അച്ഛനല്ലേ, ഷമ്മിക്ക് വേണ്ടി അദ്ദേഹമത് ചെയ്തു; തിലകനെക്കുറിച്ച് ശാന്തിവിള ദിനേശിന്റെ വാക്കുകൾ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനായിരുന്നു അന്തരിച്ച തിലകൻ. പ്രേക്ഷക മനസ്സിൽ ആഴത്തിൽ തൊട്ട ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച തിലകൻ സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. കിരീടം, മൂന്നാം പക്കം, പെരുന്തച്ചൻ, ഗോഡ്ഫാദർ, സന്ദേശം, സ്ഫടികം തുടങ്ങിയ സിനിമകളിൽ തിലകൻ ചെയ്ത വേഷങ്ങൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. തിലകന്റെ കരിയറിന് അർഹമായ പരിഗണന മലയാള സിനിമാ ലോകത്ത് നിന്നും ലഭിച്ചോ എന്ന് ചോദിച്ചാൽ സംശയമാണ്.
ഒരു കാലഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും മാറ്റി നിർത്തപ്പെട്ട നടന് നേരിടേണ്ടി വന്നത് നീതി നിഷേധമാണെന്ന് വലിയൊരു വിഭാവം വിശ്വസിക്കുന്നുണ്ട്. പലപ്പോഴും വിവാദങ്ങളുടെ നടുവിലായിരുന്നു തിലകന്റെ സിനിമാ ജീവിതം. തിലകനെ പറ്റി പല അഭിപ്രായങ്ങളും സിനിമാ ലോകത്തുണ്ട്. അഭിനയത്തിൽ പകരം വെക്കാനില്ലാത്ത നടൻ എന്ന് വിശേഷിപ്പിക്കുമ്പോഴും തിലകനെ വ്യക്തിപരമായി വിമർശിച്ചവർ ഏറെയാണ്. അനാവശ്യമായ തർക്കങ്ങൾ, പിണക്കങ്ങൾ, ദേഷ്യം എന്നിവ കാരണം സെറ്റിൽ തിലകൻ പ്രശ്നക്കാരനാണ് എന്ന സംസാരമുണ്ടായിരുന്നു.
സിനിമാ സംഘടനകൾ തിലകനെ വിലക്കിയതിന് കാരണം ഇതാണെന്നും വാദമുണ്ട്. അച്ഛന്റെ പാത പിന്തുടർന്നാണ് ഷമ്മി തിലകനും ഷോബി തിലകനും സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. ഷമ്മി തിലകൻ നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു. അതേസമയം ഷോബി തിലകൻ ഡബ്ബിംഗ് മേഖലയിലാണ് കൂടുതൽ തിളങ്ങിയത്.

സിനിമകളിലും സീരിയലുകളിലും ഷോബി തിലകൻ അഭിനയിച്ചിട്ടുണ്ട്. കരിയറിൽ തിലകനെ പോലെ മികച്ച അവസരങ്ങൾ ഷമ്മിക്കോ ഷോബിക്കോ അധികം ലഭിച്ചിട്ടില്ല. ഇക്കാര്യം പലപ്പോഴും സിനിമാ പ്രേക്ഷകർ ചൂണ്ടിക്കാണിക്കാറുണ്ട്. ശ്രദ്ധേയമായ ഒരുപിടി സിനിമകൾ ലഭിച്ച ഷമ്മി തിലകൻ ഈ ഗ്രാഫ് തുടരാൻ സാധിച്ചില്ലെന്നും അഭിപ്രായമുണ്ട്.
തിലകനെക്കുറിച്ചും ഷമ്മി തിലകനെക്കുറിച്ചും സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. തിലകന്റെ നിരവധി സിനിമകളിൽ സഹ സംവിധായകനായി ശാന്തിവിള ദിനേശ് പ്രവർത്തിച്ചിട്ടുണ്ട്. 'തിലകൻ ചേട്ടൻ ഒരുമാതിരിപെട്ട എല്ലാ അസിസ്റ്റന്റ് ഡയറക്ടർമാരോടും ഉടക്കുന്ന ആളാണ്. ആ മനുഷ്യന് പോലും മുഖം കറുത്ത് ഒരു വാക്ക് എന്നോട് പറയേണ്ടി വന്നിട്ടില്ല. നമ്മൾ പുള്ളിയോട് പെരുമാറുന്ന രീതിയാണത്. 32 ദിവസം അദ്ദേഹം ആശുപത്രിയിൽ കിടന്നു'

'ഞാൻ 28 ദിവസം എന്റെ അച്ഛനെ പോലെ കണ്ട് ആശുപത്രിയിൽ പോയി. ഷോബി തിലകൻ മാത്രമാണ് ആശുപത്രിയിൽ മുഴുവൻ സമയവും ഉണ്ടായിരുന്നത്. മകനെ അദ്ദേഹം ആകെ റെക്കമന്റ് ചെയ്തത് കേശു നായർ മകൻ കണ്ണൻ നായർ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ഷമ്മി നായകനായ ആ സിനിമ ഇന്നുവരെ പുറത്ത് വന്നിട്ടില്ല. ഒരു അച്ഛനല്ലേ, ഈ പടം പുറത്ത് വന്നാൽ ചിലപ്പോൾ ഷമ്മി മലയാളത്തിൽ ഒരു വലിയ നടനാകുമെന്ന് പുള്ളി കരുതി. കേശു നായരായിട്ട് തിലകൻ ചേട്ടനും കണ്ണൻ നായരായി ഷമ്മിയും ആ സിനിമയിൽ അഭിനയിച്ചു'
ഒറ്റപ്പാലത്ത് വെച്ചാണ് ഷൂട്ടിംഗ് നടന്നത്. ഷൊർണൂരിൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഓടി നടന്നാണ് രണ്ട് സിനിമയിലും തിലകൻ അഭിനയിച്ചതെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി. മുമ്പൊരിക്കൽ മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു സംവിധായകൻ. ബാംഗ്ൾസ്, ഗോഡ് ഫോർ സെയ്ൽ എന്നിവയാണ് തിലകന്റേതായി അവസാനമായി പുറത്തിറങ്ങിയ സിനിമകൾ. 2012 ലാണ് തിലകൻ മരിക്കുന്നത്. തിലകന്റെ ഓർമ്മകൾ സഹപ്രവർത്തകരിൽ ചിലർ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications