'എന്നെ പരിഹസിച്ചെങ്കിൽ എന്താണ് കുഴപ്പം?'; സരോജ് കുമാർ വിവാദത്തിൽ മോഹൻലാൽ പറഞ്ഞത്
മലയാള സിനിമയിലെ ഹിറ്റ് കോംബോ ആയിരുന്നു മോഹൻലാലും ശ്രീനിവാസനും. നാടോടിക്കാറ്റ്, കിളിച്ചുണ്ടൻ മാമ്പഴം, തേൻമാവിൻ കൊമ്പത്ത് ചിത്രം, ഉദയനാണ് താരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ചു. ഇടക്കാലത്ത് ശ്രീനിവാസനും ലാലും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. പത്മശ്രീ സരോജ്കുമാർ എന്ന സിനിമയായിരുന്നു ഇതിന് കാരണം.
മോഹൻലാലിനെ രൂക്ഷമായി പരിഹസിക്കുന്ന സീനുകൾ സിനിമയിൽ ഉണ്ടെന്ന പറഞ്ഞ് ശ്രീനിവാസനെതിരെ അന്ന് ആരാധകർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മോഹൻലാൽ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. ശ്രീനിവാസനുമായി തർക്കമൊന്നും ഇല്ലെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ആ സിനിമ തന്നെ അപമാനിക്കാൻ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നും ലാൽ തുറന്നു പറഞ്ഞു. 2014 ൽ ജെബി ജംഗ്ഷനിലായിരുന്നു പ്രതികരണം.

'ഞാൻ ആ സിനിമ കണ്ടിട്ട് ഇതെന്നെക്കുറിച്ചല്ല എന്ന് പറഞ്ഞാൽ പ്രശ്നം തീർന്നില്ലേ. എന്റെയടുത്ത് ഒരാൾ വന്ന് മറ്റൊരാളുടെ കുറ്റം പറയില്ല. കാര്യം ഞാനത് ശ്രദ്ധിക്കില്ല. നിങ്ങളെക്കുറിച്ച് അയാളങ്ങനെ പറഞ്ഞെന്ന് പറഞ്ഞാൽ, ആയിക്കോട്ടെ അതിലെന്താണ് കുഴപ്പം. എനിക്ക് കുഴപ്പമില്ല നിങ്ങൾക്കെന്താണ് കുഴപ്പം എന്നാണ് പ്രതികരിക്കാറ്. അതുകൊണ്ടുള്ള സുഖം എന്താണ്. എനിക്ക് എപ്പോഴും ഒരാളെ കാണുമ്പോൾ നേരെ പോയി കൈ കൊടുക്കാം. എനിക്കയാളെ കെട്ടിപ്പിടിക്കാം. അയാളുടെ മുഖത്ത് നോക്കി മനോഹരമായി ചിരിക്കാം'

'ശ്രീനിവാസനുമായി പിണക്കമുണ്ടായിട്ടില്ല. അത് കഴിഞ്ഞ് അങ്ങനെയൊരു സിനിമ ചെയ്യാനുള്ള സാഹചര്യം ഉണ്ടായില്ല. ഞാനദ്ദേഹത്തെ എത്രയോ പ്രാവശ്യം കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പണ്ടും എല്ലാ ദിവസവും ഞാൻ ശ്രീനിവാസനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന ആളായിരുന്നില്ല. ഞങ്ങൾ എപ്പോഴും കാണുമ്പോൾ സംസാരിക്കുന്ന ആളാണ്. നല്ല ഫലിതങ്ങൾ പറയുന്ന ആളാണ്. അതിന് തൊട്ടുമുമ്പേ ഞങ്ങൾ ഒരുനാൾ വരും എന്ന സിനിമ ചെയ്തതാണ്'

'അങ്ങനെയൊരു സിനിമ ചെയ്യണം എന്ന് അദ്ദേഹത്തിന് തോന്നിയാൽ ചെയ്തതത് കൊണ്ടെന്താണ്. ഞാനത് കാരിക്കേച്ചറായേ കാണുന്നുള്ളൂ. മോഹൻലാൽ എന്ന് പറയുന്ന ആളെ പല രൂപത്തിൽ പല ആളുകൾക്കും വരയ്ക്കാം. ഇത് ശരിയായില്ല ഇങ്ങനെയല്ല ഞാൻ എന്ന് പറയേണ്ട കാര്യമില്ല. അതും ഒരു ആർട്ട് ആയും ചിത്രകലയുമായും എടുക്കുന്നു'

'ഞാനിപ്പോഴും വിശ്വസിക്കുന്നില്ല അദ്ദേഹം എന്നെ അപമാനിക്കാൻ ചെയ്തതാണെന്ന്. എന്നെ ആരും വിളിച്ച് നിങ്ങളെ പറ്റി ഇങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ടില്ല. ഒരുപക്ഷെ എന്നെ സ്നേഹിക്കുന്ന പലരും അദ്ദേഹത്തെ വിളിച്ചിട്ടുണ്ടാവും. ഞാനദ്ദേഹത്തോട് ഇക്കാര്യത്തെ പറ്റി സംസാരിച്ചിട്ടേ ഇല്ല'
'എന്നെക്കുറിച്ചുള്ള സിനിമയാണിതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നെക്കുറിച്ചൊരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാവേണ്ട കാര്യം ശ്രീനിവാസനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങൾ ഒരുപാട് നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. വീണ്ടും അവസരം വരികയാണെങ്കിൽ ഞാനും ശ്രീനിവാസനും അഭിനയിക്കും,' മോഹൻലാൽ പറഞ്ഞതിങ്ങനെ.


Click it and Unblock the Notifications