അന്ന് ലോകം അവസാനിച്ചെന്ന് തോന്നി; പരാജയപ്പെട്ടപ്പോൾ അവരെ കാണാനില്ല; എല്ലാം വിട്ട് ന്യൂയോർക്കിൽ പോയതിന് കാരണം
സൗന്ദര്യ മത്സരവേദികളിൽ നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിച്ചവർ ഏറെയാണ്. ഐശ്വര്യ റായ്, സുസ്മിത സെൻ, പ്രിയങ്ക ചോപ്ര, ലാറ ദത്ത തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. എന്നാൽ കേരളത്തിൽ നിന്നും ഇത്തരം ഖ്യാതി നേടിയവർ കുറവാണ്. ഇക്കൂട്ടത്തിൽ എടുത്ത് പറയാവുന്ന നടി ശ്വേത മേനോനാണ്. അതേസമയം സിനിമാ രംഗത്ത് സജീവമായില്ലെങ്കിലും മോഡലിംഗ് ശ്രദ്ധേയ സാന്നിധ്യമാകാൻ കഴിഞ്ഞ താരമാണ് പാർവതി ഓമനക്കുട്ടൻ.
2008 ലാണ് പാർവതി ഓമനക്കുട്ടൻ വാർത്താ പ്രാധാന്യം നേടുന്നത്. ആ വർഷം മിസ് ഇന്ത്യയായി പാർവതി തെരഞ്ഞെടുക്കപ്പെട്ടു. മലയാളി പെൺകുട്ടിയുടെ നേട്ടം അന്ന് ഏവരും ആഘോഷിച്ചു. അതേവർഷം മിസ് വേൾഡ് മത്സരത്തിലും പാർവതി പങ്കെടുത്തു. ലോകസുന്ദരി പട്ടം പാർവതിക്ക് ലഭിക്കുമെന്ന് അന്ന് മിക്കവരും കരുതി. വിജയിച്ചിരുന്നെങ്കിൽ മിസ് വേൾഡ് കിരീടം ചൂടുന്ന ആദ്യ മലയാളിയായേനെ പാർവതി. എന്നാൽ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയാണ് പാർവതി ഓമനക്കുട്ടൻ തെരഞ്ഞെടുക്കപ്പെട്ടത്. സിനിമാ രംഗത്തും പാർവതി സജീവ സാന്നിധ്യമായില്ല.

മിസ് വേൾഡ് മത്സരത്തെക്കുറിച്ചും ജീവിതത്തിൽ പിന്നീടുണ്ടായ തിരിച്ചറിവുകളെക്കുറിച്ചും പാർവതി ഓമനക്കുട്ടൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മുമ്പൊരിക്കൽ ടെഡ്എക്സ് ടോക്സിൽ സംസാരിക്കവെയാണ് പാർവതി അനുഭവങ്ങൾ പങ്കുവെച്ചത്. ലോക സുന്ദരി പട്ടം നേടാൻ കഴിയാഞ്ഞത് തന്നെ നിരാശപ്പെടുത്തിയിരുന്നെന്ന് പാർവതി തുറന്ന് പറഞ്ഞു.
ജീവിതത്തിൽ ഉയർച്ചയും താഴ്ചയും എപ്പോഴുമുണ്ടാകും. തോൽവി സംഭവിക്കും. ആ വാക്ക് നമ്മൾ ഒരു ശാപം പോലെയാണ് കാണുന്നത്. പരീക്ഷയിലും ബന്ധങ്ങളിലും ജീവിതത്തിലും തോൽക്കരുതെന്ന രീതി. ചെറുപ്പം മുതേല ഇത് വലിയ സമ്മർദ്ദം ഉണ്ടാക്കുന്നു. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. മിസ് വേൾഡ് മത്സരത്തിന്റെ രാത്രി ലോകം അവസാനിച്ചതായി എനിക്ക് തോന്നി. ഫസ്റ്റ് റണ്ണറപ്പായി എന്റെ പേര് വിളിച്ചപ്പോൾ എനിക്ക് കുറച്ച് നിമിഷത്തേക്ക് ചലിക്കാൻ പറ്റിയില്ല.

കാരണം ഞാൻ വിജയിക്കുമെന്നാണ് പ്രതീക്ഷിച്ചത്. ഞാൻ കഠിനാധ്വാനം ചെയ്തിരുന്നു. മത്സരാർത്ഥികൾ എന്നെയാണ് മിസ് വേൾഡ് ആയി കാണുന്നതെന്ന് പറഞ്ഞിരുന്നു. പക്ഷെ ഫസ്റ്റ് റണ്ണർ അപ്പായപ്പോൾ ഞാൻ തകർന്നു. ഒരു വർഷം നീണ്ട ആ യാത്ര എന്നിൽ ഒരുപാട് കാര്യങ്ങളിൽ തിരിച്ചറിവുണ്ടാക്കി.
പെട്ടെന്ന് എന്റെ എല്ലാ വെൽ വിഷേർസും അപ്രത്യക്ഷരായി. എന്റെ ലോകം അവസാനിച്ചോ എന്ന് ചിന്തിച്ചു. ഇതിനപ്പുറം ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ എക്സ്പ്ലോർ ചെയ്തു. തോൽവികൾ ലോകത്തിന്റെ അവസാനമല്ലെന്നും അന്ന് പാർവതി ഓമനക്കുട്ടൻ ചൂണ്ടിക്കാട്ടി.
ഫസ്റ്റ് റണ്ണർ അപ്പായി എന്റെ പേര് വിളിച്ചപ്പോൾ കാണികളിലേക്ക് നോക്കി. അമ്മയെയും അച്ഛനെയും കണ്ടു. ഞാൻ സന്തോഷത്തിലല്ലെന്ന് അമ്മ പെട്ടെന്ന് മനസിലാക്കി. പക്ഷെ ചിരിക്കാൻ അമ്മ എനിക്ക് സിഗ്നൽ തന്നു. അമ്മയെനിക്ക് ശക്തി തന്നു. ആ രാത്രി മുഴുവൻ ചിരിക്കാൻ ആ ശക്തി തന്നെ സഹായിച്ചെന്നും പാർവതി ഓമനക്കുട്ടൻ പറഞ്ഞു.
ഫാഷൻ രംഗം വിട്ട് മറ്റൊരു മേഖലയിലേക്ക് തിരിഞ്ഞതിനെക്കുറിച്ചും അന്ന് പാർവതി ഓമനക്കുട്ടൻ അന്ന് സംസാരിച്ചു. സെറ്റിൽഡ് ആകാൻ വേണ്ടിയല്ല എന്നെ വളർത്തിയത്. ഫാഷൻ രംഗത്ത് ഒരു പതിറ്റാണ്ട് നിന്ന ശേഷം ഞാൻ ഹാപ്പിയല്ലെന്ന് മനസിലാക്കി. എല്ലാം വിട്ട് ന്യൂയോർക്കിൽ പോകാനും ഭക്ഷണത്തെക്കുറിച്ച് പഠിക്കാനും തീരുമാനിച്ചെന്നും പാർവതി വ്യക്തമാക്കി. ഫാഷൻ ഷോകളിൽ പാർവതി ഇപ്പോഴും സാന്നിധ്യം അറിയിക്കാറുണ്ട്.


Click it and Unblock the Notifications











