രജിനികാന്ത് സിമ്പിൾ ആണോ? ആ വാദത്തിൽ സത്യമില്ലെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തിയപ്പോൾ
രജിനികാന്ത് കഴിഞ്ഞ അമ്പത് വർഷങ്ങളായി തമിഴ് സിനിമ അടക്കി ഭരിക്കുന്ന സൂപ്പർസ്റ്റാറാണ്. തനിക്ക് മുൻപും പിൻപും ഇൻഡസ്ട്രിയിൽ ഒരുപാട് വലിയ താരങ്ങളും, കഴിവുറ്റ നടന്മാരും വന്നു പോവുകയും, അതിൽ ചിലരൊക്കെ വലിയ താരങ്ങളാവുകയും ചെയ്തെങ്കിലും, ഇത് വരെ ആർക്കും രജിനിയുടെ ജനപ്രീതിയോ, താര മൂല്യമോ നേടാനോ, അദ്ദേഹത്തിന് പകരക്കാരനാകാനോ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. എന്നാൽ വ്യക്തി ജീവിതമെടുത്താൽ, സ്വന്തം കഷണ്ടി തലയോ, നരയോ മറയ്ക്കാനോ, മേക്കപ്പ് ധരിച്ചു പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനോ, അദ്ദേഹം തയ്യാറാകാറില്ല.
അത് കൊണ്ട് തന്നെ, ഇന്ത്യൻ സിനിമയിലെ ഏറ്റവും 'സിമ്പിൾ' ആയ സൂപ്പർസ്റ്റാർ എന്ന പദവിയും രജിനികാന്ത് സ്വന്തമാക്കി. എല്ലാ താരങ്ങളും അദ്ദേഹത്തെ കണ്ട് പഠിക്കണമെന്നും, ജീവിതത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത പടയപ്പാ താരം ഒരു മാതൃകയാണെന്നും പലപ്പോഴായി മറ്റു താരങ്ങളും, പ്രേക്ഷകരും, ഒരേ സ്വരത്തിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഈ വാദങ്ങൾ ഒരിക്കൽ രജിനികാന്ത് തന്നെ തള്ളി കളഞ്ഞിരുന്നു. താൻ അത്ര സിമ്പിൾ ആയ വ്യക്തിയൊന്നുമല്ലെന്നാണ്, കുറച്ചു വർഷങ്ങൾക്ക് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

അപൂർവ്വമായി മാത്രം അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള രജിനികാന്ത്, മുൻപ് തന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ എന്തിരന്റെ രണ്ടാം ഭാഗം 2.O പുറത്തിറങ്ങിയപ്പോൾ അത് പ്രോമോട്ട് ചെയ്യാനായി ഒരു പ്രത്യേക പരിപാടിയിൽ പങ്കെടുത്തിരുന്നു. അന്ന്, തന്റെ സിമ്പിൾ ജീവിതത്തെ കുറിച്ച് ചോദിച്ച അവതാരകയോട്, "നിങ്ങൾ എന്നെ സിമ്പിൾ എന്ന് വിളിക്കുന്നത്തിന്റെ കാരണം സത്യത്തിൽ എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല," എന്നാണ് ലെജൻഡറി താരം മറുപടി നൽകിയത്. ഒപ്പം, അത് തന്റെ രൂപവും, വസ്ത്രധാരണവും വച്ച് മാത്രമുള്ള വിലയിരുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ സ്ഥിരമായി യാത്ര ചെയ്യുന്നത്, ബി. എം. ഡബ്ലിയൂ അല്ലെങ്കിൽ അതിലും മുകളിൽ നിൽക്കുന്ന ആഡംബര കാറുകളിലാണ്. എന്റെ താമസം പോയസ് ഗാർഡനിൽ (ചെന്നൈയിലെ കോടികൾ വിലമതിക്കുന്ന, രാഷ്ട്രീയത്തിലെയും സിനിമയിലെയും ബിസിനസ്സ് രംഗത്തെയും ഏറ്റവും പ്രമുഖ വ്യക്തികൾ താമസിക്കുന്ന ലക്ഷ്വറി ടൌൺ ഏരിയ) പണി കഴിപ്പിച്ച വീട്ടിലാണ്. എനിക്ക് ഒന്ന് പുറത്തു പോയി ഭക്ഷണം കഴിക്കണമെന്ന് തോന്നിയാൽ, പോവുന്നത് കുറഞ്ഞത് ഫൈവ് സ്റ്റാർ, അല്ലെങ്കിൽ സെവൻ സ്റ്റാർ ഹോട്ടലുകളിലാണ്. ഇങ്ങനെയൊക്കെ ജീവിക്കുന്ന എനിക്ക് എവിടെയാണ് സിമ്പ്ലിസിറ്റി എന്ന് മനസ്സിലാവുന്നില്ല," രജിനികാന്ത് പറഞ്ഞു. സൂപ്പർതാരത്തിന്റെ മറുപടി കേട്ട അവതാരകയും, പ്രേക്ഷകരും ഒരുപോലെ അമ്പരക്കുകയും, അത് അതെ രീതിയിൽ തന്നെ ആസ്വദിക്കുകയും ചെയ്തു.
എന്നാൽ, ഇത്തരം സത്യസന്ധമായ തുറന്നു പറച്ചിലുകളും, ജീവിതത്തിൽ അമിതമായ അഭിനയമില്ലാതെ, തന്റെ യഥാർത്ഥ വ്യക്തിത്വം പ്രകടിപ്പിക്കുന്ന രജിനികാന്തിന്റെ സ്വാഭാവവും തന്നെയാണ് അദ്ദേഹം സിമ്പിൾ ആണെന്ന് പറയുന്നതിന്റെ കാരണം എന്നാണ് ആരാധകർ പറയുന്നത്. ഇടയ്ക്കൊക്കെ തന്റെ മൂർച്ചയേറിയ വാക്കുകൾ (പ്രത്യേകിച്ച്, അടുത്തിടെയായി സഹതാരങ്ങളേയും, സംവിധായകരെയും കുറിച്ചുള്ള പരാമർശങ്ങൾ) കൊണ്ട് വിവാദങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും, സൂപ്പർതാരം പൊതു വേദികളിൽ നടത്താറുള്ള പ്രസംഗങ്ങൾക്ക് ആരാധകർ ഏറെയാണ്. രജിനിയുടെ പ്രത്യേക സംസാര രീതിയും, സ്റ്റൈലും, സ്വതസിദ്ധമായ താമാശകളും ഒക്കെയാണ് ആരാധകർക്ക് ഏറെയിഷ്ടം.


Click it and Unblock the Notifications











