പ്രേം നസീറിന് പരിഹാസം, പ്രതിയെ തല്ലിയൊതുക്കിയ മോഹൻലാൽ: വേറെ ഒരു നിവർത്തിയും ഇല്ലായിരുന്നുവെന്ന് താരം
മലയാളത്തിന്റെ ലെജൻഡറി സൂപ്പർ താരം പ്രേം നസീറിന്, എന്നും ഒരു വലിയ ആരാധകവൃന്ദം ഉണ്ട്. പ്രേക്ഷകരിൽ നിന്ന് മാത്രമല്ല, സിനിമ രംഗത്ത് ഒപ്പം പ്രവർത്തിച്ചവരിൽ നിന്നും ഒരുപാട് സ്നേഹവും ആദരവും നേടിയാണ് മലയാളത്തിന്റെ നിത്യഹരിത നായകൻ വിടവാങ്ങിയത്. ഇന്നും അദ്ദേഹത്തെ സ്നേഹപൂർവ്വം ഓർക്കുന്നവരുടെ കൂട്ടത്തിൽ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടും. മുൻപൊരിക്കൽ, പ്രേം നസീറിനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട്, തന്റെ ശാന്തപ്രകൃതം വെടിയേണ്ടി വന്ന വ്യക്തിയാണ് മോഹൻലാൽ.
ഈ സംഭവത്തെ കുറിച്ച്, മുൻപ് കൈരളി ടി.വി.യിൽ സംപ്രേക്ഷണം ചെയ്തിരുന്ന ജെ ബി ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ മോഹൻലാൽ മനസ്സ് തുറന്നിരുന്നു. അവതാരകൻ ജോൺ ബ്രിട്ടാസ്, പ്രേം നസീറിനെ അപമാനിച്ച വ്യക്തിയുടെ കരണത്ത് മോഹൻലാൽ അടിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ, തന്റെ സ്വതസിദ്ധമായ ചിരിയോടെ സൂപ്പർ താരം അത് സമ്മതിച്ചു. ഒപ്പം, തനിക്ക് വേറെ ഒരു നിവർത്തിയും ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

"ഭയങ്കര ആളും ബഹളവും ആയിരുന്നു അന്ന്. വേറെ ഒരു നിവർത്തിയും ഇല്ലാതെ ചെയ്തു പോയതാണ്. ഒരുപാട് സമയമായിട്ട് നിരന്തരം ഒരാൾ ഒന്നോ രണ്ടോ മണിക്കൂറായി മറ്റൊരാൾ ഇങ്ങനെ അപമാനിക്കുകയാണ്. അങ്ങനെ വരുമ്പോൾ, എല്ലാത്തിനും ലിമിറ്റ് ഉണ്ടല്ലോ, ക്ഷമയ്ക്കും ഒരു പരിധി ഉണ്ടല്ലോ. അത് കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് പോകാൻ പറ്റില്ല. ആ സമയത്ത് നമ്മൾ അങ്ങനെ ചെയ്തു പോയിട്ടുണ്ട്," മോഹൻലാൽ ഓർത്തെടുത്തു.

"എന്നെ പറ്റിയാണ് അങ്ങനെ പറഞ്ഞിരുന്നതെങ്കിൽ ഞാൻ മിണ്ടാതിരിക്കും. പ്രേം നസീർ സാറിനെ പോലെ ഒരാളെ പറ്റി ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. എന്നെ ഒരാൾ ഇങ്ങനെ നിരന്തരമായി പറഞ്ഞാൽ, നമുക്ക് വിടാം. പക്ഷെ നമ്മുടെ കൂടെയുള്ളവർ കൈകാര്യം ചെയ്‌തെന്ന് വരും. നമുക്ക് അതിനുള്ള ഒരു ചാൻസ് ഇപ്പോൾ കിട്ടാറില്ല. അന്ന്, എത്രയോ നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളെ പറ്റി അങ്ങനെ പറയാൻ പാടില്ലാത്ത ഒരു കാര്യം പറഞ്ഞപ്പോൾ ആ സമയത്ത് നമ്മൾ ചെയ്തു പോയിട്ടുണ്ട്. അത് ഇപ്പോഴായാലും ഒരുപക്ഷെ ചെയ്യും," മോഹൻലാൽ പറഞ്ഞു.
"ഒരാൾ ഒരാളെ അടിക്കുക എന്ന് പറയുന്നത്, നമുക്ക് വേറെ ഒരു മാർഗ്ഗവുമില്ലെങ്കിൽ ചെയ്യേണ്ട ഒരു കാര്യമാണ്, അല്ലെ?" മോഹൻലാൽ ചോദിച്ചു. അവതാരകൻ ജോൺ ബ്രിട്ടാസ്, സൂപ്പർ താരം തല്ലിയത് ആജാനബാഹുവായ ഒരാളെയാണെന്ന് വെളിപ്പെടുത്തിയപ്പോൾ, "അത്, ഇപ്പോഴും അങ്ങനെ ഒരു അവസരം ഉണ്ടായാൽ ഉറപ്പായും അടിക്കും," എന്നാണ് ഒരു ചിരിയോടെ മോഹൻലാൽ പറഞ്ഞത്. "എന്തായാലും ഇനി അത് പറഞ്ഞിട്ട് കുഴപ്പമാവണ്ട. അയാൾ എവിടെയോ ഉണ്ടാവും," സൂപ്പർ താരം പറഞ്ഞു നിർത്തി.
പ്രേം നസീറിനൊപ്പം പടയോട്ടം, കടത്തനാടൻ അമ്പാടി, ആട്ടക്കലാശം, ലാൽ അമേരിക്കയിൽ, തുടങ്ങി ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചെത്തുമ്പോൾ ഉള്ള വെള്ളിത്തിരയിലെ കെമിസ്ട്രി പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ചിരുന്നു. 1989 ജനുവരി പതിനാറിന്, തന്റെ അറുപത്തിരണ്ടാം വയസ്സിൽ മീസിൽസ് ബാധിച്ച് പ്രേം നസീർ ആന്തരിച്ചപ്പോൾ, മക്കളോടൊപ്പം സംസ്ക്കാര ചടങ്ങിൽ ആ സ്ഥാനത്ത് നില്ക്കാൻ പിൽക്കാലത്ത് സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉണ്ടായിരുന്നു.
(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഫിൽമിബീറ്റ് മലയാളത്തിന്റെ മാത്രം സ്വന്തമല്ല. https://x.com/AkmfcwaState, https://www.premnazirfoundation.org/, എന്നീ പേജുകളിൽ നിന്ന് കൂടി എടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്).


Click it and Unblock the Notifications











