മഞ്ജു വാര്യരെയാണ് ആദ്യം പരിഗണിച്ചത്, പക്ഷെ സംഭവിച്ചത്; ഐശ്വര്യ റായ് അന്ന് ഞെട്ടി; രാജീവ് മേനോന്റെ വാക്കുകൾ
മഞ്ജു വാര്യർ അഭിനയ രംഗത്ത് ഇന്ന് സജീവമാണെങ്കിലും നടിയുടെ കരിയറിലെ സുവർണ കാലമായി ആരാധകർ കാണുന്നത് തൊണ്ണൂറുകളാണ്. മൂന്ന് വർഷത്തിനുള്ളിൽ അവിസ്മരണീയമായ ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി സിനിമാ ലോകത്ത് നിന്നും മാറി. വിവാഹ ശേഷമായിരുന്നു പിന്മാറ്റം. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് മഞ്ജു സിനിമാ രംഗത്തേക്ക് തിരിച്ച് വന്നത്. വിവാഹത്തോടെ നടി വേണ്ടെന്ന് വെച്ചത് വൻ ഹിറ്റായ സിനിമകളാണ്. ഫ്രണ്ട്സ്, ചന്ദ്രലേഖ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.
തമിഴിൽ ഇക്കാലത്ത് നടി വേണ്ടെന്ന് വെച്ച സിനിമയാണ് കണ്ടുകൊണ്ടെയ്ൻ കണ്ടുകൊണ്ടെയ്ൻ. രാജീവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി, അജിത്ത്, ഐശ്വര്യ റായ് തബു എന്നിവരാണ് പ്രധാന വേഷം ചെയ്തത്. ഐശ്വര്യ റായ് ചെയ്ത വേഷത്തിലേക്കാണ് മഞ്ജു വാര്യരെ പരിഗണിച്ചത്. ഇതേക്കുറിച്ച് സംവിധായകൻ രാജീവ് മേനോൻ മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഇപ്പോൾ സിനിമയിലുള്ള ആർട്ടിസ്റ്റുകളെയായിരുന്നില്ല ആദ്യം തീരുമാനിച്ചതെന്ന് സംവിധായകൻ വ്യക്തമാക്കി. വായാടിയായ ആളെ വേണ്ടതിനാൽ മഞ്ജു വാര്യരെയാണ് ആ സമയത്ത് ഐശ്വര്യ റായുടെ കഥാപാത്രത്തിലേക്ക് നോക്കിയത്. അവർ ആ സമയത്ത് വിവാഹിതയാവുകയായിരുന്നെന്ന് തോന്നുന്നു. കൃത്യമായ മറുപടി ലഭിച്ചില്ല. തബു ചെയ്ത കഥാപാത്രത്തിനായി സൗന്ദര്യയെയാണ് നോക്കിയത്. ആ സമയത്ത് ഇവർ സൂപ്പർ താരങ്ങളല്ല. അഭിനേതാക്കളാണ്.
ഐശ്വര്യ റായ് അന്ന് ഇരുവർ എന്ന സിനിമ ചെയ്തിട്ടുണ്ട്. താൽ എന്ന സിനിമയിൽ അഭിനയിക്കുന്നു. ഹിന്ദിയിൽ നിന്നും വലിയ ഹിറ്റ് അപ്പോൾ അവർക്ക് വന്നിട്ടില്ല. എല്ലാവരും അഭിനേതാക്കളായി വരണമെന്ന ആഗ്രഹത്തിൽ ചെയ്ത സിനിമയാണ്. താരമാണെന്ന ഭാരമില്ലാതെ ഇവർ അഭിനയിച്ചെന്നും രാജീവ് മേനോൻ വ്യക്തമാക്കി. മിൻസാര കനവ് എന്ന തന്റെ ആദ്യ സിനിമയിലേക്കും കജോളിന് പകരം നായികയായി പരിഗണിച്ചിരുന്നത് ഐശ്വര്യ റായിയെ ആണെന്ന് രാജീവ് മേനോൻ വ്യക്തമാക്കി.

ഐശ്വര്യക്കൊപ്പം ആഡുകൾ ചെയ്തിട്ടുണ്ട്. സിനിമയുടെ കാര്യം പറഞ്ഞപ്പോൾ മണിരത്നം സാറിന്റെ ഇരുവർ എന്ന സിനിമയിൽ നിന്നും ഓഫർ വന്നിട്ടുണ്ടെന്ന് ഐശ്വര്യ പറഞ്ഞു. ഇത് എന്റെ ആദ്യ സിനിമയാണ്. എങ്ങനെയായിരിക്കും സംവിധാനം ചെയ്യുകയെന്ന് എനിക്കറിയില്ല, മണി സർ എക്സ്പീരിയൻസ്ഡായ സംവിധായകനാണ്. നിങ്ങൾ ആ സിനിമ തന്നെ ചെയ്തോയെന്ന് പറഞ്ഞ് ഞാൻ തിരിച്ച് പോയി.
അവർ ഷോക്കായി. ഫ്ലെെറ്റിൽ വന്ന് കഥ പറഞ്ഞിട്ട് മറ്റൊരു സിനിമ ചെയ്തോ എന്ന് പറഞ്ഞ ഒരാൾ. നിങ്ങൾ ഇത്രയും സത്യസന്ധനാണ്. തീർച്ചയായും നിങ്ങളുടെ സിനിമ ചെയ്യുമെന്ന് ഐശ്വര്യ പറഞ്ഞെന്നും രാജീവ് മേനോൻ ഓർത്തു. കണ്ട് കൊണ്ടെയ്ൻ കണ്ട് കൊണ്ടെയ്നിലേക്ക് ഐശ്വര്യയെ നിർദ്ദേശിച്ചത് തന്റെ ഭാര്യയാണെന്നും ഇദ്ദേഹം പറഞ്ഞു. വിളിച്ചപ്പോൾ ചെയ്യാമെന്ന് പറഞ്ഞു. കഥയിലെ ആദ്യ സീനുകൾ കേട്ട് ഐശ്വര്യ കരഞ്ഞു. അവരുടെ കുടുംബ ബന്ധം വളരെ ശക്തമാണ്. അതിനാൽ കഥയുമായി ഐഡന്റിറ്റിഫൈ ചെയ്തിരിക്കാമെന്നും രാജീവ് മേനോൻ വ്യക്തമാക്കി.


Click it and Unblock the Notifications