ശോഭനയെ എടുത്തു പൊക്കാനാവാതെ വേദനയിൽ മോഹൻലാൽ; നാടോടിക്കാറ്റ് ഷൂട്ട് ചെയ്തത് ഇങ്ങനെ
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താര ജോഡികളിൽ പ്രധാനികളാണ് മോഹൻലാലും ശോഭനയും. അടുത്തിടെ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം തുടരും ഉൾപ്പെടെ, അമ്പത്തിയഞ്ചിൽ പരം സിനിമകളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. എങ്കിലും, മോഹൻലാലിന്റേയും ശോഭനയുടെയും സിനിമകൾ എടുത്താൽ അതിൽ പ്രേക്ഷകർ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ്. ചിത്രത്തിലെ ദാസനെയും രാധയെയും, 'വൈശാഖ സന്ധ്യേ' എന്ന പാട്ടും ഇന്നും സിനിമാപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.
മുൻപൊരിക്കൽ, പ്രശസ്ത മലയാളം മീഡിയ ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ, സംവിധായകൻ സത്യൻ അന്തിക്കാട് നാടോടിക്കാറ്റ് ഷൂട്ടിങ്ങിനിടെ നടന്ന രസകരമായ ചില സംഭവങ്ങൾ ഓർത്തെടുത്തിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തത് ചില കുറുക്കു വഴികൾ ഉപയോഗിച്ചാണെന്ന് സീനിയർ ഫിലിംമേക്കർ ഓർത്തെടുത്തു. അതിന് കാരണം, നായകൻ മോഹൻലാലിന്റെ അന്നത്തെ ആരോഗ്യ പ്രശ്നങ്ങൾ ആയിരുന്നു.

നാടോടിക്കാറ്റ് ക്ലൈമാക്സിൽ, സി ഐ ഡി ആയി ജോലി ലഭിച്ചതിന് ശേഷം മോഹൻലാൽ അവതരിപ്പിച്ച നായക കഥാപാത്രം ദാസനും, കൂട്ടുകാരൻ വിജയനും, ജീപ്പിൽ പോകുന്നതായിട്ടാണ് കാണിച്ചിരിക്കുന്നത്. ബസ് സ്റ്റോപ്പിൽ തന്റെ പ്രണയിനി രാധ നിൽക്കുന്നത് കാണുന്ന ദാസൻ, ആ വേഷത്തിൽ തന്നെ ജീപ്പിൽ നിന്നിറങ്ങി വന്ന് അവളെ പൊക്കിയെടുക്കുന്നു. അതിന് ശേഷം ഇരുവരും ചേർന്ന് ജീപ്പിൽ സഞ്ചരിക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ, ഈ സീനുകൾ ഷൂട്ടിങ് ചെയ്യുമ്പോൾ നായകൻ മോഹൻലാൽ അത്ര സുഖകരമല്ലാത്ത അവസ്ഥയിലായിരുന്നു.
"ലാലിന് അന്നത്തെ ദിവസം നടുവ് മടക്കാൻ പറ്റുന്നില്ല. ബാക് പെയിൻ ഭയങ്കരം. അപ്പൊൾ, ഈ സീൻ അന്ന് തന്നെ എടുക്കുകയും വേണം. അന്നത്തെ സീൻ ആണെങ്കിൽ, ശോഭനയെ എടുത്ത് ഉയർത്തുന്നതാണ്. പക്ഷെ അത് അതുപോലെ ചെയ്താൽ, അതോട് കൂടി മോഹൻലാലിനെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വരും. അപ്പോൾ ഞങ്ങൾ ഒരു ചെറിയ സ്റ്റൂൾ സംഘടിപ്പിച്ച്, ശോഭനയോട് അതിൽ കുനിഞ്ഞ് ഇരിക്കാൻ പറഞ്ഞു. അതാണ് അഭിനയം," ഒരു ചിരിയോടെ പ്രശസ്ത മലയാള സംവിധായകൻ വിവരിച്ചു.

"ഒക്കെ, സ്റ്റാർട്ട്, ക്യാമറ, ആക്ഷൻ എന്ന് പറഞ്ഞപ്പോൾ മോഹൻലാൽ ഇങ്ങനെ ശോഭനയെ എടുക്കുമ്പോൾ, എടുത്ത് പോകുന്നത് പോലെ ശോഭന അഭിനയിക്കുകയാണ്," സത്യൻ അന്തിക്കാട് പറഞ്ഞു നിർത്തി. എന്നാൽ ഇതിലെ ഏറ്റവും രസകരമായ കാര്യം, ഇന്നും ആ സീൻ കാണുമ്പോൾ ലാലേട്ടൻ തന്റെ നായികയെ ശെരിക്കും എടുത്ത് ഉയർത്തുന്നതായിട്ടാണ് തോന്നുക, എന്നതാണ്. ദാസനെയും രാധയുടെയും കഥ മനസ്സിൽ പതിഞ്ഞു പോയ മലയാളി പ്രേക്ഷകർക്ക്, ആ സീൻ ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. എന്നാൽ, സങ്കടകരമായ കാര്യം, പിന്നീട് ഇറങ്ങിയ നാടോടിക്കറ്റിന്റെ രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും, രാധ ഉണ്ടായിരുന്നില്ല എന്നതാണ്.
മോഹൻലാലിനും ശോഭനയ്ക്കും ശ്രീനിവാസനും ഒപ്പം, തിലകൻ, ഇന്നസന്റ്, ജനാർദ്ദനൻ, ക്യാപ്റ്റൻ രാജു, മാമുക്കോയ, മീന, ശങ്കരാടി, സി. ഐ പോൾ, കുണ്ടറ ജോണി, അജിത് കൊല്ലം, ശാന്ത ദേവി, ടി പി മാധവൻ, ബോബി കൊട്ടാരക്കര, തുടങ്ങി ഒരു വലിയ താരനിര തന്നെ നാടോടിക്കാറ്റിൽ അണിനിരന്നിരുന്നു. ഒപ്പം, കെ പി ഉമ്മർ, എം ജി സോമൻ, ഐ വി ശശി, സീമ തുടങ്ങിയവരും ചിത്രത്തിലും അതിഥി വേഷങ്ങളിൽ എത്തിയിരുന്നു. നാടോടിക്കാറ്റിന് കഥയെഴുതിയത് സിദ്ദിഖും, ലാലും ചേർന്നാണ്. ശ്രീനിവാസനാണ് തിരക്കഥയൊരുക്കിയത്.


Click it and Unblock the Notifications











