര്യം, എന്റെ പ്രകൃതം അങ്ങനെയല്ല. എനിക്ക് തുറന്നു പറച്ചിലുകൾ ഇഷ്ടമല്ലാഞ്ഞിട്ടല്ല. ഒരു പക്ഷെ, എനിക്ക് എന്റെ ഉള്ളിലുള്ളതൊന്നും എങ്ങനെ വ്യക്തമായി പറഞ്ഞു ഫലിപ്പിക്കണം എന്ന് അറിയാത്തതാവാം," ഏമ്പുരാൻ താരം വിശദീകരിച്ചു.

"ഇപ്പോഴും കുറച്ചു തുറന്നു സംസാരിച്ചു കഴിഞ്ഞാൽ, "ഇത് ഞാൻ ഇങ്ങനെ അല്ലല്ലോ പറയേണ്ടിയിരുന്നത്" എന്നോ, അല്ലെങ്കിൽ, ഇത് മറ്റൊരു രീതിയിൽ ആയിരുന്നല്ലോ പറയേണ്ടിയിരുന്നത്, എന്നൊക്കെയാണ് എനിക്ക് തോന്നാറ്. പറഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ഓർക്കുമ്പോൾ അങ്ങനെയൊക്ക തോന്നാറുണ്ട്," മഞ്ജു വിശദീകരിച്ചു. "ഒരിക്കൽ നല്ലൊരു സംഭാഷണം തുടങ്ങിയാൽ, കുഴപ്പമില്ല. പക്ഷെ അതും എങ്ങനെ പറയണം എന്ന് എനിക്കറിയില്ല. ഇത് തന്നെയാണ് കാരണം - എനിക്ക് എന്റെ ഉള്ളിലുള്ളതൊന്നും തുറന്നു പ്രകടിപ്പിക്കാൻ അറിയില്ല," താരം പറഞ്ഞു നിർത്തി.
ഇന്ന്, മലയാളത്തിലും തമിഴിലും ചില മികച്ച സിനിമകളും കഥാപാത്രങ്ങളുമായി തിരക്കിലാണ് മഞ്ജു വാര്യർ. ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളാണ് പ്രശസ്ത താരത്തിന് ഏറ്റവും പ്രിയം. സ്വകാര്യ ജീവിതത്തെ കുറിച്ച് മഞ്ജു ഒന്നും തന്നെ വെളിപ്പെടുത്താറില്ലെങ്കിലും, തരാം തൃശ്ശൂരിൽ തന്റെ അമ്മയോടൊപ്പമാണ് താമസം എന്ന് ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു. ഏക മകൾ മീനാക്ഷി അച്ഛൻ ദിലീപനും, നടന്റെ രണ്ടാം ഭാര്യ കാവ്യ മാധവനും, മകൾ മഹാലക്ഷ്മിക്കും ഒപ്പമാണ് താമസം.


Click it and Unblock the Notifications