ഷൂട്ടിംഗ് അവസാനിക്കുന്നതോടെ കഴിയും, പാർട്ടികളിൽ കണ്ടാലായി; എനിക്കൊരു പ്രശ്നമുണ്ടെന്ന് അറിഞ്ഞാൽ; നയൻതാര
രണ്ട് പതിറ്റാണ്ടിലേറെയായി നടി നയൻതാര സിനിമാ ലോകത്തുണ്ട്. തെന്നിന്ത്യയിലെ ഭൂരിഭാഗം സൂപ്പർതാരങ്ങൾക്കൊപ്പവും അഭിനയിച്ചു. കരിയറിൽ ചെറിയൊരു കാലഘട്ടത്തിൽ മാത്രമാണ് നയൻതാര ഇടവേളയെടുത്തത്. എക്കാലവും ആരാധകരുടെ വലിയ പിന്തുണ നയൻതാരയ്ക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം സഹപ്രവർത്തകരുമായി നയൻതാരയ്ക്ക് അന്നും ഇന്നും അടുത്ത സൗഹൃദമില്ല. ഇതേക്കുറിച്ച് ഒരിക്കൽ നയൻതാര സംസാരിച്ചിട്ടുണ്ട്.
സിനിമയിൽ അടുത്ത സുഹൃത്തുക്കളില്ല. ഇൻഡസ്ട്രിയിലുള്ള ആൾക്കാരുമായി പ്രൊഫഷണൽ റിലേഷൻഷിപ്പേ മെയിന്റെയിൻ ചെയ്യാറുള്ളൂ. കാരണം അതേ വർക്കാകുള്ളൂ. പേഴ്സണൽ റിലേഷൻഷിപ്പ് ഒരുപാട് അറിയുന്നവരുമായാണുണ്ടാകുക. ഫ്രണ്ട്ഷിപ്പിന് ഒരുപാട് വാല്യു കൊടുക്കുന്ന ആളാണ് ഞാൻ. എന്നെ നന്നായി അറിയാവുന്ന സുഹൃത്തുക്കൾ രണ്ടോ മൂന്നോ പേരാണ്. എനിക്കൊരു പ്രശ്നമുണ്ടെന്ന് ഫോൺ ചെയ്ത് പറഞ്ഞാലോ വേറെ ആരെങ്കിലും പറഞ്ഞ് അറിഞ്ഞാലോ തീർച്ചയായും വരും.

ആ കോൺഫിഡൻസ് വേണം. ഇൻഡസ്ട്രിയിൽ ഇന്ന് നമ്മൾ ഒരു പടം ചെയ്യുന്നു. അത് തീരുമ്പോൾ കഴിഞ്ഞു. അടുത്ത പടം ചെയ്യുമ്പോൾ അവരെ കണ്ടെങ്കിലായി. ഫങ്ഷനുകളിലോ പാർട്ടികൾക്ക് പോകുമ്പോഴോ കാണുന്നു എന്നേയുള്ളൂ. അവരുമായി പേഴ്സണൽ റിലേഷൻഷിപ്പ് എത്രത്തോളം വർക്കാകുമെന്ന് തനിക്കറിയില്ലെന്നും നയൻതാര അന്ന് വ്യക്തമാക്കി.
നായിക നടിമാരുമായി സൗഹൃദമില്ലാത്തതിനെക്കുറിച്ചും ഒരിക്കൽ നയൻതാര സംസാരിച്ചിട്ടുണ്ട്. രണ്ട് സ്ത്രീകൾ തമ്മിൽ ചേരില്ല എന്ന് പറയാറില്ലേ. എനിക്കാരോടും പ്രശ്നമില്ല. എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിൽ ഒന്നും ചെയ്യാനാകില്ല. ഒന്നാം സ്ഥാനത്ത് താൻ നിൽക്കുന്നതിൽ അസൂയയുള്ളവരുണ്ട്. അത് സ്വാഭാവികമാണ്. നാളെ ഈ സ്ഥാനത്ത് മറ്റൊരാൾ വരുമ്പോൾ തനിക്കും അങ്ങനെ തോന്നുമെന്നും ഒരിക്കൽ നയൻതാര പറഞ്ഞു.

ഭർത്താവ് വിഘ്നേശ് ശിവനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് നയൻതാരയിന്ന്. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. 2022 ൽ വിവാഹവും നടന്നു. ഉയിർ, ഉലകം എന്നിങ്ങനെയാണ് മക്കളുടെ പേര്. സിനിമകളുടെ തിരക്കിലാണ് നയൻതാര. മൂക്കുത്തി അമ്മൻ 2 ആണ് ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന തമിഴ് സിനിമ. മലയാളത്തിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയും ഒരുങ്ങുന്നു. നിവിൻ പോളിക്കൊപ്പം അഭിനയിച്ച ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് നയൻതാരയ്ക്കൊപ്പം സിനിമയിൽ അഭിനയിച്ചത്. സമ്മിശ്ര പ്രതികരണമാണ് നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ടെസ്റ്റിന് ലഭിച്ചത്. കരിയറിൽ മോശം സമയത്താണ് നയൻതാര ഇന്നുള്ളത്. ജവാൻ ഒഴിച്ച് അടുത്ത കാലത്തിറങ്ങിയ നയൻതാരയുടെ ഒരു സിനിമയും വിജയിച്ചിട്ടില്ല. മലയാളത്തിൽ ഗോൾഡ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
തുടരെ വിവാദങ്ങൾ നടിയെ ചുറ്റിപ്പറ്റി ഉണ്ടാകുന്നുണ്ട്. നടൻ ധനുഷുമായുള്ള കേസ് കോടതിയിൽ നടന്ന് കൊണ്ടിരിക്കുകയാണ്. നയൻതാരയുടെ ഡോക്യുമെന്ററിയിൽ ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതാണ് പ്രശ്നത്തിന് കാരണം. 10 കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.


Click it and Unblock the Notifications











