'ഇത്രയേ ഉള്ളൂ പ്രശസ്തി'; ആ യാത്രക്കാരന്റെ ചോദ്യത്തിൽ മോഹൻലാൽ പരുങ്ങി; സത്യൻ അന്തിക്കാട് പറഞ്ഞത്
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന മോഹൻലാലിന് ഇതിനകം വൈവിധ്യമാർന്ന നിരവധി വേഷങ്ങൾ ചെയ്യാൻ സാധിച്ചു. മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർച്ച മോഹൻലാലിന് ഇവരുടെ സിനിമകളിലെ സ്ഥിര സാന്നിധ്യം ആയ കാലവും ഉണ്ടായിരുന്നു. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ സംവിധായകർ ഇതിന് ഉദാഹരണം ആണ്.

സത്യൻ അന്തിക്കാട് കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന കാലത്ത് മോഹൻലാൽ ഇദ്ദേഹത്തിന്റെ സിനിമകളുടെ ഭാഗമായിരുന്നു. പിന്നീടും ഇവർ നിരവധി സിനിമകളിൽ ഒന്നിച്ചു.
ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വർഷങ്ങൾക്ക് മുമ്പ് കെെരളി ടിവിയിലെ പരിപാടിയിലാണ് സത്യൻ അന്തിക്കാട് മോഹൻലാലിനെക്കുറിച്ചുള്ള ഒരു സംഭവ കഥ പറഞ്ഞത്.

'ഒരിക്കൽ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ഞങ്ങൾ എറണാകുളത്തേക്ക് വരികയാണ്. രാത്രി ഒരു മണിയോളമായി. ഞാനും മോഹൻലാലും കാറിന്റെ പിൻസീറ്റിലും മുൻസീറ്റിൽ ക്യാമറാമാൻ ആനന്ദകുട്ടനും. വഴിയിൽ വെച്ച് ഒരാൾ ലിഫ്റ്റിന് വേണ്ടി കൈ കാണിച്ചു'
'ഞാൻ പറഞ്ഞു നിർത്തേണ്ട പരിചയമില്ലാത്ത സ്ഥലമാണെന്ന്. ലാൽ പറഞ്ഞു അത് സാരമില്ല ഒരു മനുഷ്യൻ പാതിരാത്രിക്ക് വഴിയിൽ ആയതല്ലേ എന്ന്. അദ്ദേഹം വണ്ടിയിൽ കയറി. ആനന്ദകുട്ടന്റെ അടുത്തിരുന്നു. ആരൊക്കെയാണ് വണ്ടിയിലെന്ന് ഇരുട്ടിൽ അദ്ദേഹം കണ്ടില്ല'

'വണ്ടി മൂവ് ചെയ്യാൻ തുടങ്ങി. ഞാൻ മൂഡ് ഔട്ട് ആണെന്ന് മനസ്സിലാക്കി എന്നെ ഇറിറ്റേറ്റ് ചെയ്യാൻ ലാൽ അദ്ദേഹത്തോട് സംസാരിച്ചു. അവർ പരിചയപ്പെട്ടു. ലാലിന്റെ അമ്മാവനും ഇദ്ദേഹവും സുഹൃത്തുക്കളായിരുന്നു. ലാലിന്റെ അച്ഛന്റയും അമ്മയുടെയും പേരെല്ലാം അറിയാം. നിങ്ങൾ രണ്ട് ആൺ മക്കളല്ലേ എന്നൊക്കെ ചോദിച്ചു'
'പിന്നീട് എന്നെയും ലാലിനെയും എന്നെയും ഞെട്ടിപ്പിക്കുന്ന ഒരു ചോദ്യം അദ്ദേഹത്തിൽ നിന്ന് വന്നു. താനിപ്പോ എന്ത് ചെയ്യുന്നു എന്ന്. ലാൽ ഒന്ന് സൈലന്റ് ആയി. മോഹൻലാൽ എന്ന നടൻ പ്രശസ്തനായി തുടങ്ങിയ സമയം ആണ്'

'ലാലിന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ ഞങ്ങളെ കടന്ന് പോവുന്നുണ്ട്. ലാൽ ഒന്നും മിണ്ടാതിരുന്നു. അദ്ദേഹം ചോദിച്ച് പഠിക്കുകയാണോ എന്ന്. ലാൽ പറഞ്ഞു അല്ലെന്ന്. ജോലി ചെയ്യുകയാണോയെന്ന് ചോദിച്ചപ്പോഴും ലാൽ അല്ലെന്ന് പറഞ്ഞു'
'കുറേ നേരം ഉരുണ്ട് മറിഞ്ഞപ്പോൾ ഞാൻ കാറിനുള്ളിലെ ലൈറ്റ് ഓൺ ചെയ്തു. ലാലിനെ കണ്ടോട്ടെ എന്ന് കരുതി. ആ വെളിച്ചത്തിൽ ലാലിന്റെ മുഖം നോക്കി അദ്ദേഹം ചോദിച്ചു ബിസിനസ് വല്ലതും ചെയ്യുന്നുണ്ടോ എന്ന്. അതോട് കൂടി ലാലിന് മനസ്സിലായി ഇയാൾക്ക് മനസ്സിലാവില്ല എന്ന്'

'ലാലൊന്ന് മൂളി. ഉള്ളിൽ ദേഷ്യമുണ്ട്. അയാൾ ഇറങ്ങിപ്പോയപ്പോൾ ലാൽ പറഞ്ഞു, സത്യേട്ടൻ പറഞ്ഞത് പോലെ ചെയ്താൽ മതി ആയിരുന്നു അയാളെ കയറ്റണ്ട കാര്യമില്ലായിരുന്നു എന്ന്. ഞാൻ പറഞ്ഞു കയറ്റിയത് നന്നായി ഇത്രയേ ഉള്ളൂ പ്രശസ്തി എന്ന് മനസ്സിലാക്കുക എന്ന് പറഞ്ഞു,' സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ. മോൺസ്റ്റർ ആണ് മോഹൻലാലിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications