മുസ്ലിം പെൺകുട്ടിയായതിനാൽ ഇങ്ങനെ ചെയ്യരുതെന്നല്ല പറഞ്ഞത്; ധനുഷിന്റെ സിനിമയിൽ നസ്രിയ നേരിട്ടത്
മലയാള സിനിമാ രംഗത്ത് നടക്കുന്ന ചൂഷണങ്ങൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തുറന്ന് പറച്ചിലുമായി രംഗത്ത് വരുന്നത്. തമിഴ് നടി രാധിക ശരത്കുമാർ നടത്തിയ വെളിപ്പെടുത്തൽ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. മലയാള സിനിമകളുടെ സെറ്റിൽ കാരവാനിൽ ഒളി ക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്ന് താനറിഞ്ഞിട്ടുണ്ടെന്ന് രാധിക ശരത്കുമാർ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി ഉണ്ടാക്കാനുള്ള തീരുമാനത്തിലാണ് തമിഴ് സിനിമാ ലോകവും. മലയാളത്തിലേത് പോലെ തന്നെ തമിഴകത്തും തെലുങ്ക് സിനിമാ ലോകത്തും നടിമാർ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിനുദാഹരണമാണ് 2017 ൽ നസ്രിയക്കുണ്ടായ ദുരനുഭവം. ധനുഷ് നായകനായ നയ്യാണ്ടി എന്ന സിനിമയിൽ നായികയായിരുന്നു നസ്രിയ.

ധനുഷിനൊപ്പമുള്ള ഒരു രംഗം നടിയുടെ അനുവാദമില്ലാതെ ഡ്യൂപ്പിനെ വെച്ച് ചെയ്തു. നസ്രിയയെന്ന പേരിൽ ഈ രംഗം ട്രെയ്ലറിൽ ഉൾപ്പെടുത്തി. ഇതോടെ നടി പരാതിയുമായി രംഗത്ത് വന്നു. പോസ്റ്ററുകളിൽ ഉൾപ്പെടെ ഈ ഫോട്ടോ ഉപയോഗിച്ചിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിൽ നസ്രിയ സംവിധായകനെതിരെ തുറന്നടിച്ചു.
ഇങ്ങനെയൊരു ഡ്യൂപ്പ് ഷോട്ട് വെച്ചിട്ടുണ്ടോ എന്ന് സംവിധായകൻ സർഗുണൻ സാറോട് ഞാൻ ചോദിച്ചു. നിങ്ങൾ ചെയ്യില്ലെന്ന് പറഞ്ഞു, അതുകൊണ്ട് ഡ്യൂപ്പിനെ വെച്ച് ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നോട് അനുവാദം ചോദിക്കേണ്ടതല്ലേ എന്ന് ഞാൻ ചോദിച്ചു. ഷൂട്ടിംഗിന്റെ സമയത്തേ ഇത്തരം ഷോട്ടുകളിൽ ഞാൻ അൺ കംഫർട്ടബിൾ ആണെന്ന് പറഞ്ഞതാണ്.

തനിക്ക് കൺവിൻസിംഗ് ആയ മറുപടിയല്ല ഡ്യൂപ്പിനെ വെച്ച് ഷോട്ടെടുത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ചതെന്നും നസ്രിയ തുറന്നടിച്ചു. താൻ ഒരു മുസ്ലിം പെൺകുട്ടിയാണ്. തന്റെ കുടുംബവും കമ്മ്യൂണിറ്റിയും ഇത്തരമാെരു സീനിൽ അസംതൃപ്തരാണെന്നും നസ്രിയ പറഞ്ഞിരുന്നു. ഇതേക്കുറിച്ചും നസ്രിയ പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
മുസ്ലിം പെൺകുട്ടിയായതിനാൽ ഇത്തരം സീനുകൾ ചെയ്യരുത് എന്നല്ല പറഞ്ഞത്. തന്റെ കമ്മ്യൂണിറ്റിയും കുടുംബവും ഈ സീനിൽ ഹാപ്പിയല്ല എന്നാണ് പറഞ്ഞത്. കാരണം ആ സീൻ താൻ ചെയ്തതല്ലെന്നും നസ്രിയ ചൂണ്ടിക്കാട്ടി. തമിഴ് താര സംഘടനയായ നടികർ സംഘത്തിലാണ് നസ്രിയ അന്ന് പരാതി നൽകിയത്. വിവാദങ്ങളിലകപ്പെട്ട നയ്യാണ്ടി ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. തമിഴകത്ത് കുറച്ച് സിനിമകളിലേ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. രാജ റാണി എന്ന സിനിമയാണ് നടിയുടെ വമ്പൻ ഹിറ്റായ തമിഴ് സിനിമ.
തമിഴകത്ത് ശ്രദ്ധ നേടി വരുമ്പോഴേക്കും നടി വിവാഹിതയായി കരിയറിൽ നിന്നും ഇടവേളയെടുത്തു. വിവാഹത്തിന് ശേഷം വളരെ ചുരുക്കം സിനിമകളിലെ നസ്രിയ അഭിനയിച്ചിട്ടുള്ളൂ. സൂക്ഷ്മദർശിനി എന്ന സിനിമയാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ ബേസിൽ ജോസഫാണ് നായകൻ. തുടരെ സിനിമകൾ ചെയ്യാൻ നടി ഇന്ന് താൽപര്യപ്പെടുന്നില്ല.


Click it and Unblock the Notifications