ചോറ് വേണ്ട, പൊടികൾ കലക്കി കഴിക്കും; ദേഹമാസകലം ടാറ്റൂ; അസിസ്റ്റന്റിന്റെ ജോലി: ശാന്തിവിള ദിനേശ്
വർഷങ്ങളായി ആത്മീയതയുടെ പാതയിലാണ് നടി ലെന. വ്യത്യസ്തമായ റോളുകൾ ചെയ്ത് ജനപ്രീതി നേടിയ ലെന ഇന്ന് ഒരു എഴുത്തുകാരി കൂടിയാണ്. ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകം ഏറെ ശ്രദ്ധ നേടി. ജീവിതത്തെക്കുറിച്ച് ലെനയ്ക്കുള്ള കാഴ്ചപ്പാട് വ്യത്യസ്തവും ആഴമുള്ളതുമാണ്. ലെന ആത്മീയതയിലേക്ക് അർപ്പിച്ച ജീവിതമാണ് നയിക്കുന്നതെന്ന് പലർക്കും അറിയില്ലായിരുന്നു. ലെനയെക്കുറിച്ച് ഒരിക്കൽ സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഇദ്ദേഹം സംവിധാനം ചെയ്ത ചില്ലുവിളക്ക് എന്ന സീരിയലിൽ ലെന അഭിനയിച്ചിട്ടുണ്ട്. അന്നത്തെ അനുഭവങ്ങളാണ് ശാന്തിവിള ദിനേശ് ഒരിക്കൽ പങ്കുവെച്ചത്. ലെന സെറ്റിൽ വരുമ്പോൾ നമ്മൾ അതിശയപ്പെടും. മുടി ക്രോപ്പ് ചെയ്ത് ജീൻസൊക്കെയിട്ട് അടിപൊളിയായി വരും. ലെനയെക്കുറിച്ച് എനിക്ക് തോന്നിയ മെെനസ് ദേഹമാസകലം ടാറ്റൂ കുത്തിയതാണ്. ലെന, നിങ്ങൾ ഒരു ആർട്ടിസ്റ്റല്ലേ, പല ക്യാരക്ടേർസ് ചെയ്യേണ്ട, മൂടിപ്പുതച്ച് മാത്രമല്ലല്ലോ അഭിനയിക്കുക, ദേഹം മുഴുവൻ ടാറ്റൂ കുത്തുന്നത് ശരിയാണോ എന്ന് ഞാൻ ചോദിച്ചു. കൂടെയുള്ള അസിസ്റ്റന്റിന് ഈ ടാറ്റൂകൾ മറയ്ക്കൽ ഒരു മണിക്കൂർ ജോലിയാണ്. ചാണകം പോലെ പാൻ കേക്ക് വാരിത്തേച്ച് മറയ്ക്കണം.

അതിൽ മാത്രമേ എനിക്ക് ലെനയോട് എതിർപ്പ് തോന്നിയിട്ടുള്ളൂ. അത് മാത്രമല്ല ലെന കട്ടിനും ഷോട്ടിനും ഇടയിലേ നമ്മുടെ കൂടെ നിൽക്കൂ. ഷോട്ട് ഓക്കെ എന്ന് പറഞ്ഞ് കഴിഞ്ഞാൽ ലെന ദൂരെ എവിടെയെങ്കിലും മരത്തിന്റെ ചുവട്ടിൽ വാക്മാനും വെച്ച് ഇംഗ്ലീഷ് പുസ്തകവും കയ്യിൽ വെച്ച് ഇരുന്നോളും. എല്ലാവരുമായിട്ടും നല്ല സഹകരണമാണ്. പക്ഷെ ആരുമായിട്ടും പരദൂഷണം പറയാനോ കൊതിക്കിറുവ് പറയാനോ ലെന ഇല്ല. ഒരു ദിവസം പോലും ലെന എന്റെ സെറ്റിൽ ലേറ്റായി വരില്ല.
എന്റെ പ്രൊഡ്യൂസറാണെങ്കിൽ ഇന്റർനാഷണൽ തരികിടയായിരുന്നു. എന്നിട്ട് പോലും ലെന ഒരിക്കലും പിണങ്ങിയിട്ടില്ല. അത്രയും ജെന്റിൽ വുമണായിരുന്നു ലെന. പ്രൊഡക്ഷൻ ഫുഡൊന്നും കഴിക്കില്ല. എല്ലാം ടിൻ ഫുഡുകളാണ്. എന്തോ പൗഡർ കലക്കി ആയ കൊണ്ട് കൊടുക്കും. അത് കുടിക്കും. അല്ലാതെ നമ്മുടെ ഇഡ്ഡലിയും സാമ്പാറും ചോറുമൊന്നും വേണ്ട. എല്ലാം പൊടികളായിരുന്നെന്നും ശാന്തിവിള ദിനേശ് ഓർത്തു.


Click it and Unblock the Notifications











