'പാട്ടിയുടെ സ്വർണമെല്ലാം ബന്ധുക്കൾക്ക്; ഞങ്ങൾക്ക് തന്നത് കല്ലിന്റെ ആഭരണം; വില മനസിലായത് പിന്നീട്'
എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ രംഗത്ത് നായിക നിരയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് സീത. വില്ലേജ് ഗേൾ ഇമേജിൽ നിരവധി സിനിമകളിൽ അഭിനയിച്ച സീത തമിഴിലും തെലുങ്കിലുമാണ് കൂടുതൽ സിനിമകൾ ചെയ്തത്. മലയാളം, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. 1985 ൽ ആൺ പാവം എന്ന സിനിമയിലൂടെയാണ് സീത അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് നടി വിവാഹിതയായത്. നടനും ഫിലിം മേക്കറുമായ പാർത്ഥിപനെയാണ് സീത വിവാഹം ചെയ്തത്.
വിവാഹത്തിന് ശേഷം സീത അഭിനയ രംഗത്ത് നിന്നും മാറി നിന്നു. കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുത്ത സീത പിന്നീട് വിവാഹമോചനത്തിന് ശേഷമാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. പിന്നീട് ക്യാരക്ടർ റോളുകളിൽ സീതയെ കൂടുതലായി കണ്ട് തുടങ്ങി. വിനോദയാത്ര, മൈ ബോസ് എന്നീ സിനിമകളിൽ സീത ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

വിനോദയാത്രയിൽ ദിലീപിന്റെ ചേച്ചിയുടെ വേഷമാണ് സീത ചെയ്തത്. മൈ ബോസിൽ ദിലീപിന്റെ അമ്മ വേഷവും സീത ചെയ്തു. സീതയുടെയും പാർത്ഥിപന്റെയും മകൾ കീർത്തന ബാലതാരമായി തിളങ്ങിയിട്ടുണ്ട്. കണ്ണത്തിൽ മുത്തമിട്ടാൽ എന്ന സിനിമയിൽ അമുദ എന്ന പെൺകുട്ടിയായി അവിസ്മരണീയമായ പ്രകടനമാണ് കീർത്തന കാഴ്ച വെച്ചത്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കീർത്തന ഈ സിനിമയിലൂടെ നേടി.
തന്റെ കുടുംബത്തെക്കുറിച്ച് സീത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനെ ഉലകം ചാനലിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഞാൻ നടിയായി മാറുമെന്ന് എന്റെ അപ്പൂപ്പൻ കുട്ടിക്കാലത്ത് പറയുമായിരുന്നു. എന്റെ അമ്മ സുന്ദിയാണ്. പത്ത് സഹോദരങ്ങളാണ് അമ്മയ്ക്ക്. അതിൽ എട്ട് പേർ സഹോദരിമാർ. അവരെല്ലാം സുന്ദരികളാണ്. രാമതിലകം എന്നാണ് എന്റെ പാട്ടിയുടെ പേര്.

അച്ഛന്റെ അമ്മ. വളരെ സുന്ദരിയായ സ്ത്രീയായിരുന്നു അവർ. അവർക്കെന്നെ വളരെ ഇഷ്ടമായിരുന്നു. കാഴ്ചക്കുറവുണ്ടായിരുന്നു. പക്ഷെ അവർ നല്ല രീതിയിൽ ഭക്ഷണം പാകം ചെയ്യും. അച്ഛൻ ഇടയ്ക്കിടെ പാട്ടിക്ക് പണം നൽകും. പാട്ടിയുടെ ചേച്ചി അയൽപ്പക്കത്ത് താമസിക്കുന്നുണ്ട്. ഞാൻ പാട്ടിയെ കൈ പിടിച്ച് അവിടെ കൊണ്ട് പോകും. ചേച്ചിക്ക് എന്തെങ്കിലും പാട്ടി വാങ്ങിക്കൊടുക്കും. അച്ഛൻ പണം നോട്ടുകളായി കൊടുക്കുമ്പോൾ ഇത്രയും കുറച്ച് തരല്ലേ, എനിക്ക് കെെ നിറയെ വേണമെന്ന് പാട്ടി പറയും.
ഇതോടെ അച്ഛൻ നാണയങ്ങൾ കൊടുക്കും. അപ്പോൾ പാട്ടിക്ക് സന്തോഷമാകും. നാണയങ്ങൾ ലഭിച്ചാൽ കൂടുതൽ പണം കൈയിൽ വന്നെന്നാണ് പാട്ടി കരുതിയത്. അത്രയും നിഷ്കളങ്കയായിരുന്നു അവരെന്നും സീത ഓർത്തു. അമ്മയുടെ പാട്ടിയെക്കുറിച്ചും സീത സംസാരിച്ചു. പാട്ടി മരിക്കുന്നതിന് മുമ്പ് ആന്റികിന്റെ മുടിയിൽ ചൂടുന്ന ആഭരണം ഞങ്ങൾക്ക് തന്നു. 20 വർഷം മുമ്പാണ്. മരിക്കുന്നതിന് മുമ്പ് ഞങ്ങൾക്കായി തന്നതാണ്. അന്ന് റൂബികൾക്കൊന്നും വലിയ വിലയില്ല. അമ്മയ്ക്ക് അന്ന് വിഷമം തോന്നി.
കല്ല് വെച്ച ആഭരണം ഞങ്ങൾക്ക് തന്നിട്ട് ബാക്കി മറ്റുള്ളവർ എടുത്തു എന്ന് അമ്മ പറഞ്ഞു. കുഴപ്പമില്ലെന്ന് പറഞ്ഞ് ആഭരണം ലോക്കറിൽ വെച്ചു. ഈയടുത്ത കാലത്താണ് ആ റൂബികളുടെ വില കുതിച്ചുയർന്നത്. ഒരു കല്ലെങ്കിലും തരുമോ എന്ന് ഇപ്പോൾ ബന്ധുക്കൾ ചോദിക്കും. ഇല്ല, നിങ്ങൾ അമ്മയെ പറ്റിച്ച് സ്വർണമെല്ലാം എടുത്ത് പോയില്ലേ എന്ന് ഞാൻ മറുപടി നൽകിയെന്നും സീത വ്യക്തമാക്കി.


Click it and Unblock the Notifications











