ജയറാമിന്റെ കാര്യം അറിഞ്ഞപ്പോൾ മോഹൻലാൽ കളിയാക്കി: കിരീടം ലൊക്കേഷൻ ഓർത്ത് പാർവ്വതി
മലയാള സിനിമയുടെ പ്രിയപ്പെട്ട താര ദമ്പതികളായ ജയറാമും പാർവ്വതിയും വിവാഹിതരായിട്ട് മുപ്പത്തിമൂന്നു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. തന്റെ ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപേ തന്നെ പ്രശസ്ത നായികയെ പ്രണയിച്ചു തുടങ്ങിയ യുവ നടന് അവരെ സ്വന്തമാക്കാൻ കുറച്ചൊക്കെ കാത്തിരിക്കേണ്ടി വന്നു. അതിന് കാരണം, പാർവ്വതിയുടെ കുടുംബത്തിന്, പ്രത്യേകിച്ച് താരത്തിന്റെ അമ്മയ്ക്ക്, ജയറാമുമായുള്ള ബന്ധത്തോടുള്ള എതിർപ്പാണ്. അത് കൊണ്ടു തന്നെ അതീവ രഹസ്യമായിട്ടായിരുന്നു പ്രശസ്ത താരങ്ങളുടെ പ്രണയം.
എന്നാൽ, സിനിമാ രംഗത്തുള്ള ജയറാമിന്റെയും പാർവ്വതിയുടെയും പല സഹപ്രവർത്തകരും സുഹൃത്തുക്കളും, അധികം വൈകാതെ ഇരുവരും തമ്മിലുള്ള പ്രണയം തിരിച്ചറിഞ്ഞിരുന്നു. അതിൽ പ്രധാനിയായിരുന്നു സൂപ്പർതാരം മോഹൻലാൽ. താൻ ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ, ജയറാമിന്റെ പേരും പറഞ്ഞ് അദ്ദേഹം തന്നെ ഒരുപാട് കളിയാക്കിയിട്ടുണ്ടെന്ന് ഒരിക്കൽ പാർവ്വതി വെളിപ്പെടുത്തിയിരുന്നു. കുറച്ചു കാലം മുൻപ് പ്രശസ്ത മലയാളം യൂട്യൂബ് ചാനലായ ബിഹൈൻഡ്‌വുഡ് ഐസിന് നൽകിയ അഭിമുഖത്തിലാണ് പ്രശസ്ത നടി ചില രസകരമായ വെളിപ്പെടുത്തലുകൾ നടത്തിയത്.

ജയറാമിന്റെയും പാർവ്വതിയുടെയും പ്രണയം മോഹൻലാലിന് അറിയാമായിരുന്നു എന്ന് കേൾക്കുന്നത് ശെരിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന്, ഒരു ചിരിയോടെ "ലാലേട്ടന് ഒക്കെ ആദ്യമേ അറിയാമായിരുന്നു," എന്നാണ് താരം മറുപടി നൽകിയത്. അന്നത്തെ കാലഘട്ടം ഓർത്തെടുത്ത പാർവ്വതി, മറ്റാർക്കും തങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒന്നും അറിയില്ല എന്ന തെറ്റിധാരണയിലാണ് താനും ജയറാമും ഒരുപാട് കാലം കഴിഞ്ഞതെന്നും, എന്നാൽ അത് തെറ്റാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും വെളിപ്പെടുത്തി. കിരീടം എന്ന സിനിമയുടെ സെറ്റിൽ വച്ച് ഈ വിവരം അറിഞ്ഞ മോഹൻലാൽ തന്നെ ഒരുപാട് കളിയാക്കിയിരുന്നു എന്നും പാർവ്വതി പറഞ്ഞു.
"ലാലേട്ടനൊക്കെ ആദ്യമേ അറിയാമായിരുന്നു. കിരീടം ഷൂട്ടിംഗ് നടക്കുന്ന സമയത്തൊക്കെ എന്നെ സ്ഥിരമായി കളിയാക്കും. എല്ലാവർക്കും അറിയായിരുന്നു. പക്ഷെ എന്റെയും ജയറാമിന്റെയും വിചാരം ഇതൊന്നും ആർക്കും അറിയില്ല എന്നുള്ളതായിരുന്നു. പക്ഷെ ഈ കാര്യം എല്ലാവർക്കും അറിയാമായിരുന്നു എന്നതാണ് സത്യം," ഒരു ചിരിയോടെ പാർവ്വതി ഓർത്തെടുത്തു. പിന്നീട് വളരെ സമയമെടുത്താണ്, തങ്ങൾ പ്രണയത്തിലാണെന്ന് ഏതാണ്ട് എല്ലാവരും മനസ്സിലാക്കി കഴിഞ്ഞവെന്ന് ജയറാമും പാർവ്വതിയും അന്ന് തിരിച്ചറിയുന്നത്.

എല്ലാവരും കളിയാക്കി തുടങ്ങിയ കാലത്ത്, താനും ജയറാമും പ്രണയമൊന്നുമില്ലെന്ന് പറഞ്ഞ്, ഒന്നും അറിയാത്തത് പോലെ നടക്കാൻ നോക്കിയിരുന്നു എന്നും പാർവ്വതി പറയുന്നു. "നമ്മൾ "അങ്ങനെയൊന്നുമില്ല" എന്നൊക്കെ പറഞ്ഞു നോക്കും... പക്ഷെ അതൊന്നും ആരും കാര്യമാക്കി എടുക്കാറില്ല. ഇവർ തമ്മിൽ ഇഷ്ടം തന്നെയാണെന്ന് അവർക്കൊക്കെ അത്രയ്ക്ക് ഉറപ്പായിരുന്നു. അങ്ങനെ സൈഡിൽ നിൽക്കുന്നവർ എല്ലാവരും കൂടി സപ്പോർട്ട് ചെയ്തു ചെയ്താണ് ഞങ്ങളുടെ ബന്ധം ഇന്ന് ഇങ്ങനെയൊരു നിലയിൽ എത്തിയത്," പ്രശസ്ത നടി പറഞ്ഞു നിർത്തി.
ജയറാമിനും പാർവ്വതിക്കും രണ്ട് മക്കളാണ് - യുവ നടനും, ദേശീയ അവാർഡ് ജേതാവുമായ, കണ്ണൻ എന്ന് വിളിക്കുന്ന കാളിദാസ് ജയറാമും, ചക്കി എന്ന് ഓമനപ്പേരുള്ള മാളവിക ജയറാമും. കാളിദാസ് അടുത്തിടെയാണ് മോഡൽ ആയ താരിണി കലിംഗരായരെ വിവാഹം കഴിച്ചത്. മാളവിക കല്യാണം കഴിച്ചിരിക്കുന്നത് നവനീത് ഗിരീഷ് എന്ന യു.കെ,യിൽ സെറ്റിൽ ചെയ്തിരിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റിനെയാണ്.


Click it and Unblock the Notifications











