തിരിച്ച് വരവിൽ വെച്ച കണ്ടീഷൻ; ലൈം ലൈറ്റിൽ നിൽക്കുന്നവരുടെ ബുദ്ധിമുട്ടൊക്കെ മനസിലാക്കുന്നു; സന്തോഷ് മേനോൻ
മലയാളികൾക്ക് പ്രത്യേക മമതയുള്ള നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നവ്യ പിന്നീട് മുൻനിര നായിക നടിയായി മാറി. നന്ദനം എന്ന സിനിമയാണ് നവ്യയുടെ കരിയറിൽ അന്നും ഇന്നും ഏവരും എടുത്ത് പറയുന്ന സിനിമ. പാണ്ടിപ്പട, കല്യാണരാമൻ തുടങ്ങിയ ഹിറ്റ് സിനിമകളിൽ നായികയായെത്തിയ നവ്യ വിവാഹശേഷം അഭിനയ രംഗം വിട്ടു. സന്തോഷ് മേനോൻ എന്നാണ് ഭർത്താവിന്റെ പേര്. 2010 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം നവ്യ ഭർത്താവിനൊപ്പം മുംബൈയിലേക്ക് പോകുകയും ചെയ്തു.
പിന്നീട് മകൻ ജനിച്ച് കുറച്ച് വർഷങ്ങൾക്കിപ്പുറമാണ് നടി അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെയായിരുന്നു തിരിച്ച് വരവ്. ഈ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വർഷങ്ങൾക്കിപ്പുറം 2022 ൽ ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യക്ക് സിനിമാ ലോകത്ത് വീണ്ടും ശക്തമായ സാന്നിധ്യം അറിയിക്കാനായത്. സീൻ ഒന്ന് നമ്മുടെ വീട് എന്ന സിനിമയിലൂടെ നവ്യ സിനിമാ രംഗത്തേക്ക് തിരിച്ച് വന്നതിനെക്കുറിച്ച് ഭർത്താവ് സന്തോഷ് മേനോൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മഴവിൽ മനോരമയിൽ നടി കുടുംബ സമേതം പങ്കെടുത്ത അഭിമുഖ പരിപാടിയിലാണ് സന്തോഷ് മേനോൻ മനസ് തുറന്നത്. ബോംബെയിലെ മലയാളി അസോസിയേഷനും മറ്റും എന്തുകൊണ്ട് നവ്യ അഭിനയിക്കുന്നില്ല എന്ന് ചോദിച്ചു. കറക്ട് അവസരം വന്നു. നല്ല സ്റ്റോറിയാണെന്ന് എന്നോട് പറഞ്ഞു. കുറച്ച് കഥ ഞാനും കേട്ടു. വാവയെ നോക്കാൻ ആന്റിയുണ്ട്. പ്രത്യേക കണ്ടീഷൻ ഞാൻ വെച്ചത് ഇവൾ ഇല്ലാത്തപ്പോൾ വാവയുടെ കാര്യം പ്രത്യേകം നോക്കണമെന്നാണ്.
എന്റെ വീട്ടിൽ അച്ഛന് വയ്യാതിരിക്കുകയാണ്. ലൈം ലൈറ്റിൽ നിൽക്കുന്നവരുടെ ബുദ്ധിമുട്ടൊക്കെ ഞാൻ മനസിലാക്കുന്നു. അവൾ പെർഫെക്ട് ആണ്. ആദ്യമാെക്കെ ചില കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ വിഐപികളെയാെക്കെ അഭിമാനത്തോടെ വീട്ടിലേക്ക് ക്ഷണിക്കാം. ഭക്ഷണം കഴിക്കാം. അവൾ മാനേജ് ചെയ്യുമെന്നും സന്തോഷ് മേനോൻ വ്യക്തമാക്കി.

സന്തോഷ് മേനോന്റെ കുടുംബവും അന്ന് നവ്യയെക്കുറിച്ച് സംസാരിച്ചു. ബ്രോക്കർ മുഖേന ഒഫീഷ്യലായി വന്ന ആലോചനയാണ്. മുതുകുളത്തെ വീട്ടിൽ പോയി കുട്ടിയെ കണ്ട്. മകളുടെ പെരുമാറ്റം വളരെ നല്ലതായിരുന്നു. വീട്ടിലേക്ക് വന്ന് കയറിയ ശേഷവും അന്ന് പെരുമാറിയത് പോലെ തന്നെ ഇന്നും ഞങ്ങളോട് പെരുമാറുന്നെന്നും സന്തോഷ് മേനോന്റെ അമ്മ അന്ന് പറഞ്ഞു.
അതേസമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ കുറേ വർഷങ്ങൾ കുടുംബിനിയായി മാത്രം കഴിയേണ്ടി വന്നതിനെക്കുറിച്ച് നവ്യ സംസാരിച്ചിട്ടുണ്ട്. വേറൊരു വീട്ടിലേക്ക് പോകേണ്ടയാളാണെന്ന് ചെറുപ്പം മുതലേ കേട്ടതിനാൽ ആ കണ്ടീഷനിംഗിൽ എന്റെ അടിസ്ഥാന അവകാശങ്ങൾ പോലും മനസിലാക്കിയില്ല.
ഭർത്താവ് ചീത്ത പറഞ്ഞാൽ അതിനദ്ദേഹത്തിന് അവകാശമുണ്ടെന്നാണ് കരുതിയത്. കരിയറിലെ കുറേ വർഷങ്ങൾ കുടുംബത്തിന് വേണ്ടി തനിക്ക് ത്യജിക്കേണ്ടി വന്നിട്ടുണ്ടെന്നും നവ്യ അന്ന് വ്യക്തമാക്കി. ജാനകി ജാനേയാണ് നവ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications











