അതിൽ നിന്നൊക്കെ മഞ്ജു ഒരുപാട് മാറി; അന്നത്തെ കുസൃതിക്കാരി തിരിച്ചെത്തിയപ്പോൾ; സത്യൻ അന്തിക്കാട് പറഞ്ഞത്
അഭിനയ മികവ് കൊണ്ട് കൈയടി നേടുന്ന നടിയാണെങ്കിലും ഒരിക്കൽ പോലും തന്റെ കഴിവിനെ സ്വയം പുകഴ്ത്തി മഞ്ജു വാര്യർ സംസാരിച്ചിട്ടില്ല. കഥാപാത്രത്തിന്റെ വിജയത്തിന് മുഴുവൻ ക്രെഡിറ്റും സംവിധായകനും തിരക്കഥാകൃത്തിനും നൽകുന്നതാണ് മഞ്ജുവിന്റെ രീതി. മലയാളത്തിലെ സീനിയർ സംവിധായകർക്കെല്ലാം മഞ്ജു വാര്യർ പ്രിയപ്പെട്ട നടിയാണ്. സത്യൻ അന്തിക്കാട്, സിബി മലയിൽ, കമൽ തുടങ്ങിയവർ മഞ്ജുവിന്റെ അഭിനയത്തെ പ്രശംസിച്ച് സംസാരിക്കാറുമുണ്ട്.
മഞ്ജുവിനെക്കുറിച്ച് മുമ്പൊരിക്കൽ സത്യൻ അന്തിക്കാടും കമലും പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രത്തിൽ മഞ്ജു വാര്യരായിരുന്നു നായിക. സിനിമയെക്കുറിച്ച് സംസാരിക്കവെയാണ് സത്യൻ അന്തിക്കാട് നടിയെക്കുറിച്ചും പരാമർശിച്ചത്. കൈരളി ടിവിയിലായിരുന്നു പ്രതികരണം.

ഞങ്ങൾ ഒരേ നാട്ടുകാരാണ്. എന്റെ വീട്ടിൽ നിന്നും ഉറക്കെ വിളിച്ചാൽ കേൾക്കുന്ന ദൂരമേ മഞ്ജുവിന്റെ വീട്ടിലേക്കുള്ളൂ. ആമി കണ്ടയുടനെ ഞാനും ഭാര്യയും മഞ്ജുവിനെ വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. മാധവിക്കുട്ടി ഞാൻ വായിക്കുന്ന കാലം മുതൽ ആരാധിക്കുന്ന വ്യക്തിയാണ്. മാധവിക്കുട്ടിയെന്ന വ്യക്തിയെ മഞ്ജുവിന് പൂർണമായും ഉൾക്കൊള്ളാൻ സാധിച്ചു. പണ്ട് തൂവൽകൊട്ടാരവും ഇരട്ടക്കുട്ടികളുടെ അച്ഛനുമാെക്കെ ചെയ്യുന്ന കാലത്ത് വലിയ വായനയൊന്നും മഞ്ജുവിന് ഉണ്ടായിരുന്നില്ല. നൃത്തവും പാട്ടുമൊക്കെയായിരുന്നു.
അന്ന് ലോഹിതദാസ് ചില പുസ്തകങ്ങൾ കൊണ്ട് വന്ന് വായിക്കാൻ പറയും. വായിച്ചോ എന്ന് ലോഹി ചോദിക്കുമ്പോൾ അതെയെന്ന് മഞ്ജു പറയും. എന്നാൽ എന്റെ മുഖത്ത് നോക്കി കണ്ണിറുക്കും. പക്ഷെ അതിൽ നിന്നൊക്കെ ഒരുപാട് മാറ്റങ്ങൾ മഞ്ജുവിന് വന്നിട്ടുണ്ട്. സിനിമാ രംഗത്ത് നിന്നും വന്ന ഇടവേള മഞ്ജുവിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയതായി എനിക്ക് തോന്നിയിട്ടുണ്ട്. അക്ഷരങ്ങളെ ആരാധിക്കുന്ന, സംഗീതത്തെയും സാഹിത്യത്തെയും സ്നേഹിക്കുന്ന ഭാവം ആമിയിൽ പ്രകടിപ്പിക്കാൻ മഞ്ജുവിന് സാധിച്ചെന്ന് അന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.

ഇത് കേട്ട മഞ്ജു പണ്ടത്തേക്കാളും പുസ്തകം വായിക്കാറുണ്ട്, എന്നാൽ ആമിയിൽ അഭിനയിച്ചതിന്റെ ക്രെഡിറ്റ് മുഴുവൻ കമലിനാണെന്ന് വ്യക്തമാക്കി. മഞ്ജുവിൽ വന്ന മാറ്റത്തെക്കുറിച്ച് കമലും അന്ന് സംസാരിച്ചു. മഞ്ജുവിന് കുറച്ച് കൂടി പക്വത വന്നു എന്നതിൽ യാതൊരു സംശയവും ഇല്ല. മുമ്പ് സെറ്റിൽ കുസൃതിയായിരുന്നു. അന്നും ഇന്നും മഞ്ജുവിനുള്ള പ്രത്യേകത സംവിധായകന്റെ നടിയായിരുന്നു മഞ്ജു.
അതിൽ മാറ്റമൊന്നും വന്നിട്ടില്ല. മോഹൻലാലിനെക്കുറിച്ച് വെള്ളം പോലെ ഏത് പാത്രത്തിലേക്കൊഴിക്കുന്നോ അത് പോലെ മാറുമെന്ന് പറയും. അത് പോലെയാണ് മഞ്ജു. ഏത് സംവിധായകനും രൂപപ്പെടുത്താൻ പറ്റുന്ന കളിമണ്ണ് പോലെയാണ് മഞ്ജു. അത് ദൈവികമായുണ്ടായ കഴിവായാണ് ഞാൻ കാണുന്നത്.
ആമിയുടെ സ്ക്രിപ്റ്റ് കൊടുത്ത ശേഷം മാധവിക്കുട്ടിയെക്കുറിച്ച് മനസിലാക്കാൻ കൗതുകം കാണിച്ചു. സിനിമയ്ക്ക് വേണ്ടി മഞ്ജു ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയിരുന്നെന്നും കമൽ അന്ന് ചൂണ്ടിക്കാട്ടി. 2018 ലാണ് ആമി റിലീസ് ചെയ്യുന്നത്. സിനിമയ്ക്ക് പ്രശംസയും വിമർശനങ്ങളും ഒരുപോലെ വന്നു. മാധവിക്കുട്ടിയെ മഞ്ജു മികച്ച രീതിയിൽ അവതരിപ്പിച്ചെങ്കിലും സിനിമയ്ക്ക് പോരായ്മകളുണ്ടെന്നായിരുന്നു വിമർശനം.
വിദ്യ ബാലനെയാണ് ആമിയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത്. എന്നാൽ അവസാനഘട്ടത്തിൽ വിദ്യ സിനിമയിൽ നിന്ന് പിന്മാറി. ഇതോടെയാണ് മഞ്ജു വാര്യരിലേക്ക് ആമിയെത്തുന്നത്. ടൊവിനോ തോമസ്, മുരളി ഗോപി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications