മരിക്കുന്നത് വരെ അമ്മ എന്റെ കൂടെയായിരുന്നു; ആരുടെ അടുത്തും പോയി നിന്നില്ല; ഷീല പറഞ്ഞത്
മലയാളികൾക്ക് മുന്നിൽ അനശ്വരമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷീലയ്ക്ക് 78 വയസിലും സംസാരത്തിൽ ഇരുപതുകാരിയുടെ ചുറുചുറുക്കാണ്. പഴയ കാല നടി എന്ന പേരിനപ്പുറം പുതിയ കാലത്തെ സിനിമകളെയും മറ്റ് മാറ്റങ്ങളെയും ഷീല ഉൾക്കൊള്ളുന്നു. അഭിമുഖങ്ങളിലെല്ലാം തന്റെ പഴയ സിനിമാ വിശേഷങ്ങൾ ഷീല പങ്കുവെക്കാറുണ്ട്. സിനിമാ ലോകത്തിന്റെ ഇന്നലെകളെക്കുറിച്ച് ഷീലയുടെ വാക്കുകളിലൂടെ പ്രേക്ഷകർ അറിഞ്ഞു.
എന്നാൽ കരിയറിലെ നേട്ടങ്ങൾക്കെല്ലാമപ്പുറം ഷീല എന്നും അഭിമാനത്തോടെ സംസാരിക്കാറുള്ളത് തന്റെ കുടുംബത്തിന്റെ താങ്ങാവാൻ കഴിഞ്ഞതിനെക്കുറിച്ചാണ്. സഹോദരങ്ങളെയെല്ലാം നല്ല നിലയിലെത്തിക്കാൻ കഴിഞ്ഞതിനെക്കുറിച്ച് ഷീല മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചു. ഒരുപാട് ലോകം കണ്ടു. എനിക്കൊരു മോനുണ്ട്. മോനെ വളർത്തി. എന്നാൽ ഇതൊന്നും അല്ല എന്റെ ഏറ്റവും വലിയ സന്തോഷം. നാല് സഹോദരിമാരും രണ്ട് സഹോദരൻമാരും എനിക്കുണ്ട്. അവരെയെല്ലാം പഠിപ്പിച്ചു. സഹോദരിമാരെയെല്ലാം നല്ല നിലയിൽ കെട്ടിച്ച് കൊടുത്തു. സഹോദരങ്ങളെയും പഠിപ്പിച്ച് എന്നേക്കാൾ നല്ല നിലയിൽ എത്തിച്ചു. അവസാനം വരെയും അമ്മ എന്റെ കൂടെയായിരുന്നു. ഒരു ദിവസം പോലും സഹോദരിമാരുടെ കൂടെ പോയി താമസിച്ചിട്ടില്ല.
എന്റെ കൂടെയായിരുന്നു. ഇത്രയും ചെയ്യാൻ സാധിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാൻ കാണുന്നത്. കുടുംബത്തിനെ നോക്കുന്നത് ദൈവം കൊടുത്ത വരമായി കണ്ട് ചെയ്യണം. ദൈവം നല്ല നിലയിൽ എത്തിച്ചാൽ കുടുംബത്തെയും നമ്മൾ നോക്കണമെന്നും ഷീല അന്ന് ചൂണ്ടിക്കാട്ടി.

പുതിയ കാലത്തെ നടിമാർ നന്നായി ഭക്ഷണം കഴിക്കാതെ ഡയറ്റ് ചെയ്യുന്നതിനെക്കുറിച്ചും ഷീല അന്ന് സംസാരിച്ചു. ഇപ്പോഴത്തെ നടിമാരെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടമാണ്. ഞങ്ങളുടെ കാലത്ത് നടിമാരൊക്കെ നല്ല തടിയുള്ളവരാണ്. ഞാൻ വന്നപ്പോൾ മെലിഞ്ഞിട്ടായിരുന്നു. നന്നായി കഴിക്കും. നെയ്യൊഴിച്ച് കഞ്ഞിയും മുട്ടയുമെല്ലാം കഴിക്കും. പക്ഷെ ഇപ്പോഴത്തെ നടിമാർക്ക് എന്ത് കഷ്ടമാണ്. കാലത്ത് ഒരു കഷ്ണം ബ്രഡ്. ഉച്ചയ്ക്ക് എണ്ണയൊഴിവാക്കിയ ഒരു കഷ്ടം ചിക്കൻ. ഇത്രയും സമ്പാദിച്ചിട്ട് കഴിക്കാൻ പറ്റുന്നില്ലെന്നും അന്ന് ഷീല ചൂണ്ടിക്കാട്ടി.
ഇനിയൊരു ജന്മം വേണമെന്ന് ആഗ്രഹിക്കുന്നില്ല. നല്ല ജീവിതമാണ് ജീവിച്ചത്. എല്ലാ സന്തോഷങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഷീല വ്യക്തമാക്കി. ദൈവം എനിക്ക് ഒരുപാട് തന്നതെല്ലാം നല്ലതാണ്. ചെറുപ്രായത്തിലുള്ള വളരെ കുറച്ച് കഷ്ടപ്പാടുകളേ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളൂയെ്നും ഷീല പറഞ്ഞു. മരണത്തെ ഭയക്കുന്നില്ല. രണ്ട് കൈയും നീട്ടി മരണത്തെ സ്വീകരിക്കാൻ തയ്യാറാണെന്നും ഷീല അന്ന് പറഞ്ഞു.
അടുത്തിടെ നൽകിയ അഭിമുഖത്തിലും മരണത്തെക്കുറിച്ച് ഷീല സംസാരിക്കുകയുണ്ടായി. താൻ മരിച്ചാൽ മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കണമെന്നുമാണ് ആഗ്രഹമെന്ന് ഷീല തുറന്ന് പറഞ്ഞു. ചെന്നെെയിൽ താമസിക്കുന്ന ഷീല വല്ലപ്പോഴുമേ കേരളത്തിൽ എത്താറുള്ളൂ. ചെന്നെെയിൽ സ്ഥിര താമസമായതിനെക്കുറിച്ചും ഷീല സംസാരിച്ചിട്ടുണ്ട്.
സിനിമയിലേക്ക് വന്നപ്പോൾ മുതൽ ചെന്നെെയിലാണ്. പിന്നീട് ബന്ധങ്ങളെല്ലാം ഇവിടെയായി. അതിനാലാണ് ചെന്നെെയിൽ താമസിക്കുന്നതെന്ന് ഷീല വ്യക്തമാക്കി. അഭിനയ രംഗത്തും ഷീലയിപ്പോൾ സജീവമല്ല. അതേസമയം ഏറെക്കാലത്തിന് ശേഷം അടുത്തിടെ അനുരാഗം എന്ന സിനിമയിൽ നടി അഭിനയിച്ചു. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.


Click it and Unblock the Notifications