'മമ്മൂട്ടിക്കെതിരെ ഷക്കീലയെ ഇറക്കി; അതോടെ ഷക്കീല സിനിമകൾ നിലച്ചു; രാക്ഷസ രാജാവിന് പകരം രാക്ഷസ രാജ്ഞി'
മലയാളത്തിൽ ഒരു കാലത്ത് ഷക്കീല സിനിമകളുണ്ടാക്കിയ അലയൊലികൾ ചെറുതല്ല. സോഫ്റ്റ് പോൺ സ്വഭാവമുള്ള സിനിമകൾ തിയറ്ററുകളിൽ വലിയ തോതിൽ ആളുകളെ ആളുകളെ ആകർഷിച്ചിരുന്നു. മലയാള സിനിമാ വ്യവസായത്തെ ഒരു ഘട്ടത്തിൽ താങ്ങി നിർത്തിയത് ഇത്തരം സിനിമകളെന്നാണെന്ന് അഭിപ്രായമുണ്ട്. പ്രമുഖരുടെ സിനിമകളെല്ലാം പരാജയപ്പെടുന്ന ഘട്ടത്തിലായിരുന്നു ഷക്കീല സിനിമകളുടെ കടന്ന് വരവ്.
വലിയ സിനിമകൾ ചെയ്ത് പരാജയപ്പെട്ട് സാമ്പത്തികമായി തകർന്ന നിർമാതാക്കൾ മറ്റ് പേരുകളിൽ എ സിനിമകൾ ചെറിയ ചെലവിൽ നിർമിക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ഏറെനാൾ ഷക്കീല മലയാളികളുടെ മനസ്സിലെ മാദക നടിയായി തുടർന്നു. വിവാദങ്ങളും ആക്ഷേപങ്ങളും വന്നെങ്കിലും ഷക്കീല കരിയർ ഉപേക്ഷിച്ചില്ല.
എന്നാൽ പിന്നീട് എ സിനിമകൾ തിയറ്ററുകൾ നിന്ന് അപ്രത്യക്ഷമായി തുടങ്ങി. ഇതിനിടെ ഷക്കീലം എ സിനിമകളിൽ അഭിനയിക്കുന്നത് നിർത്തുകയും ചെയ്തു. മലയാളം സിനിമകളിലേ ഷക്കീലയെ പിന്നീട് കുറേക്കാലം കണ്ടില്ല. പിന്നീട് ചെറിയ വേഷങ്ങളിൽ ചില സിനിമകളിൽ ഷക്കീല അഭിനയിച്ചിട്ടുണ്ട്. ഷക്കീല സിനിമകൾ മലയാളത്തിൽ നിന്ന് പോയതിന്റെ കാരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടിയെ വെച്ച് ഒരുപിടി സിനിമകൾ ചെയ്ത സംവിധായകനും ക്യാമറാമാനുമായ എ.ടി ജോയ്.

മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. മമ്മൂട്ടി നായകനായ രാക്ഷസരാജാവ് എന്ന സിനിമയ്ക്കെതിരെ ഷക്കീലയുടെ സിനിമ വന്നതോടെയാണ് എ സിനിമകൾ ഒതുക്കാൻ ശ്രമം നടന്നതെന്നും അങ്ങനെയാണ് ഇത്തരം സിനിമകളുടെ നിർമാണം നിലച്ചതെന്നും ഇദ്ദേഹം പറയുന്നു.
രാക്ഷസ രാജാവ് എന്ന ചിത്രത്തിന് ഓപ്പോസിറ്റായി രാക്ഷസ രാജ്ഞി എന്ന പടം എടുത്തു. അത് ഷക്കീല പോലും അറിഞ്ഞിട്ടില്ല. താനല്ല ആ സിനിമ ചെയ്തത്. അതിന് ശേഷം പ്രശ്നങ്ങളായി. റെയ്ഡ് ചെയ്ത് തിയറ്ററുകളിൽ പിടിച്ചു. മമ്മൂട്ടിയോട് മത്സരിക്കാൻ പോയത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഷക്കീല ഇതറിഞ്ഞില്ല. വേറെ പടമാണെന്നായിരുന്നു ഷക്കീലയോട് പറഞ്ഞത്. അങ്ങനെ അഭിനയിപ്പിച്ചതാണ്.
സിനിമ റിലീസ് ചെയ്ത ശേഷമാണ് അറിയുന്നത്. രാക്ഷസ രാജ്ഞി എന്ന പടം ചെയ്യുകയാണെന്ന് പറഞ്ഞ് അഡ്വാൻസ് കൊടുത്തപ്പോൾ ഷക്കീല ആ സിനിമ ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്. അവരുടെ ഓപ്പോസിറ്റ് ചെയ്യില്ല എന്ന് പറഞ്ഞു. പക്ഷെ ഇയാൾ വേറെ ആൾക്കാരെ പറഞ്ഞ് വിട്ട് വേറെ പടമാണെന്ന് പറഞ്ഞ് ഷക്കീലയെക്കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നെന്നും ജോയ് ഓർത്തു. ഷക്കീലയെ ഇടയ്ക്ക് വിളിക്കാറും സംസാരിക്കാറുമുണ്ട്. ഷക്കീല പൈസയാെന്നും സ്വരുക്കൂട്ടിയില്ല. സഹോദരങ്ങൾ അവളെ പറ്റിച്ചെന്നും എടി ജോയ് വ്യക്തമാക്കി.

തന്റെ പേരിൽ ഡ്യൂപ്പുകളെ വെച്ച് വരെ നീലച്ചിത്രങ്ങൾ എടുത്തതോടെയാണ് മലയാള സിനിമാ രംഗത്ത് നിന്നും പിൻവാങ്ങിയതെന്നാണ് ഷക്കീല മുമ്പ് പറഞ്ഞത്. ഒപ്പുവെച്ച സിനിമകളുടെ അഡ്വാൻസ് വരെ തിരിച്ച് കൊടുത്ത് നടി മലയാള സിനിമ വിട്ടു. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിൽ ക്യാരക്ടർ റോളുകളിലാണ് ഷക്കീലയെ കൂടുതലും കണ്ടിട്ടുള്ളത്. കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച് സ്വന്തം ജീവിതത്തിന് പ്രാധാന്യം കൊടുക്കാഞ്ഞതാണ് തനിക്ക് പറ്റിയ തെറ്റെന്ന് ഷക്കീല മുമ്പ് പറഞ്ഞിട്ടുണ്ട്.
സിനിമയിൽ നിന്നുള്ള സമ്പാദ്യം കുടുംബത്തിന് വേണ്ടി വിനിയോഗിച്ചെങ്കിലും ഷക്കീലയെ പിന്നീട് കുടുംബം തള്ളിപ്പറഞ്ഞു. സിനിമാ രംഗത്ത് ഷക്കീല സജീവമല്ലെങ്കിലും തമിഴ്നാട്ടിൽ ഡിജിറ്റൽ മീഡിയയിലൂടെ ഷക്കീല സാന്നിധ്യമറിയിക്കാറുണ്ട്. ചില ഷോകളിൽ നടി അവതാരകയായി എത്തിയിട്ടുമുണ്ട്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങെല്ലാം ഷക്കീല പല അഭിമുഖങ്ങളിലും തുറഞ്ഞ് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications