'നിർമാതാവുമായി തർക്കം; മുരളി ലൊക്കേഷൻ വിട്ടു; ആ ആറ് വർഷക്കാലം മുരളി എന്ത് ചെയ്തു?'
മലയാളികളുടെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനം നടൻ മുരളിക്കുണ്ട്. അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മുരളിയുടെ വിയോഗം ഇന്നും സിനിമാ ലോകത്ത് ചർച്ചയാണ്. സിനിമയ്ക്കപ്പുറം വ്യക്തി ജീവിതത്തിലെ ചില കാര്യങ്ങളാലും മുരളി വാർത്തകളിൽ നിറഞ്ഞിരുന്നു. മുരളി കടുത്ത മദ്യപാനിയായിരുന്നെന്ന് നടന്റെ സഹപ്രവർത്തകർ അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുണ്ട്. നടൻ ഹരിഹരൻ സംവിധാനം ചെയ്ത പഞ്ചാഗ്നിയിലൂടെയാണ് മുരളി ആദ്യമായി സിനിമാ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
അതിന് മുമ്പും നടൻ സിനിമകൾ ചെയ്തെങ്കിലും ആദ്യം റിലീസ് ചെയ്തത് പഞ്ചാഗ്നിയാണ്. ആദ്യ സിനിമയിൽ വില്ലൻ വേഷമാണ് നടന് ലഭിച്ചത്. പിന്നീട് വൈവിധ്യമാർന്ന കഥാപാത്രങ്ങൾ മുരളിയെ തേടി വന്നു. അമരം, വെങ്കലം, കിരീടം തുടങ്ങിയ സിനിമകൾ ഇതിനുദാഹരണമാണ്. നാടകരംഗത്ത് നിന്നും വന്നതിന്റെ മികവ് മുരളിയുടെ അഭിനയത്തിൽ പ്രകടമായിരുന്നു.

മുരളിയെക്കുറിച്ച് സംസാരിക്കുകയാണ് പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും നടനുമായ പ്രൊഫസർ അലിയാർ. സഫാരി ടിവിയിലെ പ്രോഗ്രാമിലാണ് മുരളിയെക്കുറിച്ചുള്ള ഓർമ്മകൾ ഇദ്ദേഹം പങ്കുവെച്ചത്. 'മീന മാസത്തിലെ സൂര്യൻ' എന്ന സിനിമയിൽ മുരളി അഭിനയിച്ചതിനെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു.
'മീന മാസത്തിലെ സൂര്യൻ എന്ന സിനിമയിൽ മുരളി അഭിനയിക്കുന്നതിന് ഒരു നിമിത്തമുണ്ട്. മുരളിക്ക് പകരം മമ്മൂട്ടിയെയാണ് ആദ്യം തീരുമാനിച്ചത്. മമ്മൂട്ടിയുടെ തിരക്കുകൾ കാരണം മറ്റൊരു നടനെ അന്വേഷിപ്പോൾ ഭരത് ഗോപി മുരളിയെ നിർദ്ദേശിച്ചു'
'മുരളി ലൊക്കേഷനിലെത്തിയപ്പോൾ നിർമാതാവിന് ഒട്ടും സ്വീകാര്യനായിരുന്നില്ല. ആ കഥാപാത്രത്തിന് മുരളി ചേരുമോ എന്ന് നിർമാതാവിന് സംശയമുണ്ടായി. സംസാരമായതോടെ മുരളി പെട്ടിയെടുത്ത് തിരിച്ച് വന്നു. ബസ് കാത്ത് നിൽക്കവെ നടനെ വീണ്ടും വന്ന് വിളിച്ചു. മുരളി തന്നെ മതിയെന്ന് സംവിധായകൻ ലെനിൻ രാജേന്ദ്രൻ തറപ്പിച്ച് പറഞ്ഞതിനാലായിരുന്നു അത്. മീന മാസത്തിലെ സൂര്യന് മുമ്പാണ് നടൻ ചെയ്ത പഞ്ചാഗ്നി എന്ന സിനിമ റിലീസ് ചെയ്യുന്നത്. 'പഞ്ചാഗ്നി മുരളി'യെന്നാണ് അന്ന് നടൻ അറിയപ്പെട്ടിരുന്നത്'

'രസകരമായ സംഭവമെന്തെന്നാൽ 1979 ലാണ് മുരളി ആദ്യ സിനിമ ഞാറ്റഴിയിൽ അഭിനയിക്കുന്നത്. അത് കഴിഞ്ഞ് 1985 ലാണ് നടൻ രണ്ടാമതൊരു സിനിമ ചെയ്യുന്നത്. ഈ ആറ് വർഷം നടൻ എവിടെയായിരുന്നെന്ന ചോദ്യമുണ്ട്. ആദ്യ സിനിമ കഴിഞ്ഞ ശേഷം ഒരിക്കലും മുരളി അവസരങ്ങൾ അന്വേഷിച്ച് ആരുടെയും പിന്നാലെ പോയതായി അറിയില്ല'
ഈ ആറ് വർഷക്കാലവും നിരന്തരമായി നാടകം ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു മുരളി. അഭിനയ മികവിനെ പരിപാേഷിപ്പിക്കാൻ നാടകം സഹായിക്കുമെന്ന് മുരളി മനസ്സിലാക്കി. ആ ആറ് വർഷമാണ് മുരളിയുടെ പിൽക്കാല അഭിനയ ജീവിതത്തെ സഹായിച്ചതെന്നും പ്രൊഫസർ അലിയാർ വ്യക്തമാക്കി.
ഭരത് ഗോപിയാണ് നടന്റെ ആദ്യ സിനിമ ഞാറ്റാടി സംവിധാനം ചെയ്തത്. എന്നാൽ ഈ സിനിമ റിലീസ് ചെയ്തില്ല. 2009 ആഗസ്റ്റ് ആറിനാണ് മുരളി മരിക്കുന്നത്. 56ാം വയസ്സിലായിരുന്നു വിയോഗം. അവസാനകാലത്ത് രോഗാതുരനായിരുന്നു നടൻ. അഭിനയിച്ച സിനിമകളിലൂടെ വർഷങ്ങൾക്കിപ്പുറവും നടൻ ഓർമ്മിക്കപ്പെടുന്നു. 1992 ൽ ആധാരം എന്ന സിനിമയിലാണ് മുരളി ആദ്യമായി നായക വേഷം ചെയ്യുന്നത്.
സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മുരളിക്ക് ലഭിച്ചു. 2001 ൽ നെയ്ത്തുകാരൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും നടന് ലഭിച്ചു. നാല് തവണയാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം മുരളിക്ക് ലഭിച്ചത്. രണ്ട് തവണ സഹനടനുള്ള പുരസ്കാരവും നേടി. അഞ്ച് പുസ്തകങ്ങൾ മുരളി എഴുതിയിട്ടുണ്ട്. ഇതിൽ 'അഭിനയത്തിന്റെ രസതന്ത്രം' എന്ന പുസ്തകം ഏറെ ശ്രദ്ധ നേടി.


Click it and Unblock the Notifications











