ഭാര്യയും ആന്റണിയും ഒരുമിച്ചാണ് ജീവിതത്തിലേക്ക് വന്നത്; ആന്റണി പറഞ്ഞാലേ കഴിക്കൂ; ഇരുവരുടെയും വാക്കുകൾ
നടൻ മോഹൻലാലും നിർമാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മോഹൻലാലിന്റെ ഡ്രെെവറായെത്തി പിന്നീട് അദ്ദേഹത്തിന്റെ സിനിമകളുടെ അമരക്കാരനായി മാറാൻ ആന്റണി പെരുമ്പാവൂരിന് സാധിച്ചു. മോഹൻലാലിന്റെ കരിയറിലെ മിക്ക കാര്യങ്ങളും നോക്കുന്നത് ഇന്ന് ആന്റണി പെരുമ്പാവൂരാണ്. ചില സിനിമാക്കാർക്കിടയിൽ ഈ സൗഹൃദം ഒരു കല്ലുകടിയാവാറുമുണ്ട്. സിനിമകളുടെ കഥയുമായി മോഹൻലാലിലേക്കെത്താൻ പറ്റുന്നില്ലെന്നാണ് ഇവരുടെ പരാതി.
ആന്റണി പെരുമ്പാവൂർ അംഗീകരിച്ച ശേഷം മാത്രമേ മോഹൻലാലിലേക്കെത്താൻ പറ്റൂ എന്നതാണത്രേ തടസ്സം. നല്ല പല സിനിമകളും മോഹൻലാലിലേക്കെത്താതിരിക്കാൻ കാരണം ഇതാണെന്നും ആക്ഷേപമുണ്ട്. എന്നാൽ മോഹൻലാലോ ആന്റണി പെരുമ്പാവൂരോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മാത്രമല്ല ഇവരുടെ സൗഹൃദം വളർന്ന് കൊണ്ടേയിരിക്കുന്നു. മോഹൻലാൽ-ആന്റണി പെരുമ്പാവൂർ സൗഹൃദത്തെക്കുറിച്ച് മുമ്പ് പലരും സംസാരിച്ചിട്ടുണ്ട്.

ഒരിക്കൽ ഇരുവരും ഒരുമിച്ചൊരു വേദിയിൽ ഇതേക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ വെച്ചായിരുന്നു ഇത്. 'വളരെ അപ്രതീക്ഷിതമായാണ് ആന്റണി ജീവിതത്തിലേക്ക് കടന്ന് വരുന്നത്. മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് കാണുന്നത്. ചില ആളുകളെ കാണുമ്പോൾ താൽപര്യം തോന്നുമല്ലോ. എനിക്ക് പേഴ്സണൽ ഡ്രെെവർ ഇല്ലായിരുന്നു. ചോദിച്ചപ്പോൾ ആന്റണി സമ്മതിച്ചു'
'ആ സമയത്താണ് എന്റെ കല്യാണവും നടക്കുന്നത്. ഭാര്യയും ആന്റണിയും ഒരുമിച്ചാണ് ജീവിതത്തിലേക്ക് വരുന്നത്,' മോഹൻലാൽ അന്ന് പറഞ്ഞതിങ്ങനെ. ഭക്ഷണ ക്രമീകരണം മോഹലാലിന്റെ ഭാര്യ ആന്റണിക്ക് എഴുതിക്കൊടുക്കുമായിരുന്നു.
കൃത്യ സമയത്ത് ആന്റണി ലാലിനെക്കൊണ്ട് അത് കഴിപ്പിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് പരിപാടിയിൽ അവതാരകനായി വന്ന സിദ്ധിഖും പറഞ്ഞു. പലപ്പോഴും ലാൽ രാവിലെ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറയും. എന്നാൽ കുറച്ച് നേരം കഴിഞ്ഞ് കഴിക്കുന്നത് കാണാം. അത് ആന്റണിയുടെ നിർബന്ധം കൊണ്ടാണെന്നും സിദ്ദിഖ് ഓർത്തു.

ലാൽ സാറിന്റെ പിറകെ നടന്ന് കാര്യങ്ങൾ ചെയ്യിക്കണമെന്നും ഷൂട്ടിന്റെ തിരക്കിലായിരിക്കും മിക്കപ്പോഴുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. സിനിമാ നിർമാതാവായി വന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'നിർമാതാക്കളുടെ പ്രശ്നങ്ങൾ വർഷങ്ങളോളം കണ്ടതാണ്. അതിനാൽ നിർമാതാവുന്നതിനെ പറ്റി ഒരിക്കലും ചിന്തിച്ചിരുന്നില്ല'
'എന്നാൽ ലാൽ സാർ പിന്നിലുള്ളത് കൊണ്ടാണ് സിനിമ എടുക്കാൻ കഴിഞ്ഞത്,' ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഒരാളെ സഹായിക്കുന്നത് വേറൊരാളും അറിയരുതെന്ന നിർബന്ധം മോഹൻലാലിനുണ്ടെന്നും ആന്റണി പെരുമ്പാവൂർ അന്ന് അഭിപ്രായപ്പെട്ടു. ചെയ്യേണ്ട സഹായങ്ങൾ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷെ അത് പുറത്താരും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരിയറിന്റെ മോശം സമയത്താണ് മോഹൻലാലുള്ളതെന്ന പരാതി നാളുകളായി ആരാധകർക്കുണ്ട്. വൻ ഹൈപ്പിൽ വന്ന സിനിമകളെല്ലാം പരാജയപ്പെട്ടു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മോഹൻലാലിന് പിഴയ്ക്കുന്നു എന്നാണ് വിമർശനം. ഒന്നിന് പിറകെ ഒന്നായി പരാജയപ്പെട്ടിട്ടും മോഹൻലാൽ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് വിമർശനം.
അവസാനം പുറത്തിറങ്ങിയ എലോണും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരിക്കുന്ന മാലെെക്കോട്ടെ വാലിബൻ എന്ന സിനിമയിലാണ് ഇനി മോഹൻലാൽ ആരാധകരുടെ പ്രതീക്ഷ. ഇരുവരും ആദ്യമായി ഒരുമിച്ച് പ്രവർത്തിക്കുന്ന സിനിമയാണ് മാലൈക്കോട്ടെെ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരി സിനിമകൾ പൊതുവെ നിരാശപ്പെടുത്താറില്ല. അതിനാൽ തന്നെ മോഹൻലാലിന് കരിയറിൽ വൻ തിരിച്ചു വരവായി ഈ സിനിമ മാറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications