കാലിൽ വീണും ജയസൂര്യ ചാൻസ് ചോദിക്കും; നടൻ ചാൻസ് ചോദിക്കാത്ത ആരും ഇല്ല; പ്രശാന്ത് പറഞ്ഞത്
മലയാള സിനിമാ രംഗത്ത് ജയസൂര്യയുടെ കരിയർ ഗ്രാഫ് രണ്ട് ഘട്ടങ്ങളായി കാണാനാവും. തുടക്ക കാലത്ത് കോമഡി കലർന്ന നായക വേഷങ്ങളാണ് ജയസൂര്യ ചെയ്തിരുന്നത്. അന്ന് ദിലീപിനെ അനുകരിക്കുന്നു എന്ന വിമർശനവും ജയസൂര്യക്ക് കേൾക്കേണ്ടി വന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ജയസൂര്യ മുന്നോട്ട് നീങ്ങി. നായക നിരയിൽ നിന്ന് മാറി സഹ നായക വേഷങ്ങൾ ചെയ്യാനും ജയസൂര്യ മടിച്ചില്ല. തുടരെ വില്ലൻ വേഷങ്ങളിൽ ഒരു ഘട്ടത്തിൽ ജയസൂര്യ അഭിനയിച്ചു.
പിന്നീടിങ്ങോട്ട് വ്യത്യസ്തമായ സിനിമകൾ നടനെ തേടി വന്നു. ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ ഉൾപ്പെടെയുള്ള സിനിമകളിൽ ജയസൂര്യ ചെയ്ത കഥാപാത്രങ്ങൾ ശ്രദ്ധ നേടി. അഭിനയ പ്രാധാന്യം ഇല്ലാത്ത സിനിമകൾ ചെയ്യാൻ താൽപര്യപ്പെടുന്നില്ലെന്ന് മുമ്പൊരിക്കൽ നടൻ പറഞ്ഞിട്ടുമുണ്ട്. അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി കരിയറിൽ വലിയ ഹിറ്റുകൾ ജയസൂര്യക്കില്ല. മേരി ആവാസ് സുനോ, ഈശോ എന്നീ സിനിമകൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അടുത്തിടെ ചില വിവാദങ്ങളിലും നടൻ അകപ്പെട്ടു.

ജയസൂര്യയെക്കുറിച്ച് നടൻ പ്രശാന്ത് കാഞ്ഞിരമറ്റം മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്നത്തെ നിലയിലേക്ക് കരിയറിൽ വളരാൻ വേണ്ടി ജയസൂര്യ ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
ജയസൂര്യയും ഞാനും ജൂനിയർ ആർട്ടിസ്റ്റുകളായി അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് പോയിരുന്നത്. അതിന് ശേഷം ജയൻ ജയന്റേതായ രീതിയിൽ സിനിമ മാത്രം ലക്ഷ്യമിട്ട് പോയി. ജയസൂര്യ ഹാർഡ് വർക്കറാണ്. ഞാൻ അലസനും. അദ്ദേഹത്തെ പോലെ ഒരു കഠിനാധ്വാനിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.
ഒരു പ്രോഗ്രാം കഴിഞ്ഞ് വന്ന് ഉറങ്ങി, പിറ്റേ ദിവസം രാവിലെ ട്രെയിൻ കയറി ഒറ്റപ്പാലത്ത് പോയി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ അലഞ്ഞ് ചാൻസ് ചോദിക്കും. ഏത് സിനിമാക്കാരനെ കണ്ടാലും ചാൻസ് ചോദിക്കും. പോയി കാലിൽ വീണ് ചാൻസ് ചോദിക്കുന്ന ആളാണ്. അദ്ദേഹം ചാൻസ് ചോദിക്കാത്ത ഒരു സംവിധായകനും അന്ന് മലയാള സിനിമയിൽ ഇല്ല.

ഇപ്പോഴും അദ്ദേഹം ചാൻസ് ചോദിക്കും. ഞാനിപ്പോഴും ചാൻസ് ചോദിക്കുമെന്ന് മുമ്പൊരിക്കൽ കണ്ടപ്പോഴും തന്നോട് പറഞ്ഞു. പക്ഷെ ചാൻസ് ചോദിക്കുന്ന രീതി മാറിയെന്നും പ്രശാന്ത് കാഞ്ഞിരമറ്റം പറഞ്ഞു. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ. കത്തനാർ ആണ് ജയസൂര്യയുടെ വരാനിരിക്കുന്ന സിനിമ. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടി നായികയായെത്തുന്നു. അനുഷ്ക ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണിത്.
കഴിഞ്ഞ ദിവസമാണ് ജയസൂര്യ സർക്കാരിനെതിരെ ഉന്നയിച്ച വിമർശനം വിവാദമായത്. കൃഷി മന്ത്രിയുടെ മുന്നിൽ വെച്ച് കർഷകർ അനുഭവിക്കുന്ന പ്രശ്നത്തെക്കുറിച്ച് നടൻ തുറന്നടിച്ചു. ആറ് മാസം മുമ്പ് സപ്ലെെകോ സംഭരിച്ച നെല്ലിന്റെ പണം ഇതുവരെ കിട്ടിയില്ലെന്ന് ജയസൂര്യ ചൂണ്ടിക്കാട്ടി. തന്റെ സുഹൃത്തും കർഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും നടൻ സംസാരിച്ചു.
പരാമർശത്തിൽ ജയസൂര്യ ഉറച്ച് നിന്നതോടെ സംഭവം വിവാദമായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവം സംസ്ഥാനത്ത് വലിയ തോതിൽ സംസാര വിഷയമായിരിക്കുകയാണ്. പൊതുവെ രാഷ്ട്രീയപരമായ അഭിപ്രായ പ്രകടനങ്ങൾ ജയസൂര്യ നടത്താറില്ല. ഒരു രാഷ്ട്രീയ പാർട്ടിക്കും വേണ്ടിയല്ല, കർഷകർക്ക് വേണ്ടിയാണ് സംസാരിച്ചതെന്ന് നടൻ വ്യക്തമാക്കിയിട്ടുമുണ്ട്.


Click it and Unblock the Notifications