'വയലാറിന്റെ കുടുംബത്തിന് യേശുദാസ് പത്ത് പൈസ കൊടുത്തില്ല; പക്ഷെ അന്ന് പറഞ്ഞത്'; ശാന്തിവിള ദിനേശ്
മലയാള സിനിമാ രംഗത്തെ പ്രമുഖരെ പറ്റി തുറന്നടിക്കാൻ സംവിധായകൻ ശാന്തിവിള ദിനേശ് മടിക്കാറില്ല. അടുത്ത കാലത്ത് സിനിമാ രംഗത്ത് നടന്ന പ്രശ്നങ്ങളെക്കുറിച്ചെല്ലാം ഇദ്ദേഹം യുട്യൂബ് ചാനലിലൂടെ തുറന്ന് സംസാരിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെ രൂക്ഷമായി വിമർശിക്കാനും ശാന്തിവിള ഭയന്നില്ല. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ് രംഗത്ത് വന്നതോടെയാണ് ശാന്തിവിള ദിനേശിന് വാർത്താ പ്രാധാന്യം ലഭിക്കുന്നത്.
പിന്നീട് നിരവധി ഓൺലൈൻ മാധ്യമങ്ങളിൽ ശാന്തിവിള അഭിമുഖം നൽകി. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നതിനാൽ തന്നെ ശാന്തിവിളയുടെ വാക്കുകൾ ജനശ്രദ്ധ നേടാറുണ്ട്. എന്നാൽ പരാമർശങ്ങൾ പലപ്പോഴും വിമർശിക്കപ്പെടാറുമുണ്ട്. താരങ്ങളെ അധിക്ഷേപിക്കുകയാണ് ശാന്തിവിള ചെയ്യുന്നതെന്നാണ് വിമർശനം. പ്രമുഖരുടെ ആരാധകർ ശാന്തിവിളയ്ക്കെതിരെ രംഗത്ത് വരാറുമുണ്ട്. ഗായകൻ യേശുദാസിനെക്കുറിച്ച് ശാന്തിവിള മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

സിനിമാ രംഗത്തുള്ളവർ മരിക്കുമ്പോൾ ഇവരുടെ കുടുംബത്തെ സഹായിക്കുമെന്ന് സഹപ്രവർത്തകർ പറയുമെങ്കിലും ഈ സഹായം ലഭിക്കാറില്ലെന്ന് ശാന്തിവിള പറഞ്ഞു. യേശുദാസിനെ ഉദാഹരണമായി ഇദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
'വയലാറിന്റെ മരണശേഷം ഇനി മുതൽ പാടുന്ന പാട്ടിൽ നിന്നുള്ള വരുമാനത്തിന്റെ ഇത്ര ശതമാനം ഞാൻ എന്റെ സഹോദരനായ വയലാറിന്റെ കുടുംബത്തിനും കൊടുക്കുമെന്ന് യേശുദാസ് പറഞ്ഞു. പക്ഷെ പത്ത് പൈസ കൊടുത്തിട്ടില്ല. യേശുദാസ് പിന്നീട് ആ കുടുംബത്തെ ബന്ധപ്പെട്ടത് വയലാറിന്റെ കവിതകളുടെ കാസറ്റിറക്കാൻ വേണ്ടി റൈറ്റ്സ് വാങ്ങാനാണ്. ജീവിച്ചിരിക്കുമ്പോഴും സജീവമായി നിൽക്കുമ്പോഴും മാത്രമേ സിനിമകളിൽ ബന്ധങ്ങളുള്ളൂ. മരിച്ച് കഴിഞ്ഞാൽ അവിടെ തീരും,' ശാന്തിവിള ദിനേശ് പറഞ്ഞു.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് ശാന്തിവിള ഇക്കാര്യം പറഞ്ഞത്. അടുത്തിടെയും സമാന അഭിപ്രായം ശാന്തിവിള ദിനേശ് പങ്കുവെച്ചിരുന്നു. നടൻ കൊച്ചിൻ ഹനീഫയുടെ മരണമാണ് അന്ന് ശാന്തിവിള ഉദാഹരണമായി ചൂണ്ടിക്കാണിച്ചത്. കൊച്ചിൻ ഹനീഫ മരിച്ചപ്പോൾ സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ പൊട്ടിക്കരഞ്ഞു.
എന്നാൽ കുടുംബത്തെ സഹായിക്കാൻ ഇവരാരും ഉണ്ടായില്ല. കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ സഹായിച്ച ഒരേയൊരു നടൻ ദിലീപാണ്. ലോഹിതദാസ് മരിച്ചപ്പോഴും സഹായവാഗ്ദാനവുമായി പലരുമെത്തി. എന്നാൽ ആരും പിന്നീട് അദ്ദേഹത്തിന്റെ കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതിന് കാരണമെന്തെന്നും ശാന്തിവിള മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ കരിയർ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ശാന്തിവിളയുടെ വാദം. മുമ്പ് ദിലീപുമായി സൗഹൃദം ഇല്ലായിരുന്നെങ്കിലും ഇപ്പോൾ ഇടയ്ക്കിടെ എന്നെ വിളിക്കും. ചില സ്വകാര്യ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
നിരവധി സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ച ശാന്തിവിള ദിനേശ് ബംഗ്ലാവിൽ ഔത എന്ന ഒറ്റ സിനിമ മാത്രമാണ് സംവിധാനം ചെയ്തത്. ഇതാണ് പലപ്പോഴും ഇദ്ദേഹത്തിന്റെ വിമർശകർ ചൂണ്ടിക്കാണിക്കുന്ന കാര്യം. ഒരു സിനിമ മാത്രം ചെയ്ത ആൾക്ക് സിനിമാ ലോകത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുമോ എന്ന് ഇവർ ചോദിക്കുന്നു.
എന്നാൽ ഇത്തരം വിമർശനങ്ങളെ ശാന്തിവിള ദിനേശ് കാര്യമാക്കാറില്ല. തന്റെ അഭിപ്രായങ്ങളും ശരികളുമാണ് പറയുന്നത്. അതിന് വരുന്ന വിമർശനങ്ങൾ ഗൗനിക്കുന്നില്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്. 2005 ലാണ് ബംഗ്ലാവിൽ ഔത റിലീസ് ചെയ്യുന്നത്. ഭാവന, ലാൽ, സാജൻ സൂര്യ, കൽപ്പന എന്നിവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്. സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.


Click it and Unblock the Notifications











