ഉദ്ദേശ്യങ്ങൾ നടക്കാതായപ്പോൾ പ്രചരിപ്പിച്ചത്; അവർക്ക് തട്ടിക്കളിക്കാനുള്ള പന്ത് അല്ല ഞാൻ; മീര പറഞ്ഞത്
മലയാള സിനിമാ രംഗത്ത് ജനപ്രീതി നേടിയ നടിമാരിൽ മുൻപന്തിയിൽ മീര ജാസ്മിന്റെ പേരുമുണ്ടാവും. പ്രേക്ഷക മനസിൽ പതിഞ്ഞ ഒട്ടനവധി കഥാപാത്രങ്ങൾ മീര ജാസ്മിൻ അവതരിപ്പിച്ചു. മഞ്ജു വാര്യർ അഭിനയ രംഗം വിട്ട ശേഷം ആ വിടവ് നികത്താൻ കഴിഞ്ഞ ഏകനടി മീര ജാസ്മിനാണ്. തുടക്ക കാലം മുതൽ ശ്രദ്ധേയ സിനിമകൾ മീര ജാസ്മിനെ തേടി വന്നു. സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയായിരുന്നു മീര ജാസ്മിന്റെ തുടക്കം. തന്റെ ഗുരുവായാണ് ലോഹിതദാസിനെ മീര എന്നും കണ്ടത്.
സിനിമ പശ്ചാത്തലം ഇല്ലാത്ത മീരയ്ക്ക് ഗോഡ്ഫാദറായത് ലോഹിതദാസാണ്. സിനിമകൾ തെരെഞ്ഞെടുക്കുന്നതിൽ എന്നും മീര ശ്രദ്ധാലുവായിരുന്നു. കരിയർ ഗ്രാഫ് പരിശോധിച്ചാൽ നടിക്ക് അഭിനയിച്ച ഭൂരിഭാഗം സിനിമകളിലും നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രമാണ് ലഭിച്ചത്. രസതന്ത്രം, വിനോദയാത്ര, സ്വപനക്കൂട് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

മലയാളത്തിൽ നിന്ന് തമിഴിലേക്ക് കടന്നപ്പോഴും മീരയെ തേടി മികച്ച അവസരങ്ങളെത്തി. സണ്ടക്കോഴി, റൺ തുടങ്ങിയ സിനിമകൾ വൻവിജയമായി. തെന്നിന്ത്യയിലെ വിലപിടിപ്പുള്ള നായിക നടിയായി മാറിയ മീര പക്ഷെ പിന്നീട് സിനിമാ ലോകത്ത് നിന്നും അകന്നു. നടിക്കെതിരെ മലയാള സിനിമാ രംഗത്ത് നിന്നും ഒന്നിലേറെ ആരോപണങ്ങൾ വന്നു. മീര സെറ്റിൽ അച്ചടക്കം പാലിച്ചില്ല, ഷൂട്ടിംഗിന് വൈകിയെത്തി എന്നിങ്ങനെയായിരുന്നു ആക്ഷേപങ്ങൾ.
വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് മീര ജാസ്മിൻ മറുപടി നൽകിയിട്ടുണ്ട്. നടി അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. എന്തെങ്കിലും ഉദ്ദേശ്യങ്ങൾ അവർക്കുണ്ടായിരിക്കാം. അതിനനുസരിച്ച് ഞാൻ നിൽക്കാതെ വരുമ്പോൾ പറഞ്ഞ് പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ്.

അച്ചടക്കം പാലിക്കാത്ത കുട്ടിയല്ല ഞാൻ. എന്നെ അച്ചടക്കത്തോടെയാണ് മാതാപിതാക്കൾ വളർത്തിയത്. മോശമായി പെരുമാറാൻ വന്നാൽ ഞാൻ റിയാക്ട് ചെയ്യും. മോശമായി പെരുമാറിയാൽ പാവം പോലെ നിൽക്കുന്ന കുട്ടിയല്ല ഞാൻ. അവർക്കിട്ട് തട്ടിക്കളിക്കാനുള്ള പന്തല്ല ഞാൻ. അഭിപ്രായങ്ങൾ തുറന്ന് പറയാൻ തനിക്ക് മടിയില്ലെന്നും മീര ജാസ്മിൻ വ്യക്തമാക്കി.
ആരെന്ത് വിചാരിച്ചാലും എനിക്ക് കുഴപ്പമില്ല. നമ്മളാരുടെയും അടിമയാകാനല്ല വന്നത്. ജോലി ചെയ്യാനാണ് വന്നത്. എന്നെ മാറ്റി നിർത്തുമോ എന്ന് ചിന്തിക്കാറില്ല. എന്നെ മാറ്റി നിർത്തണോ എന്ന് തീരുമാനിക്കുന്നത് ദൈവമാണ്. സിനിമയിൽ തനിക്ക് സൗഹൃദങ്ങൾ അധികം ഇല്ല. സിനിമയിൽ വന്ന ശേഷമുള്ള സുഹൃത്തുക്കൾ മൂന്നോ നാലോ പേരാണ്. അവരിൽ ഒതുങ്ങിക്കൂടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും മീര ജാസ്മിൻ അന്ന് വ്യക്തമാക്കി.
സിനിമാ രംഗത്ത് നിന്നും ഏറെക്കാലം മാറിനിന്ന മീര ജാസ്മിൻ ഇന്ന് തിരിച്ച് വരവിന്റെ പാതയിലാണ്. ക്യൂൻ എലിസബത്ത്, ടെസ്റ്റ് എന്നീ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലാണ് തിരിച്ച് വരവിൽ നടി ആദ്യം അഭിനയിച്ചത്.
പഴയത് പോലെ സിനിമാ രംഗത്ത് മീര സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സോഷ്യൽമീഡിയയിൽ താരം ഇന്ന് സജീവമാണ്. പഴയ മീരയിൽ നിന്നും വലിയ മേക്കോവർ നടിക്ക് വന്നിട്ടുണ്ട്. 41 കാരിയായ മീര ഇന്നും ചെറുപ്പം കാത്തു സൂക്ഷിക്കുന്നെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. മീരയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications