'പരമാവധി ശ്രമിച്ചു; ചേരുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലത്; ഞാൻ കരയുന്നത് മകൾ കാണരുതെന്നുണ്ടായിരുന്നു'
സിനിമാ ലോകത്ത് വലിയ തോതിൽ ചർച്ചയായ സംഭവമാണ് മനോജ് കെ ജയനും ഉർവശിയും വേർപിരിഞ്ഞതും വിവാഹമോചന സമയത്തുണ്ടായ പ്രശ്നങ്ങളും. 2000 ലാണ് ഉർവശി മനോജ് കെ ജയനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു. ബന്ധത്തെ വീട്ടുകാർ എതിർത്തെങ്കിലും ഉർവശി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളൽ തേജാലക്ഷ്മി എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. എന്നാൽ 2008 ൽ രണ്ട് പേരും വേർപിരിയുകയാണുണ്ടായത്. മകളുടെ സംരക്ഷണ അവകാശം സംബന്ധിച്ച് രണ്ട് പേർക്കുമിടയിൽ വഴക്ക് നടന്നു.
ആരോപണ പ്രത്യാരോപണങ്ങൾ കുറച്ച് കാലം നീണ്ടുനിന്നു. ഇന്ന് പ്രശ്നങ്ങളെല്ലാം അവസാനിച്ച് രണ്ട് പേരും ജീവിതത്തിൽ രണ്ട് ദിശയിലാണ്. അച്ഛനൊപ്പം കഴിയുന്ന മകൾ തേജാലക്ഷ്മി ഇടയ്ക്കിടെ അമ്മയെ കാണാൻ എത്താറുണ്ട്. ഉർവശിയുമായുള്ള വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ തന്നെ മാനസികമായി ബാധിച്ചതനെക്കുറിച്ച് മനോജ് കെ ജയൻ മുമ്പൊരിക്കൽ മനോരമ ചാനലിൽ സംസാരിച്ചിട്ടുണ്ട്. നടന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.

ജീവിതത്തിലെ ചില താളപ്പിഴകൾ എന്റെ തന്നെ തീരുമാനം കൊണ്ട് സംഭവിച്ചതാണ്. ഞാൻ എന്നെ തന്നെ കുറ്റം പറഞ്ഞാൽ മതി. ഉർവശിയുമായുള്ള ബന്ധം പിരിഞ്ഞപ്പോൾ മകളെ ഒരുപാട് വേദനിക്കുമല്ലോ എന്ന വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനസ് കൊണ്ട് ചേരുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലത്. പക്ഷെ പരമാവധി ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ ശ്രമിച്ചിരുന്നു. ചില ആൾക്കാർ ഇപ്പോൾ കല്യാണം കഴിച്ച് മൂന്നോ നാലോ മാസം കൊണ്ട് പിരിയും. അത് പോലെയല്ല ഞാൻ പിരിഞ്ഞത്. ഏകദേശം ആറ് വർഷത്തോളം കൂടെ ജീവിച്ചു. എന്നിട്ടാണ് പിരിഞ്ഞത്.
അനന്തഭദ്രത്തിലെ ദിഗംഭരനൊക്കെ ഞാൻ ചെയ്യുന്നത് തീച്ചൂളയിൽ നിന്നാണ്. കൂടുതൽ മിഴിവ് വന്നു എന്ന് ആളുകൾ പറയുന്നത് അതുകൊണ്ടായിരിക്കും. അത്തരം കഥാപാത്രങ്ങൾ ചെയ്തത് ഒരു പരിധി വരെ തന്റെ വിഷമങ്ങൾ മറക്കാൻ സഹായിച്ചെന്നും മനോജ് കെ ജയൻ അന്ന് വ്യക്തമാക്കി. വിവാഹമോചന സമയത്ത് ഉർവശിയുടെ വീട്ടുകാർ തന്നെ പിന്തുണച്ചത് തന്റെ ഭാഗത്ത് ശരിയുള്ളത് കൊണ്ടായിരിക്കാമെന്നും അന്ന് മനോജ് കെ ജയൻ പറഞ്ഞു.

മകൾക്ക് വേണ്ടി കോടതിയിലുണ്ടായ തർക്കം ഒഴിവാക്കാമായിരുന്നോ എന്ന ചോദ്യത്തിനും മനോജ് കെ ജയൻ മറുപടി നൽകി. മകളുടെ ഭാവിയും സുരക്ഷയും എനിക്ക് വളരെ നിർബന്ധമായിരുന്നു. അതിന് വേണ്ടി മാത്രമാണ് ഇത്രയും ചെയ്തത്. അല്ലാതെ ഒരിക്കലും വാശി കാണിക്കുന്ന ആളല്ല താനെന്ന് മനോജ് കെ ജയൻ വ്യക്തമാക്കി. ഉർവശിയെ കോടതിയിൽ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല.
വക്കീലൻമാർ വാചകകസർത്തുകൾ നടത്തിയിട്ടുണ്ടാകാം. ഞാനായിട്ട് അങ്ങനെ ചെയ്തിട്ടില്ല. പക്ഷെ ഒരു സാഹചര്യത്തിൽ അങ്ങനെ ചെയ്യേണ്ടി വന്നു. മീഡിയ മുഴുവൻ കവർ ചെയ്തപ്പോൾ എനിക്ക് മറുപടി പറയാതിരിക്കാൻ നിവൃത്തി ഇല്ലായിരുന്നു. അങ്ങനെ ഒരു വാക്ക് തന്നോട് പറഞ്ഞ് പോയിട്ടുണ്ടെന്നും മനോജ് കെ ജയൻ വ്യക്തമാക്കി.
എന്റെ ദുഖങ്ങളൊന്നും ആരോടും പറഞ്ഞിട്ടില്ല. അത് പറഞ്ഞാൽ ആദ്യ ഭാര്യയെ കുറ്റം പറയേണ്ടി വരും. എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ആഗ്രഹിച്ചിട്ടില്ല. എന്റെ മകളുടെ മുന്നിലിരുന്ന് കരയുന്നത് ഇഷ്ടമല്ല. അത്യാവശ്യം സങ്കടം വരുമ്പോൾ എന്റെ ഇന്നോവ ഡ്രെെവ് ചെയ്ത് ചെന്നെെയിലെ പല സ്ഥലങ്ങളിൽ പോയി കരഞ്ഞട്ടുണ്ട്. ആരും കാണില്ലല്ലോ. ആ ഇന്നോവ വിറ്റപ്പോൾ ഒരുപാട് വിഷമം തോന്നിയെന്നും മനോജ് കെ ജയൻ വ്യക്തമാക്കി.


Click it and Unblock the Notifications