ബിജു മേനോൻ എന്തൊരു ജാഡക്കാരനാണെന്ന് എല്ലാവരോടും പറഞ്ഞു: ആദ്യ സംഭാഷണത്തെ കുറിച്ച് സംയുക്ത വർമ്മ
ബിജു മേനോന്റെയും സംയുക്ത വർമ്മയുടെയും പ്രണയകഥ, മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. മധുരനൊമ്പരക്കാറ്റ്, മഴ, മേഘമൽഹാർ എന്നീ റൊമാന്റിക് സിനിമകളിലൂടെ സിനിമ പ്രേമികളുടെ മനം കവർന്ന ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ, എല്ലാവരും ഏറെ സന്തോഷിച്ചു. ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും, നടിയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ബിജു മേനോനാവട്ടെ, മലയാള സിനിമയിലെ ഏറ്റവും വേർസറ്റൈലായ നടന്മാരിൽ ഒരാളായി തിളങ്ങി നിൽക്കുകയാണ്. ഇരുവർക്കും ഇന്ന് ദക്ഷ് ധർമിക് എന്നൊരു കൗമാരക്കാരനായ മകനും ഉണ്ട്.
വളരെ വർഷങ്ങൾക്ക് മുൻപ്, ബിജു മേനോന്റെയും സംയുക്ത വർമ്മയുടെയും വിവാഹം കഴിഞ്ഞ് അധികം വൈകാതെ, ഇരുവരും ഒന്നിച്ച് കൈരളി ടി.വി.യ്ക്ക് ഒരു അഭിമുഖം നൽകിയിരുന്നു. അന്ന്, തങ്ങളുടെ പ്രണയത്തെ കുറിച്ച് അത് വരെ വെളിപ്പെടുത്തിയിട്ടില്ലാത്ത പല വിവരങ്ങളും താര ദമ്പതികൾ പങ്കു വച്ചു. വിവാഹത്തിന് മുൻപ്, മറ്റാരും വഴക്കിടാത്ത അത്രയും ബിജുവും താനും വഴക്കിട്ടിരുന്നു എന്ന് ഒരു ചിരിയോടെ സംയുക്ത അന്ന് വെളിപ്പെടുത്തി. ഒപ്പം, സിനിമയിൽ എത്തുന്നതിന് മുൻപ് നടനോട് സംസാരിച്ച അവസരത്തെ കുറിച്ചും താരം ഓർത്തെടുത്തു.

"ബിജുവേട്ടൻ സിനിമയിൽ വന്നു കഴിഞ്ഞ്, പ്രണയവർണ്ണങ്ങൾ ഒക്കെ റിലീസ് ആയ സമയത്ത്, കോളേജിലെ ആർട്സ് ഫെസ്റ്റിവൽ നടക്കുമ്പോൾ, അതിന് ക്ഷണിക്കാൻ വേണ്ടി ഞാൻ വിളിച്ചിരുന്നു. അപ്പോൾ "വരാൻ പറ്റില്ല" എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ ഞാൻ വിചാരിച്ചു, ഇയാൾക്ക് ഭയങ്കര ജാടയാണല്ലോ എന്ന്. അന്ന് ഞാൻ എന്റെ ഫ്രണ്ട്സിനോടും, മറ്റുള്ളവരോടും ഒക്കെ പറഞ്ഞു, "എന്തൊരു ജാഡയാണ് ഈ ബിജു മേനോന്," എന്നൊക്കെ. അന്ന് ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞ് ഭയങ്കരമായി ക്രിട്ടിസൈസ് ചെയ്തിരുന്നു," സംയുക്ത വർമ്മ വെളിപ്പെടുത്തി.
"പിന്നീട് ഒരുമിച്ച് അഭിനയിച്ചു, പ്രണയത്തിലായി, അത് കഴിഞ്ഞ് കല്യാണവും തീരുമാനിച്ചു. അന്നത്തെ ആ ഫ്രണ്ട്സിനെ കല്യാണത്തിന് ക്ഷണിച്ചപ്പോൾ, അവരെയൊന്നും ഫേസ് ചെയ്യാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല," ഒരു ചിരിയോടെ മലയാളത്തിന്റെ പ്രിയ നായിക പറഞ്ഞു. "ഇവൾ പഠിച്ചിരുന്നത് പോകാൻ പറ്റിയ കോളേജിലായിരുന്നു," ഒരു കള്ള ചിരിയോടെ ബിജു മേനോൻ തന്റെ പ്രിയ പത്നിയെ കളിയാക്കി. പിന്നീട്, അന്ന് താൻ സംയുക്ത വർമ്മയോട് ജാഡ കാണിച്ചതല്ലെന്നും, സത്യത്തിൽ കോളേജിലെ പരിപാടി നടക്കുന്ന ദിവസം ഷൂട്ടിങ് തിരക്കുണ്ടെന്ന് അറിയാവുന്നത് കൊണ്ട് ക്ഷണം നിരസിച്ചതാണെന്നും, പ്രശസ്ത നടൻ പറഞ്ഞു.

പ്രണയിച്ചു തുടങ്ങിയ സമയം മുതൽക്ക്, പതിവിന് വിപരീതമായി, രണ്ടാളുടെയും എല്ലാ മോശ വശങ്ങളും പരസ്പരം അറിഞ്ഞിരുന്നു എന്നാണ് ബിജു മേനോനും, സംയുക്ത വർമ്മയും പറഞ്ഞത്. താങ്കളെപ്പോലെ വഴക്കിട്ട് പ്രണയിച്ച അധികമാരും ഉണ്ടാവില്ലെന്ന് തുറന്നു സമ്മതിച്ച താര ദമ്പതികൾ, കല്യാണത്തിന് മുൻപുള്ള തങ്ങളുടെ വഴക്കുകൾ കണ്ട് രണ്ടു കുടുംബത്തിൽ ഉള്ളവരും "ഇവരെ എന്ത് വിശ്വസിച്ചാണ് കല്യാണം കഴിപ്പിക്കുക," എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി. എന്നാൽ, അതൊക്കെ കൊണ്ട് തന്നെ, പരസ്പരം ഏറെ അടുത്തറിഞ്ഞുവെന്നും, കല്യാണം കഴിഞ്ഞപ്പോൾ വഴക്കുകൾ ഏതാണ്ട് മുഴുവനായും നിന്നുവെന്നും ബിജു മേനോൻ കൂട്ടി ചേർത്തു.
വിവാഹ ശേഷം അഭിനയം നിർത്തി യോഗയിലേക്ക് ശ്രദ്ധ തിരിക്കാനുള്ള സംയുക്തയുടെ തീരുമാനത്തെ പൂർണ്ണമായും ബിജു മേനോൻ പിന്തുണച്ചു. ഇനി എന്നെങ്കിലും ഭാര്യ വീണ്ടും അഭിനയിക്കണമെന്ന് ആഗ്രഹിച്ചാൽ, അതിനും താൻ എല്ലാ വിധ സപ്പോർട്ടും നൽകുമെന്നും നടൻ പല അവസരങ്ങളിലും വെളിപ്പെടുത്തി. എന്നാൽ ഇത് വരെ സിനിമയിലേക്ക് മടങ്ങി വരണമെന്ന് തനിക്ക് ആഗ്രഹം തോന്നിയിട്ടില്ലെന്നാണ് സംയുക്ത പറയുന്നത്.


Click it and Unblock the Notifications











