മോഹൻലാലിന്റെ ഉപദേശം കേട്ടപ്പോൾ ദേഷ്യമാണ് വന്നത്: നയൻതാരയെ കഷ്ടത്തിലാക്കിയ വിസ്മയത്തുമ്പത്ത്
മലയാള സിനിമയിലാണ് കരിയർ തുടങ്ങിയതെങ്കിലും, നയൻതാര വളരെ അപൂർവ്വമായേ മാതൃഭാഷയിലേക്ക് എത്താറുള്ളു. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ നയൻതാര, രണ്ടാമതായി അഭിനയിച്ചത് മോഹൻലാലിനെ നായകനാക്കി, സീനിയർ സംവിധായകൻ ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലാണ്. ആദ്യ സിനിമ മറക്കാനാവാത്ത അനുഭവമാണെങ്കിലും, രണ്ടാമത്തെ ചിത്രം അത്ര സുഖകരമായ ഓർമ്മയല്ല എന്ന് സൂപ്പർ നായിക ഒരിക്കൽ പറഞ്ഞിരുന്നു.
ദി ഹോളിവുഡ് റിപോർട്ടറിന് നൽകിയ അഭിമുഖത്തിൽ, പ്രശസ്ത ജേർണലിസ്റ്റ് അനുപമ ചോപ്രയോട് സംസാരിച്ചപ്പോഴാണ് നയൻതാര ഈ വെളിപ്പെടുത്തൽ നടത്തിയത്. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം മുതിർന്ന ചലച്ചിത്ര നിർമ്മാതാവ് ഫാസിലിന്റെ വിസ്മയതുമ്പത്ത് എന്ന ചിത്രത്തിൽ അഭിനയിച്ചത് ഓർത്തെടുത്ത നടി, ആ സിനിമയുടെ സെറ്റിൽ തന്റെ പരിചയക്കുറവു കാരണം ചില പ്രശനങ്ങൾ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി.

"എനിക്ക് ഇപ്പോഴും നല്ല ഓർമ്മയുണ്ട്, ഒരു ദിവസം സംവിധായകൻ ഫാസിൽ സാർ എന്നോട് ശരിക്കും ദേഷ്യപ്പെട്ടു, അദ്ദേഹം പറഞ്ഞു, 'എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല, നിങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല' എന്ന്. ഒന്നാമതായി, മലയാളത്തിൽ അല്ല ഞാൻ ചിന്തിക്കുന്നത്. സിനിമാ ഭാഷ നമ്മൾ സംസാരിക്കുന്ന ഭാഷയിൽ നിന്ന് വ്യത്യസ്തമാണ്. അതിനിടെ മോഹൻലാൽ സാർ എന്നോട്, "നയൻ, അഭിനയം ഇപ്പോഴും ഉള്ളിൽ നിന്ന് വരണം, അങ്ങനെ വേണം പ്രകടിപ്പിക്കാൻ,' എന്ന് പറഞ്ഞുകൊണ്ടിരുന്നു. ആ ഉപദേശവും കൂടിയായപ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു," നയൻതാര വെളിപ്പെടുത്തി.
എന്നാൽ, മോഹൻലാലിന്റെ ഉപദേശത്തിന് നയൻതാര ദേഷ്യത്തിൽ മറുപടി നൽകിയപ്പോൾ, സൂപ്പർ താരം സ്വതസിദ്ധമായ ശൈലിയിൽ ചിരിക്കുക മാത്രമാണ് ചെയ്തത്. "സർ, ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഞാൻ പറയുന്ന ഡയലോഗിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഈ വാക്കിൽ കരയാനും, ആ വാക്കിൽ പ്രണയിക്കാനും ഒക്കെയാണ് നിങ്ങൾ എന്നോട് ആവശ്യപ്പെടുന്നത്. എന്റെ ഉള്ളിൽ ഇതോന്നുമില്ല. ആകെയുള്ളത് ഭയം മാത്രമാണ്,' ഞാൻ പറഞ്ഞു. അപ്പോൾ മോഹൻലാൽ സാർ ചിരിച്ചുകൊണ്ട് എന്നോട് ഒരു ബ്രേക്ക് എടുക്കാനാണ് പറഞ്ഞത്," നയൻതാര വെളിപ്പെടുത്തി.

"അങ്ങനെ ആകെ അസ്വസ്ഥനായ ഫാസിൽ സാർ ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചു, പിന്നെ കുറെ നേരം അദ്ദേഹം ചിന്തിച്ചിരുന്നു. രണ്ട് മണിക്കൂർ തനിച്ചിരുന്ന ശേഷം, എനിക്ക് പ്രോത്സാഹന വാക്കുകളുമായി സാർ തിരിച്ചെത്തി. "നോക്ക്, ഞാൻ നിന്നെ ശരിക്കും വിശ്വസിക്കുന്നുണ്ട്. എനിക്ക് ഒരു നല്ല പ്രകടനം വേണം, എനിക്ക് ഒരു പരാജയമാകാൻ കഴിയില്ല. ഇന്ന് തത്കാലം ഞാൻ ഒരു ബ്രേക്ക് എടുക്കുകയാണ്, നാളെ നീ തിരിച്ചുവരൂ, എന്നിട്ട് നമുക്ക് തീരുമാനിക്കാം," സാർ പറഞ്ഞു. എനിക്ക് വളരെ വിഷമം തോന്നി. ഞാൻ കഠിനാധ്വാനം ചെയ്യാൻ തീരുമാനിച്ചു. പിറ്റേന്ന് ഷൂട്ട് കഴിഞ്ഞപ്പോൾ ഫാസിൽ സാർ എന്നെ ഒരുപാട് അഭിനന്ദിച്ചു," നയൻതാര കൂട്ടിച്ചേർത്തു.
ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുമ്പത്ത് ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. മോഹൻലാൽ, മുകേഷ്, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം മാർക്ക് ലെവിയുടെ 1999-ൽ പുറത്തിറങ്ങിയ 'ഇഫ് ഒൺലി ഇറ്റ് വെയർ ട്രൂ' എന്ന ഫ്രഞ്ച് നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നയൻതാര പിന്നീട് തമിഴ് സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി വളരുകയും ചെയ്തു.


Click it and Unblock the Notifications











