വാണിയെ ഉപേക്ഷിക്കാൻ കമൽ ഹാസനോട് ആവശ്യപ്പെട്ടില്ല; ഒറ്റയ്ക്ക് കുഞ്ഞിനെ വളർത്താൻ തീരുമാനിച്ച സരിക
കമൽ ഹാസന്റെയും സരികയുടെയും പ്രണയകഥ ഇന്ത്യൻ സിനിമയിലെ ഏറ്റവും വിവാദപരമായ അധ്യായങ്ങളിലൊന്നാണ്. പൊതുസമൂഹത്തിന്റെ കടുത്ത വിമർശനങ്ങളെയും വ്യക്തിപരമായ പ്രതിസന്ധികളെയും അതിജീവിച്ചാണ് അവരുടെ ബന്ധം മുന്നോട്ട് പോയത്. സിമി ഗരേവാളുമായുള്ള ഒരു അഭിമുഖത്തിൽ സരിക വെളിപ്പെടുത്തിയത്, കമൽ ഹാസനാണ് തന്നോട് ആദ്യം പ്രണയാഭ്യർത്ഥന നടത്തിയത് എന്നാണ്.
തുടക്കത്തിൽ മടിച്ചുനിന്നെങ്കിലും പിന്നീട് സരികയും ആ പ്രണയം സ്വീകരിച്ചു. എന്നാൽ, കമൽ ഹാസൻ അക്കാലത്ത് വാണി ഗണപതിയുമായി വിവാഹിതനായിരുന്നതിനാൽ ഈ ബന്ധം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. സമൂഹത്തിൽ നിന്ന് കടുത്ത വിമർശനമാണ് സരികയ്ക്ക് നേരിടേണ്ടി വന്നത്. "വില്ലൻ," "അന്യ സ്ത്രീ" എന്നിങ്ങനെയുള്ള വിശേഷണങ്ങൾ അവരെ ഏറെ വേദനിപ്പിച്ചു.

ഈ സമ്മർദ്ദം താങ്ങാനാവാതെ പലതവണ കമൽ ഹാസനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സരിക ശ്രമിച്ചെങ്കിലും അവരുടെ പ്രണയം ശക്തമായി തുടർന്നു. ഇതേസമയം, കമലിന്റെയും വാണി ഗണപതിയുടെയും ദാമ്പത്യം തകർച്ചയുടെ വക്കിലായിരുന്നു. കമൽ സരികയോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചു, എന്നാൽ തന്റെ കുടുംബത്തിന്റെയും, പൊതുജനങ്ങളുടെയും സമ്മർദ്ദം കാരണം സരിക ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ സമയത്താണ് താൻ ഗർഭിണിയാണെന്ന വിവരം സരിക കമൽ ഹാസനെ അറിയിക്കുന്നത്. ലണ്ടനിലേക്ക് താമസം മാറി കുഞ്ഞിനെ വളർത്താൻ തീരുമാനിക്കുന്നതിന് മുൻപ് കമൽ ഈ വിവരം അറിയണമെന്ന് സരിക ആഗ്രഹിച്ചു. കമൽ ഭാര്യയെ ഉപേക്ഷിക്കുകയോ തന്നെ വിവാഹം കഴിക്കുകയോ ചെയ്യണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്നും, വിവരം അറിയിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും സരിക വ്യക്തമാക്കി. കുഞ്ഞിനെ നിലനിർത്താനുള്ള തീരുമാനം തന്റേത് മാത്രമാണെന്നും, വിവാഹിതനായ കമൽ അതിന് ഉത്തരവാദിയല്ലെന്നും അവർ പറഞ്ഞു.

എന്നാൽ, ആദ്യ ഭാര്യ വാണി ഗണപതിയുമായുള്ള പത്ത് വർഷത്തെ ദാമ്പത്യം താൻ അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന തീരുമാനമാണ് കമൽ ഹാസൻ എടുത്തത്. "ആ ബന്ധം ശരിയായില്ല, കുറഞ്ഞത് എനിക്കെങ്കിലും. ഈ കാര്യത്തിൽ ഞാൻ കള്ളം പറയാറില്ല. പരസ്പരം കരുതൽ ഉണ്ടാവുന്നതിനു അപ്പുറത്തേക്ക് കാര്യങ്ങൾ പോയി. വളരെ കഠിനമായി ആ ബന്ധം. ഞാൻ ആഗ്രഹിച്ചത് സന്തോഷമാണ്," അന്ന് മാധ്യമങ്ങളോട് നടൻ പറഞ്ഞു. അങ്ങനെ ഒടുവിൽ, കമൽ ഹാസൻ സരികയോടൊപ്പം ജീവിക്കാനും പിതൃത്വം ഏറ്റെടുക്കാനും തീരുമാനിച്ചു.
സരിക കമലിന്റെ കുഞ്ഞിന്റെ അമ്മയാവാൻ പോവുകയാണെന്ന് അറിഞ്ഞതോടെ, വാണിയ്ക്കും ഈ ബന്ധം തുടരാൻ താത്പര്യമില്ലാത്ത അവസ്ഥയായി. അങ്ങനെ നടൻ മുൻ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടുകയും, സരികയ്‌ക്കൊപ്പം ജീവിതം തുടങ്ങുകയും ചെയ്തു. 1986-ൽ അവരുടെ ആദ്യത്തെ മകൾ ശ്രുതി ഹാസനും 1991-ൽ രണ്ടാമത്തെ മകൾ അക്ഷര ഹാസനും ജനിച്ചു. മൂത്ത മകൾ ശ്രുതി ജനിച്ച് ഏതാണ്ട് രണ്ടു വർഷത്തിന് ശേഷം, 1988ലാണ് കമൽ സരികയെ നിയമപരമായി വിവാഹം കഴിച്ചത്. എന്നാൽ, ഈ ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. 2002-ൽ അവർ വിവാഹമോചനത്തിന് അപേക്ഷ നൽകി, 2004-ൽ വേർപിരിഞ്ഞു.


Click it and Unblock the Notifications











