'എനിക്ക് ബോറടിച്ചു; വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ഭാര്യ കരഞ്ഞു; കാരണം പറഞ്ഞാൽ സ്ത്രീകൾ വഴക്ക് പറയും'
തമിഴ് സിനിമാ രംഗത്തെ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ സംവിധായകനാണ് മിസ്കിൻ. പ്രമേയത്തിലെയും മേക്കിംഗിലെയും വ്യത്യസ്തത കൊണ്ട് മിസ്കിന്റെ മിക്ക സിനിമകളും ജനശ്രദ്ധ നേടാറുണ്ട്. പിശാച് ഉൾപ്പെടെയുള്ള സിനിമകൾ ഇതിന് ഉദാഹരണമാണ്. സൈക്കോ ത്രില്ലർ സിനിമകളിൽ മിസ്കിൻ മികവ് പുലർത്തുന്നെന്ന് ആരാധകർ പറയുന്നു. നന്ദലാല എന്ന സിനിമയിലൂടെ അഭിനയത്തിലും മിസ്കിൻ തുടക്കം കുറിച്ചു. ഈ സിനിമ സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെയാണ്. പിന്നീട് നിരവധി സിനിമകളിൽ മിസ്കിൻ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മിസ്കിന്റെ മകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായത്. മിസ്കിനൊപ്പം ക്ഷേത്രദർശനത്തിനെതിയതായിരുന്നു മകൾ. ഫോട്ടോ വൈറലായതിന് പിന്നാലെ മിസ്കിന്റെ സ്വകാര്യ ജീവിതം വീണ്ടും വൈറലാവുകയാണ്. ഭാര്യയുമായി വർഷങ്ങളായി അകന്ന് കഴിയുകയാണ് മിസ്കിൻ. എന്നാൽ വിവാഹമോചനം നേടിയിട്ടില്ല. ഇതേക്കുറിച്ച് മുമ്പൊരിക്കൽ മിസ്കിൻ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഭാര്യയെ പ്രണയിച്ച് വിവാഹം ചെയ്തതാണെങ്കിലും പിന്നീട് അകലേണ്ടി വന്നെന്ന് മിസ്കിൻ അന്ന് തുറന്ന് പറഞ്ഞു.

പ്രണയമെന്നാൽ എന്താണെന്ന് അറിയാത്ത പ്രായത്തിൽ പോലും പ്രണയം തോന്നിയിട്ടുണ്ട്. സ്കൂളിലും കോളേജിലുമെല്ലാം പ്രണയമുണ്ടായിരുന്നു. പിന്നീട് ഭാര്യയെ കണ്ടപ്പോൾ അതൊരു പ്രണയമായി. വിവാഹത്തിന് വീട്ടുകാർ എതിർത്തിരുന്നു. വീട് വിട്ട് പോയി കല്യാണം കഴിച്ചു. കഷ്ടപ്പെടുന്ന കാലത്തായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് ഒരു കാലഘട്ടത്തിൽ ഞങ്ങൾക്കിടയിൽ പ്രശ്നം വന്നു. എന്തിനാണ് പിരിഞ്ഞതെന്ന് എനിക്ക് അറിയില്ല.
അവൾ മോശമായ ഒരു കാര്യവും എന്നോട് ചെയ്തിട്ടില്ല. ഒരു ദ്രോഹവും ചെയ്തിട്ടില്ല. എനിക്ക് പെട്ടെന്ന് ബോറടിച്ചു. ഈ കാരണം പറഞ്ഞാൽ സ്ത്രീകൾ എന്നെ വഴക്ക് പറയും. സിനിമയിലേക്ക് പോയ ശേഷം വീട്ടിലേക്കൊന്നും പോകാൻ പറ്റിയില്ല. സിനിമയിലേക്ക് വരാതിരുന്നെങ്കിൽ ഭാര്യയോടൊപ്പം ഇരിക്കാമായിരുന്നു. ബോറടി വിവാഹമോചനത്തിന് ഒരു കാരണമാണോ എന്ന് ചോദിച്ചാൽ അല്ല.

പക്ഷെ എനിക്കതൊരു കാരണമാണ്. കല്യാണം കഴിഞ്ഞാൽ ഇങ്ങനെയായിരിക്കണമെന്ന് അച്ഛനും അമ്മയും പറഞ്ഞാൽ അത് ഞാൻ കേൾക്കില്ല. ബന്ധത്തിൽ നിന്ന് പുറത്ത് വരണമെന്ന് എനിക്ക് തോന്നി. കുഞ്ഞിനെ വിട്ടാണ് വന്നത്. അതിന് ശേഷം പത്ത് വർഷം ഒരു പ്രണയമുണ്ടായി. ആരാണെന്ന് പറയാൻ പറ്റില്ല. ആ പെൺകുട്ടി ആത്മാർത്ഥമായി സ്നേഹിച്ചു. ഞാനും സ്നേഹിച്ചു.
ഒരു ഘട്ടത്തിൽ പിരിയേണ്ടി വന്നു. കുഴപ്പമില്ല, പിരിയുന്നത് തെറ്റല്ല, അതാണ് നല്ലതെന്ന് ഞാൻ പറഞ്ഞു. മകളോടാണ് ഇപ്പോൾ തനിക്ക് ഏറ്റവും സ്നേഹമെന്നും മിസ്കിൻ വ്യക്തമാക്കി. ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ട ഘട്ടത്തെക്കുറിച്ചും മിസ്കിൻ തുറന്ന് സംസാരിച്ചു.
ഡിവോഴ്സ് തരാൻ പറ്റില്ലെന്ന് പറഞ്ഞ് ഭാര്യ ഒരുപാട് കരഞ്ഞു. പിന്നെ ഞാൻ ചോദിച്ചില്ല. അതിലെ ന്യായം എന്താണെന്ന് എനിക്ക് മനസിലായി. മകളാണ് ഞങ്ങൾക്കിടയിലെ പാലം. അമ്മയെ നല്ല രീതിയിൽ നോക്കണമെന്ന് മകളോട് പറഞ്ഞിട്ടുണ്ടെന്ന് മിസ്കിൻ വ്യക്തമാക്കി. ഞാൻ സിനിമയെ വിവാഹം ചെയ്തു. തനിക്ക് സിനിമ മാത്രം മതിയെന്നും മിസ്കിൻ അന്ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലിയോ എന്ന സിനിമയിൽ മിസ്കിൻ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 ൽ പുറത്തിറങ്ങിയ സൈക്കോയാണ് മിസ്കിൻ സംവിധാനം ചെയ്ത അവസാനത്തെ സിനിമ.


Click it and Unblock the Notifications











