ഇപ്പോഴത്തെ നടിമാരുടെ കാര്യത്തിൽ സങ്കടം തോന്നും; ഗോസിപ്പില്ലെങ്കിൽ നമ്മൾ ഒന്നുമല്ല; ഷീലയുടെ വാക്കുകൾ
മലയാള സിനിമാ രംഗത്തെ ഒരു കാലത്തെ താര റാണിയായിരുന്നു നടി ഷീല. ഷീലയ്ക്ക് ലഭിച്ചത് പോലുള്ള കഥാപാത്രങ്ങൾ പിൽക്കാലത്ത് വന്ന നായികമാരിൽ ചുരുക്കം പേർക്കേ ലഭിച്ചിട്ടുള്ളൂ. പ്രശസ്തമായ നോവലുകൾ സിനിമയാക്കിയപ്പോൾ അതിലെ നായിക ഷീലയായിരുന്നു. ടെെറ്റിൽ റോളുകളിൽ നടി അഭിനയിച്ചിരുന്ന കാലം. ഒരു ഘട്ടത്തിൽ സിനിമാ രംഗത്ത് നിന്നും പൂർണമായും മാറി നിന്ന ഷീല പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നത്. ഇന്ന് അഭിനയ രംഗത്ത് ഷീല സജീവമല്ല. അടുത്തിടെ പുറത്തിറങ്ങിയ അനുരാഗം എന്ന സിനിമയിലാണ് ഏറെക്കാലത്തിന് ശേഷം ഷീലയെ കണ്ടത്.
ചെന്നെെയിലാണ് നടി മകനും കുടുംബത്തിനുമൊപ്പം താമസിക്കുന്നത്. ഷീല മുമ്പൊരിക്കൽ പങ്കുവെച്ച പഴയ കാല സിനിമാ അനുഭവങ്ങൾ വീണ്ടും ശ്രദ്ധ നേടുകയാണ്. ഗോസിപ്പുകൾ താൻ നായികയായിരുന്ന കാലത്തും ഉണ്ടായിരുന്നെന്നും എന്നാൽ ഇതൊന്നും താൻ കാര്യമാക്കിയിട്ടില്ലെന്നും ഷീല വ്യക്തമാക്കി.

മുമ്പൊരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷീല ഓർമ്മകൾ പങ്കുവെച്ചത്. പണ്ടൊക്കെ പത്രങ്ങളായിരുന്നു. ഞങ്ങളുമായി വലിയ അടുപ്പമായിരുന്നു. ഒരു കാര്യമുണ്ടെങ്കിൽ വിളിച്ച് പറയും. അവരുടെ കല്യാണത്തിന് പോകും. ഇപ്പോൾ ഒരുപാടായിപ്പോയി.
അക്കാലത്ത് ഗോസിപ്പുകളുണ്ടായിരുന്നു. അതൊക്കെയല്ലേ രസം. ഗോസിപ്പില്ലെങ്കിൽ നമ്മൾ ഒന്നുമല്ല, ചത്തുപോയി. ജീവിച്ചിരിക്കുന്ന വെജിറ്റബിൾ പോയി. ഗോസിപ്പ് ഉണ്ടെങ്കിലേ ലൈം ലൈറ്റിൽ നിൽക്കാൻ പറ്റൂ. നമ്മളെക്കുറിച്ച് ഒരു ഗോസിപ്പ് വരുന്നെന്ന് വെച്ചാൽ നമ്മൾ വലിയ ആളാണെന്നല്ലേ അർത്ഥമെന്നും അന്ന് ഷീല ചോദിച്ചു. പുതിയ കാലത്തെ നടിമാരുടെ ഡയറ്റിംഗിനെക്കുറിച്ചും അന്ന് ഷീല സംസാരിച്ചു. ഇപ്പോഴത്തെ നടിമാരുടെ കാര്യത്തിൽ എനിക്ക് സങ്കടമാണ്.

ഞങ്ങളുടെ കാലത്ത് അപ്പോഴുണ്ടായിരുന്ന അംബിക, സാവിത്രി തുടങ്ങിയ നടിമാർക്കൊക്കെ നല്ല തടിയാണ്. ഞാൻ മെലിഞ്ഞിട്ടായിരുന്നു. നന്നായി കഴിക്കും. നെയ്യ് ഒഴിച്ച് കഞ്ഞി കഴിക്കും, മുട്ടയും കഴിക്കും. ചെമ്മീനിലൊക്കെ നല്ല വണ്ണമുണ്ടെനിക്ക്. എന്നാൽ ഇപ്പോഴത്തെ നടിമാർക്ക് എന്ത് കഷ്ടമാണ്. കാലത്ത് ചെറിയൊരു ബ്രഡ്. ഉച്ചയാകുമ്പോൾ ഒരു ചിക്കൻ. അതിന്റെ എണ്ണയൊക്കെ എടുക്കും. ഇത്രയും സമ്പാദിച്ചിട്ട് കഴിക്കാൻ പറ്റുന്നുണ്ടോ.
സ്വർണക്കൂട്ടിലാണ് നടീ നടന്മാരുടെ ജീവിതം. പിന്നെയാെരു കാര്യം കലാകാരൻമാർക്ക് മരണമില്ല. മരിച്ചാൽ പോലും ഞങ്ങൾ ചലിച്ച് കൊണ്ടിരിക്കുമെന്നും ഷീല ചൂണ്ടിക്കാട്ടി. പ്രായത്തെ അംഗീകരിക്കാൻ തനിക്ക് വൈമനസ്യം ഇല്ലെന്നും ഷീല വ്യക്തമാക്കി. നായികമാർക്ക് പ്രായം പ്രശ്നമല്ല, അതിനനുസരിച്ച് കൊണ്ടുള്ള കഥാപാത്രങ്ങൾ വന്ന് കൊണ്ടിരിക്കും.
എത്ര സിനിമകളിൽ പാട്ട് പാടി മരം ചുറ്റി പ്രണയിച്ച് അഭിനയിക്കും. നായികയായി അഭിനയിക്കുന്ന കാലത്ത് തന്നെ മകനേ നിനക്ക് വേണ്ടി എന്ന സിനിമയിൽ പ്രേം നസീറിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. തിക്കുറിശ്ശിയുടെയും സത്യന്റെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. എനിക്ക് അങ്ങനെയാെരു മാറ്റം ആവശ്യമായിരുന്നു. കാരണം എല്ലാ പടത്തിലും പ്രേമിച്ച് മതിയായിരുന്നെന്നും ഷീല വ്യക്തമാക്കി.


Click it and Unblock the Notifications