അമ്മയാവാൻ പൗഡർ കലക്കി തലയിൽ തേക്കുകയായിരുന്നു; വിഷമം തോന്നിയിരുന്നോ; ഷീലയ്ക്ക് പൊന്നമ്മ നൽകിയ മറുപടി
സഹപ്രവർത്തകരായ നടിമാർ വ്യത്യസ്തമായ വേഷങ്ങൾ ചെയ്തപ്പോൾ കവിയൂർ പാെന്നമ്മയെ തേടിയെത്തിയത് അമ്മ വേഷങ്ങളാണ്.
മലയാള സിനിമയിൽ മാതൃത്വത്തിന്റെ മുഖമായാണ് കവിയൂർ പൊന്നമ്മ അറിയപ്പെടുന്നത്. നൻമ നിറഞ്ഞ അമ്മ വേഷങ്ങളാണ് കരിയറിൽ നടി ചെയ്തതിൽ കൂടുതലും കിരീടം ഉൾപ്പെടെയുള്ള സിനിമകളിൽ കവിയൂർ പൊന്നമ്മ ചെയ്ത അമ്മ വേഷം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. പ്രായമായ ശേഷം പിന്നീട് അമ്മൂമ്മ വേഷങ്ങളിലാണ് കവിയൂർ പൊന്നമ്മയെ കണ്ടത്.
അമ്മ, അമ്മൂമ്മ വേഷങ്ങളാണ് കരിയറിൽ നടി ചെയ്തവയിൽ കൂടുതലും. കെപിഎസി ലളിത, സുകുമാരി, ഫിലോമിന തുടങ്ങിയ സഹപ്രവർത്തകരായ നടിമാർ കരിയറിൽ വ്യത്യസ്തമായ നിരവധി വേഷങ്ങൾ ചെയ്തപ്പോൾ കവിയൂർ പാെന്നമ്മയെ തേടിയെത്തിയത് അമ്മ വേഷങ്ങളാണ്. ഇതേക്കുറിച്ച് നടി ഷീല മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ കവിയൂർ പൊന്നമ്മ അതിഥിയായെത്തിയപ്പോൾ ഷീല ഇക്കാര്യം നടിയോട് ചോദിക്കുകയായിരുന്നു.
പൊന്നി വളരെ ചെറിയ പ്രായത്തിൽ തന്നെ അമ്മയായി അഭിനയിക്കാൻ തുടങ്ങി. തിക്കുറശി, സത്യൻ, നസീർ, മധു എന്നിവരുടെയെല്ലാം അമ്മയായി. അന്ന് കറുത്ത മുടിയിൽ വെളുത്ത ചായം തേക്കും. അന്നൊക്കെ പൗഡറാണ് ചായം പോലെ കലക്കി തലയിൽ തേക്കുന്നത്. വിഗ് ഇല്ലല്ലോ.
പൊന്നിക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ അയ്യോ ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നല്ലോ, എന്റെ പ്രായത്തിലുള്ള കഥാപാത്രമല്ലല്ലോ തന്നിരിക്കുന്നതെന്നെന്ന് എന്നായിരുന്നു ഷീലയുടെ ചോദ്യം. ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ലെന്നാണ് കവിയൂർ പാെന്നമ്മ നൽകിയ മറുപടി.

അമ്മ വേഷം ചെയ്യുന്നത് ഞാനെരു ക്രെഡിറ്റായി എടുത്തു. തൊമ്മന്റെ മക്കളിൽ ഞാൻ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചു. അവരുടെ രണ്ട് പേരുടെയും അമ്മയായി ചെയ്യേണ്ടെന്ന് ശശികുമാർ സാർ പറഞ്ഞു. ഞാൻ പറഞ്ഞു ഒരു കുഴപ്പവും ഇല്ല എനിക്ക് ചെയ്യാൻ താൽപര്യമാണെന്ന്. ഞാനായിട്ട് ചെയ്തതാണ് തൊമ്മന്റെ മക്കൾ.
കരച്ചിൽ വേഷങ്ങൾ മാറ്റിക്കിട്ടാൻ വേണ്ടി ശശികുമാർ സാറിനോട് പറഞ്ഞു എനിക്കെന്തെങ്കിലും വെറൈറ്റിയായി വേഷം തരണമെന്ന്. അതങ്ങ് കൈയിൽ വെച്ചാൽ മതി നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോൾ നിങ്ങളിൽ മാതൃത്വമാണ് കൂടുതൽ നിങ്ങളുടെ മുഖം കണ്ടാൽ അങ്ങനെയാണ് തോന്നുകയെന്നാണ് ലഭിച്ച മറുപടിയെന്നും കവിയൂർ പൊന്നമ്മ ഓർത്തു. ക
വിയൂർ പൊന്നമ്മ അമ്മ വേഷം ചെയ്ത സിനിമകളിൽ ഷീല നായികയായിരുന്നു. ഇരുവർക്കും ഒരേ പ്രായമാണെന്നതും കൗതുകകരമാണ്.
അതേസമയം അമ്മ വേഷങ്ങൾ ഷീലയും ആദ്യം മുതലേ ചെയ്തിട്ടുണ്ട്. മകനേ നിനക്ക് വേണ്ടി എന്ന സിനിമയിൽ പ്രേം നസീറിന്റെ അമ്മയായി ഷീല അഭിനയിച്ചു. അതേസമയം ഈ സിനിമയിലെ പ്രധാന വേഷം ഷീലയുടേതായിരുന്നു.

ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിലെ നായികയായിരുന്ന ഷീലയ്ക്ക് ലഭിച്ചത് പോലെ വ്യത്യസ്തമായതും അഭിനയ പ്രാധാന്യമുള്ളതുമായ വേഷങ്ങൾ പിന്നീട് ലഭിച്ച നായികമാർ വിരളമാണ്. ഏറെനാൾ സിനിമാ രംഗത്ത് നിന്ന് വിട്ടു നിന്ന ശേഷം വാർധക്യ സമയത്ത് തിരിച്ചെത്തിയപ്പോഴും നടിയെ തേടി നല്ല വേഷങ്ങളെത്തി.
മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെയായിരുന്നു ഷീലയുടെ തിരിച്ച് വരവ്. സിനിമ സൂപ്പർ ഹിറ്റായി. ശ്യാമപ്രസാദിന്റെ അകലെ എന്ന സിനിമയിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരവും ഷീലയ്ക്ക് ലഭിച്ചു. വന്ന് പോവുന്ന അമ്മ വേഷങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്ന് നടി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications